കെ ടി ജയകൃഷ്ണന്‍ - TopicsExpress



          

കെ ടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ടത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് പത്രപ്രവര്‍ത്തകന്‍റെ കുപ്പായമിട്ട് ഞാന്‍ കണ്ണൂരില്‍ എത്തുന്നത്. വാര്‍ഷികാചരണം സമുചിതമായി നടന്നു. ഏതാണ്ട് ഒന്നരമാസക്കാലം വെട്ടിയും കുത്തിയും ഉള്ള കൊലപാതകങ്ങളുടെ കാലമായിരുന്നു. വീടുകള്‍ക്ക് തീവെക്കലും ബോംബെറിയലും ഒക്കെ നിര്‍ബാധം നടന്നു. അന്ന് വാര്‍ത്തകള്‍ എഴുതുമ്പോള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന കുറെ പദപ്രയോഗങ്ങള്‍ ഉണ്ടായിരുന്നു. `Hacked to death, `hit squad, `murder politics, `lumpen elements `marauders, `assailants `brutal murder, തുടങ്ങിയ സ്ഥിരം ടെര്‍മിനോളജികള്‍ ഉണ്ടായിരുന്നു. പക്ഷപാതിത്വം ഒഴിവാക്കാന്‍ unidentified assailants എന്ന് ചേര്‍ക്കും. (അവിടം വിട്ടതിന് ശേഷം ആ വാക്കുകള്‍ അധികം ഉപയോഗിക്കേണ്ടി വന്നിട്ടില്ല). അതിന് താഴെ കൊന്നവന്റെയും കൊല്ലിച്ചവന്റെയും പാര്‍ടികളുടെ വിശദീകരണം ചേര്‍ക്കും. നേരില്‍ കണ്ടതും പോലീസ് പറഞ്ഞതും കൊടുക്കും. രാത്രിയില്‍ ഉറക്കം വരില്ല. ആരെങ്കിലും കൊല്ലപെട്ടത്‌ മിസ്സ്‌ അയാല്‍ പ്രശ്നമാകും. (മനുഷ്യര്‍ പരസ്പരം വെട്ടി മരിക്കുന്നതിനെക്കാള്‍ ഭീകരമാണ് പത്രങ്ങള്‍ വാര്‍ത്തകള്‍ മിസ്സ്‌ ചെയ്യുന്നത്). ജയകൃഷ്ണനെ ക്ലാസ്സ്‌ മുറിയില്‍ കയറി പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നില്‍ വെട്ടി കൊലപെടുത്തിയത് പൊറുക്കാനാകാത്ത അപരാധം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാക്ഷി പറഞ്ഞാല്‍ ഇനിയും ജയകൃഷ്ണന്‍ എന്ന് ക്ലാസ്സ്‌ മുറിയിലെ കറുത്ത ബോര്‍ഡില്‍ എഴുതിയിട്ടവര്‍ നാടിനെ ഏതു വിമോചന പറുദീസയില്‍ ആണ് കൊണ്ട് പോവുക എന്നും അറിയില്ല. സമാനമായ നിരവധി കൊടും ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് ജയകൃഷ്ണന്‍ എന്ന് പിന്നീട് മനസ്സിലാക്കാനായി. എന്നാലും പല്ലിന് പകരം പല്ലും കണ്ണിന് പകരം കണ്ണുമെന്ന കാട്ടുനീതി ഇന്നും അവിടെ നിലനില്കുന്നു എന്നത് ഭീകരമാണ്. കൊല്ലപെട്ട ഒരാളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ രാവിലെ അയാളുടെ അമ്മ അയാള്‍ക്ക് വിളംബിവച്ച കപ്പ പുഴുക്കും കട്ടന്‍ ചായയും തണുത്ത് വിറങ്ങലിച്ച് മേശപ്പുറത്ത് ഇരിക്കുന്നു. ഏറ്റവും ക്രൂരവും അരോചകവും ആയി തോന്നിയിരുന്നത് അവിടുത്തെ ഓള്‍ പാര്‍ട്ടി സമാധാന സമ്മേളനങ്ങള്‍ ആണ്. അടിയും തിരിച്ചടിയും കഴിഞ്ഞു കഴിയുമ്പോള്‍ കളക്ടറോ മന്ത്രിയോ യോഗം വിളിക്കും. കൊന്നവരും കൊല്ലിച്ചവരും പരസ്പരം പുലഭ്യം പറയും. ആരോപണങ്ങള്‍ നിരത്തും. ഒടുവില്‍ നാടകീയമായി പരസ്പരം കെട്ടിപിടിക്കും. ആയുധം താഴെ ഇടാനും സമാധാനത്തിനും ആഹ്വാനം ചെയ്യും. സ്വിച്ചിട്ട പോലെ അക്രമം നിലക്കും. (തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും നമ്മള്‍ ഒന്നെന്നു ചൊല്ലും ചിരിക്കും ) തങ്ങളറിയാതെ ആണ് അക്രമം നടക്കുന്നത് എന്ന് പറയുന്ന നേതാക്കള്‍ക്ക് പക്ഷെ അക്രമം നിര്‍ത്താന്‍ അറിയാം. വാഴ്വേ മായം. സി പി എമ്മും സംഘപരിവാറും മാത്രമേ പൊതുവില്‍ വാര്‍ത്തകളില്‍ വരാറുള്ളൂ എങ്കിലും കോണ്‍ഗ്രസ്‌, ലീഗ് നേതൃത്വത്തില്‍ ഉള്ള നിരവധി കൊലപാതകങ്ങളും കൊള്ളയടികളും അവിടെ നടക്കാറുണ്ട്. പക്ഷെ സമാധാന യോഗത്തില്‍ സുധാകരന്മാര്‍ സമാധാനത്തിന്‍റെ വെള്ളരി പ്രാവുകള്‍ ആകും. കൃത്യമായ പക്ഷപാതിത്വം ഉള്ള ചില മാധ്യമ-അക്കാദമിക് സുഹൃത്തുക്കള്‍ കൊലപാതക രാഷ്ട്രീയത്തിന് ഗോത്ര പാരമ്പര്യങ്ങളില്‍ പോലും കാരണം നോക്കി പോകാറുണ്ട്. അതൊന്നും വേണ്ട. നേതാക്കള്‍ അറസ്റ്റ് ചെയ്യപെടാനും കേസ് നടത്തല്‍ ചെലവേറിയത് ആകാനും തുടങ്ങിയപ്പോള്‍ കൊലപാതകങ്ങള്‍ എന്ത് കൊണ്ട് കുറഞ്ഞു എന്നതില്‍ മാത്രം ഗവേഷണം നടത്തിയാല്‍ മതി.
Posted on: Wed, 03 Sep 2014 05:42:35 +0000

Trending Topics



Recently Viewed Topics




© 2015