അധികാരം - ദൈവം - TopicsExpress



          

അധികാരം - ദൈവം ആഗ്രഹിക്കുന്ന നന്മ !!! ************************************************************* അവർ പിന്നീട് കഫർണാമിൽ എത്തി. അവൻ വീട്ടിൽ ആയിരിക്കുമ്പോൾ അവരോടു ചോദിച്ചു: വഴിയിൽവച്ച് എന്തിനെക്കുറിച്ചാണ് നിങ്ങൾ തമ്മിൽ തർക്കിച്ചിരുന്നത്? അവർ നിശ്ശബ്ദരായിരുന്നതേയുള്ളൂ. കാരണം, തങ്ങളിൽ ആരാണ് വലിയവൻ എന്നതിനേക്കുറിച്ചാണ് വഴിയിൽവച്ച് അവർ തർക്കിച്ചത്. അവൻ ഇരുന്നിട്ട് പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമകനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനും ആകണം. അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളിൽ വഹിച്ചുകൊണ്ടു പറഞ്ഞു: ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്. (മർക്കോസ് 9:33-37) പ്രിയ സഹോദരങ്ങളെ, ഇന്നത്തെ വചനഭാഗത്തിലൂടെ അധികാരത്തിനു ക്രിസ്തീയമായ നിർവചനം നൽകുകയാണ് യേശുനാഥൻ. അധികാരമെന്നതുകൊണ്ട് ലോകം വ്യാഖ്യാനിക്കുന്നത് മറ്റുള്ളവരെ ഭരിക്കുക അല്ലെങ്കിൽ അവരുടെമേൽ ആധിപത്യം പുലർത്തുക എന്നൊക്കെയാണ്. എന്നാൽ യേശുവിലൂടെ ലഭ്യമാകുന്ന അധികാരം മറ്റുള്ളവർക്ക് ആവശ്യമായ സഹായം ചെയ്യുന്നതിനുള്ളതാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞപ്പോൾ യേശുവിന്റെ ഈ പ്രബോധനം ശിഷ്യന്മാർ ഇപ്രകാരം ഹൃദയത്തിൽ ഗ്രഹിച്ചു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് വർഷങ്ങൾക്കുശേഷം. പത്രോസ്ശ്ലീഹാ തന്റെ ലേഖനത്തിലൂടെ സഭയിലെ ശ്രേഷ്ഠന്മാർക്കു നൽകുന്ന ഉപദേശം, നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ. അതു നിർബന്ധംമൂലം ആയിരിക്കരുത്, ദൈവത്തെപ്രതി സന്മനസ്സോടെ ആയിരിക്കണം; ലാഭേശ്ച്ചയോടെ ആയിരിക്കരുത്, തീഷ്ണതയോടെ ആയിരിക്കണം; അജഗണത്തിന്റെമേൽ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നല്കിക്കൊണ്ടായിരിക്കണം (1 പത്രോസ് 5:2,3). അധികാരം ദൈവം അംഗീകരിക്കുന്ന ഒരു നന്മയാണ്. പക്ഷെ ആ നന്മ ഒരു അനുഗ്രഹമായി മാറണമെങ്കിൽ, അധികാരമുപയോഗിക്കുന്ന വ്യക്തി കല്പനകളും മൂല്യങ്ങളും അനുസരിച്ച് മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യുന്നവനാകണം. അനുസരണം അധികാരത്തിൽനിന്നും വേറിട്ടു നിൽക്കുന്ന ഒന്നല്ല. അധികാരത്തിനു കീഴ്പ്പെട്ടവർ അധിക്കാരിയെ അനുസരിക്കുന്നതുപോലെ തന്നെ, അധികാരിയും തന്റെ അധികാര പരിധിക്കുള്ളിൽ വരുന്നവരുടെ ആവശ്യങ്ങളും അവസ്ഥകളും മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. ജീവിതത്തിൽ ഉയർന്ന സ്ഥാനങ്ങളും അധികാരവും ഒക്കെ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എതെങ്കിലുമൊക്കെ തലങ്ങളിൽ ഒന്നാമനാകണം എന്നാഗ്രഹമില്ലാത്ത ആരും തന്നെ ഉണ്ടാവില്ല. എന്നാൽ, മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യാനുള്ള താല്പര്യമാണോ അതോ മറ്റുള്ളവരെ ഭരിക്കുകവഴി സ്വസന്തോഷമാണോ നമ്മുടെ അധികാരം വേണമെന്ന ആഗ്രഹത്തിനു പിന്നിലെ പ്രേരകശക്തി? ഈശോയെ മാതൃകയായി സ്വീകരിച്ച്, ദൈവം നമുക്ക് നൽകിയിരിക്കുന്ന പ്രത്യേക കഴിവുകളും സ്ഥാനമാനങ്ങളും മറ്റുള്ളവരുടെ നന്മയ്കായി ഉപയോഗിക്കുവാനുള്ള ഹൃദയലാളിത്യത്തിനായി നമുക്കും പ്രാർത്ഥിക്കാം. പ്രാർഥന: കർത്താവായ യേശുവേ, ലോകത്തിനനുരൂപരായി ചിന്തിച്ച് സ്വാർത്ഥതാൽപര്യങ്ങളെ പ്രീണിപ്പിക്കാൻ ഞങ്ങളുടെ പ്രത്യേകമായ കഴിവുകളും അധികാരങ്ങളും ഉപയോഗിച്ച അവസരങ്ങളെ ഓർത്ത് ഞങ്ങൾ മാപ്പപേക്ഷിക്കുന്നു. അവിടുത്തെ പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളുടെ എല്ലാ പ്രവർത്തനമേഖലകളെയും വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ അധികാരങ്ങളും കഴിവുകളും ഉപയോഗിച്ച് അങ്ങയുടെ സ്നേഹം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ഞങ്ങളെ അനുഗ്രഹിച്ചു നയിക്കേണമേ. ആമ്മേൻ. ഒരുമിച്ചു പാടാം,,, അബാ പിതാവേ, ദൈവമേ,,,, അവിടുത്തെ രാജ്യം വരേണമേ.... സ്നേഹത്തോടെ, ജോയിക്കുട്ടി 15-01-2015
Posted on: Thu, 15 Jan 2015 20:56:43 +0000

Recently Viewed Topics




© 2015