ഓര്‍മ്മകള്‍ ഓടി ഓടി - TopicsExpress



          

ഓര്‍മ്മകള്‍ ഓടി ഓടി പിന്നോട്ട് പോകുമ്പോള്‍.....ഈ ജീവിത വഴിയില്‍ വെച്ച് എനിക്ക് സ്നേഹസമ്മാനങ്ങള്‍ നല്‍കിയ .....കുറെ അമ്മച്ചിമാരുടെ മുഖചിത്രങ്ങള്‍ മനസ്സിനുള്ളിലെ ഒരു മൂലയില്‍ മാറാല കെട്ടിക്കിടക്കുന്നു.... എന്‍റെ ബാല്യ കാലത്ത് .... നെന്മിനി മലയുടെ താഴ്ഭാഗത്തു ഒരു കൊച്ചുകുടിലില്‍ വയസ്സായ ഒരു ചീരുവമ്മായി താമസിച്ചിരുന്നു .... പിച്ച വെച്ച് നടക്കുന്ന കാലത്ത് ഞാനൊരിക്കല്‍ എന്‍റെ ആയിച്ചുവിന്റെ കയ്യില്‍ തൂങ്ങി ചീരു അമ്മായിയുടെ കൂരയില്‍ ചെന്നപ്പോള്‍.... പടച്ചമ്പിരാനേ....ന്‍റെ കുട്ട്യാണല്ലോ ന്നെ കാണാന്‍ വന്ന്ക്ക്ണതു....ചീരുമ്മായിന്റെ കുട്ടിക്ക് എന്താപ്പൊ കൊടുക്ക്വാ.... ആ കുടിലിനകത്തെ കൊച്ചുമുറിയിലെവിടെനിന്നോ തപ്പിയെടുത്ത ഒരു കടലാസ് കൂട്ടില്‍ നിന്നും ഇത്തിരി പഞ്ചാര നുള്ളിയെടുത്ത് എന്‍റെ കുഞ്ഞിക്കൈയ്യില്‍ ഇട്ടു തന്നു.....അന്ന് ഞാന്‍ നുണഞ്ഞത് വെറുമൊരു പഞ്ചാരയായിരുന്നില്ല....വയസ്സായ ആ അമ്മച്ചിയുടെ വാത്സല്യത്തിന്‍റെ മധുരമായിരുന്നു..... അയല്‍വാസത്തിന്റെ സ്നേഹ ബന്ധങ്ങള്‍ക്കിടയില്‍ ഇന്നും മതില്‍ കെട്ടിത്തിരിക്കാതെ തൊട്ടപ്പുറത്തു താമസിക്കുന്ന വെലായുധേട്ടന്റെ വീട്ടില്‍ ഓണമുണ്ണാന്‍ ചെല്ലുമ്പോള്‍.... സദ്യയൊക്കെ കഴിച്ചു കഴിഞ്ഞു വയറും നിറഞ്ഞു...വാഴയില മടക്കാന്‍ തുടങ്ങുമ്പോള്‍.. അതിനു സമ്മതിക്കാതെ....വെലായുധേട്ടന്റെ അമ്മ...വള്ളിയമ്മ....ങ്ങള് ഈ പായസോം കൂടി കുടിച്ചിട്ട് ണീറ്റാ മതി മാപ്ലക്കുട്ട്യേ... ചൂടുള്ള പായസം ഒരു പാത്രത്തില്‍ എടുത്ത് ചിരട്ടക്കൈലുകൊണ്ട് ചൂടാറ്റി ആ ഇലയിലേക്ക് ഒഴിച്ച് തന്നു....വള്ളിയമ്മ വിളമ്പിത്തന്നത് വെറുമൊരു ഓണപ്പയാസം അല്ലായിരുന്നു.... വള്ളിയമ്മയുടെ മനസ്സിലെ വാത്സല്യത്തിന്റെ പാല്‍പായസമായിരുന്നു അത്. പാത്തിക്കലെ പാടത്ത് കാലങ്ങളോളം കൃഷിപ്പണിക്ക് വന്നിരുന്ന ചേട്ടിയമ്മച്ചിയും അപ്പച്ചനും.... ഹൈസ്കൂള്‍ പഠനകാലത്ത്‌ ഉച്ചക്ക് ചോറിനു വിട്ട നേരത്ത് ഒരു തവണ പി.ടി.മുജീബിന്റെ പലചരക്കുകടയില്‍ നിന്നും പലചരക്ക് സാധനങ്ങളോ മറ്റോ വാങ്ങി വീട്ടിലെക്കുപോകുന്ന അപ്പച്ചന്‍ എന്നെയും കൂടെക്കൂട്ടി...വെട്ടത്തൂരിലെ പൂങ്കാവനം ഡാമിന്റെ മുകളിലൂടെ നടന്നു ..അതിനപ്പുറത്തെ കശുമാവിന്‍തോട്ടവും കടന്നു അവരുടെ ആ ചെറിയ വീട്ടിലേക്കു കയറിചെല്ലുമ്പോള്‍ ....വെറ്റിലക്കറ പുരണ്ട പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ട്‌ നില്‍ക്കുന്ന ചേട്ടിയമ്മച്ചി പറഞ്ഞു... യെന്റെ കര്‍ത്താവേ....യിതാരുവാ ഈ വന്നേക്കുന്നേ....ചേട്ടിയമ്മച്ചീടെ ....മണിക്കൊച്ചാണല്ലോ... വീട്ടു വിശേഷങ്ങളും സ്കൂള്‍ വിശേഷങ്ങളും ചോദിച്ചറിഞ്ഞു.... യെന്റെ കൊച്ചിന് കൊടുക്കാനായിട്ടിപ്പം ഇവിടെയെന്തുണ്ടെന്‍റെ ഈശോയെ.... അടുക്കളയിലേക്കു പോയ ചേട്ടിയമ്മച്ചി ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ ആവി പറക്കുന്ന കട്ടന്‍കാപ്പിയും,പിന്നെ കാ‍ന്താരിമുളകും,ചെറിയ ഉള്ളിയും കൂട്ടിയരച്ച ചമ്മന്തി ഇത്തിരി പച്ചവെളിച്ചെണ്ണയില്‍ ചാലിച്ചതും ,കപ്പ പുഴുങ്ങിയതും കൊണ്ട് വന്നു മുന്നില്‍ വെച്ചിട്ട് പറഞ്ഞു ...ന്‍റെ കൊച്ച് കൈ കയുവിയേച്ചും വന്നു ഈ കാപ്പിയങ്ങോട്ടു കുടിച്ചേ.....എന്റെ ചേട്ടിയമ്മച്ചി എനിക്ക് നല്‍കിയ വാത്സല്യം മരണം വരെ മറക്കാന്‍ കഴിയാത്തതാണ്.....ഈ അമ്മച്ചിമാരുടെയെല്ലാം മുഖചിത്രങ്ങള്‍ എല്ലാം മനസ്സിന്റെ മൂലയില്‍ നിന്നും എടുത്ത് ഒന്ന് മാറാല തട്ടി വെക്കാന്‍ തോന്നിച്ചത് മറ്റൊരു അമ്മച്ചിയാണ്.... ഈ അടുത്തിടെ ഫേസ്ബൂക്കിലൂടെ പരിചയപ്പെട്ട ആ അമ്മച്ചിയെക്കുറിച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ എഴുതിയിരുന്നു... ലിസി അമ്മച്ചി.... നാട്ടിലേക്ക് പോകാനുള്ള അമ്മച്ചിയുടെ ലീവ് അടുത്തിരിക്കുന്നു.... പോകുന്നതിനു മുമ്പ് എന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു...ഞാന്‍ കൂട്ടുകാരായ മുനീറിനെയും,താഹിറിനെയും കൂട്ടി അമ്മച്ചി ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ ചെന്നു... കുറെ നാളുകള്‍ക്കു ശേഷം സ്വന്തം മകനെ കണ്ടതുപോലെയുള്ള സന്തോഷക്കണ്ണീര്‍ ആ കണ്ണുകളില്‍ നിന്നും വാര്‍ന്നൊഴുകി....യെന്‍റെ പൊന്നുമോനേ....ഹൊന്ന് കാണാനായല്ലോ... അമ്മച്ചിക്ക് സന്തോഷവായി.... ഞാനെന്‍റെ തമ്പുരാനെ സ്തുതിക്കുന്നു.... പിന്നെ എന്റെ കുടുംബത്തെകുറിച്ചുള്ള കുശലാന്വേഷണം.....അതിനു ശേഷം അമ്മച്ചിയുടെ കുടുംബത്തിന്‍റെ വിശേഷം ...പിന്നെ കൂടപ്പിറപ്പുകളുടെ വിശേഷം...അപ്പോഴെല്ലാം കരയുകയായിരുന്നു പാവം അമ്മച്ചി....നീണ്ട ഇരുപത്തഞ്ചു വര്‍ഷത്തെ ഏകാന്ത ജീവിതമല്ലേ......ഇത് പോലെ മനസ്സ് തുറന്നൊന്നു സംസാരിക്കാന്‍ ആരെയെങ്കിലും കിട്ടുന്നത് വല്ലപ്പോഴുമല്ലേ....അത് കൊണ്ടായിരിക്കും പാവം ... ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുന്നതിന്റെ കുറച്ചപ്പുറത്ത്‌ ആ ഹോസ്പിറ്റലില്‍ തന്നെ ജോലിചെയ്യുന്ന ഒരു ബങ്കാളി നില്‍ക്കുന്നു, അവനെ വിളിച്ചിട്ട് അമ്മച്ചി പറഞ്ഞു....ബയ്യാ...ഉദര്‍ ദോ തീന്‍ കീസ് ഹേ....ഓ...കീസ് ഏ ആത്മീക്കാ ഗാഡീമേ രക്കോ...(ബയ്യാ...അവിടെ രണ്ടു മൂന്നു കീസ ഇരിപ്പുണ്ട് ...ആ കീസ ഈ ആളുടെ വണ്ടിയില്‍ വെക്കൂ...) ഓക്കെ മാദം...എന്നും പറഞ്ഞ് ആ ബങ്കാളി അത് ഞങ്ങളുടെ വണ്ടിയില്‍ കൊണ്ടുപോയി വെച്ചു...കുറച്ചു നേരംകൂടി അമ്മച്ചിയോട്‌ സംസാരിച്ചു നിന്നശേഷം ഞങ്ങള്‍ തിരിച്ചു പോന്നു....തിരിച്ചെത്തിയ ശേഷം അമ്മച്ചി തന്ന കീസകള്‍ പൊട്ടിച്ച് അടുക്കളയിലെ തീന്‍മേശയില്‍ ഓരോന്നായി നിരത്തി വെച്ചു....കൂട്ടുകാരെയെല്ലാം വിളിച്ച് കാണിച്ചു കൊടുത്തു ... ഇതാണ് അമ്മച്ചി ഞങ്ങള്‍ക്ക് തന്ന സ്നേഹ സമ്മാനം....വെറുതെ കിട്ടുന്ന മൊട്ടുസൂചി പോലും വിലയിട്ട് മറ്റൊരാള്‍ക്ക് ചാമ്പുന്നവര്‍ വിരാചിക്കുന്ന ഈ പ്രവാസ ലോകത്ത് ....അമ്മച്ചി ഞങ്ങള്‍ക്ക് തന്ന ഈ സ്നേഹസമ്മാനം.......വിശ്വസിക്കാന്‍ കഴിയുന്നില്ല...പത്തു പന്ത്രണ്ടു കൊല്ലത്തെ എന്റെ പ്രവാസ ജീവിതത്തിനിടക്ക് എനിക്ക് ഇത് ആദ്യത്തെ സംഭവം ആണ്.... ഞാന്‍ പറയുന്നു ....ഈ അമ്മച്ചിയുടെ ഇത്രയും കാലത്തെ പ്രവാസ ജീവിതം കൊണ്ട് അവരുടെ കുടുംബത്തിനും കൂടപ്പിറപ്പുകള്‍ക്കും ഒരുപക്ഷെ അമ്മച്ചിയുടെ ഗള്‍ഫു പണം കൊണ്ടുള്ള ഒരുപാട് നേട്ടങ്ങള്‍ കിട്ടിയിട്ടുണ്ടാവാം .... പക്ഷെ അതൊന്നുമല്ല ഞാന്‍ അമ്മച്ചിയില്‍ കണ്ട സമ്പാദ്യം....അവരിലെ ഏറ്റവും വലിയ സമ്പത്തു സ്നേഹമാണ് വാത്സല്യമാണ്,കാരുണ്യമാണ്,...ഇതെല്ലാം അമ്മച്ചിയില്‍ നിന്നും അനുഭവിക്കാനുള്ള യോഗം അവരുടെ കുടുംബത്തിനും കൂടപ്പിറപ്പുകള്‍ക്കും നാട്ടുകാര്‍ക്കും ഇല്ലാതെപോയി... എന്റെ ജീവിത വഴിയില്‍ എനിക്ക് സ്നേഹ സമ്മാനങ്ങള്‍ തന്ന കുറെ അമ്മച്ചിമാര്‍ക്കിടയിലേക്ക് ഇതാ ഈ പ്രവാസ ലോകത്ത് നിന്നും ഒരമ്മച്ചികൂടി.....മരുഭൂമിയില്‍ ഇരുന്ന് ജീവിതം ഉരുകിത്തീരുമ്പോഴും....തമ്പുരാന്‍ എനിക്ക് തന്ന എന്റെ ജീവിതം പാഴായില്ലല്ലോ എന്ന് സന്തോഷത്തോടെ നെഞ്ചത്ത് കൈവെച്ചു കൊണ്ട് പറയുന്ന ഒരു നല്ല അമ്മച്ചി.... പിന്നേയ്...അമ്മച്ചി തന്ന ചിക്കന്‍ എല്ലാം ഞാന്‍ കൂട്ടുകാര്‍ക്ക് പൊരിച്ചു കൊടുത്തു....അമ്മച്ചിക്ക് വേണ്ടി പ്രാര്തിക്കാന്‍ പറഞ്ഞു ....ഇനി നിങ്ങളോടും പറയുന്നു....ഈ പോസ്റ്റ്‌ വായിച്ചു ഇഷ്ടപെട്ടാലും ഇല്ലെങ്കിലും നിങ്ങളെല്ലാം ലിസി അമ്മച്ചിക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്തിക്കണം...
Posted on: Mon, 15 Dec 2014 22:51:14 +0000

Trending Topics



Recently Viewed Topics




© 2015