കേരളാ യൂണിവേഴ്സിറ്റി - TopicsExpress



          

കേരളാ യൂണിവേഴ്സിറ്റി ഡിഗ്രിയ്ക്ക് സെമസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് തൊട്ടുമുന്നേയുള്ള ബാച്ചില്‍ BSc Physics-ന് ഒരു പേപ്പറില്‍ Astrophysics ഉണ്ടായിരുന്നു. ഞാനന്ന് ഡിഗ്രി കുട്ടികളെ പഠിപ്പിക്കുന്ന സമയം. ആസ്ട്രോ എനിക്ക് താത്പര്യക്കൂടുതലുള്ള വിഷയമായതിനാല്‍ സന്തോഷത്തോടെയാണ് അതുള്‍പ്പെട്ട പേപ്പര്‍ പഠിപ്പിക്കാന്‍ എടുത്തത്. പഠിപ്പിക്കാന്‍ തുടങ്ങുന്നതിന് രണ്ടാഴ്ച മുന്നേ സിലബസ് എടുത്ത് നോക്കിയപ്പോള്‍ മൊത്തത്തില്‍ ഒരു പന്തികേട്. ടോപ്പിക്കുകള്‍ക്കൊന്നും ഒരു തുടര്‍ച്ച കിട്ടുന്നില്ല. ഒടുവില്‍ ഇത്തിരി കഷ്ടപ്പെട്ടിട്ടായാലും, സിലബസില്‍ പറഞ്ഞിട്ടുള്ള ആദ്യ പുസ്തകമായ Astrophysics by K. D. Abhyankar ഒപ്പിച്ചു. പുസ്തകവും സിലബസും കൂടി ഒപ്പം പിടിച്ച് നോക്കിയപ്പോഴാണ്... ചിരിക്കണോ കരയണോ എന്ന അവസ്ഥ! സിലബസ് ഘടന അനുസരിച്ച് ഒരു BSc പേപ്പറിന്റെ മൂന്നിലൊന്നില്‍ താഴെ മാത്രമാണ് Astrophysics, അതും Solid State Physics, Quantum Mechanics എന്നിങ്ങനെ രണ്ട് സുപ്രധാനവിഷയങ്ങളുടെ കൂടെ ഒരു വാല് പോലെ മാത്രം. അഭ്യങ്കറിന്റെ പുസ്തകം എഴുതിയിരിക്കുന്നത് Honours And Post-Graduate Students Of Physics നുളള ഒരു ഫുള്‍ പേപ്പര്‍ എന്ന നിലയിലും. പുസ്തകത്തില്‍ ആകെയുള്ള 20 അദ്ധ്യായങ്ങളില്‍ 17 എണ്ണവും ടി സിലബസില്‍ ഉണ്ട്! ആദ്യത്തെ ആശ്ചര്യം ഇതെല്ലാം കൂടി എങ്ങനെ പഠിപ്പിക്കും/പഠിച്ചുതീര്‍ക്കും എന്നതായിരുന്നു. പക്ഷേ അല്പം കൂടി ശ്രദ്ധിച്ചപ്പോഴാണ് ഞാന്‍ യൂണിവേഴ്സിറ്റിയെ തെറ്റിദ്ധരിച്ചതാണെന്നും പഠിപ്പിച്ചാല്‍ തീരാത്ത അത്ര വലിപ്പമൊന്നും പാഠഭാഗങ്ങള്‍ക്കില്ല എന്നും മനസിലായത്. വിദഗ്ദ്ധരായ സിലബസ് നിര്‍മ്മാതാക്കള്‍ പാഠഭാഗങ്ങളെ ചുരുക്കിയിട്ടുണ്ട്. ചുരുക്കാന്‍ ഉപയോഗിച്ച മാനദണ്ഡമോ? വളരെ ലളിതം- ഓരോ അദ്ധ്യായത്തിന്റേയും ആദ്യത്തെ മൂന്ന് Subheadings -ല്‍ വരുന്ന ഭാഗങ്ങള്‍ മാത്രമെടുക്കുക! (നിങ്ങള്‍ ഭൗതികശാസ്ത്രം പോലെ ഒരു വിഷയം പഠിച്ചിട്ടുള്ള ആളാണെങ്കില്‍ ഇതിനകം തമാശ മനസിലായിക്കാണും.) ഒന്നുകൂടി സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഒരു കാര്യം കൂടി ബോധ്യമായി- അഭ്യങ്കറിന്റെ പുസ്തകത്തിലെ Contents പേജിലെ തലവാചകങ്ങള്‍ അതേപടി ടൈപ്പ് ചെയ്ത്, ആദ്യത്തെ മൂന്നെണ്ണം ഒഴികെയുള്ള ഉപശീര്‍ഷകങ്ങള്‍ ഓരോ അദ്ധ്യായത്തില്‍ നിന്നും ഡിലീറ്റ് ചെയ്താല്‍ എന്ത് കിട്ടുമോ അതാണ് സിലബസ് എന്നും പറഞ്ഞ് പിള്ളേരുടെ കൈയില്‍ പിടിപ്പിച്ചുകൊടുത്തിരിക്കുന്നത്. ചിലര്‍ക്കെങ്കിലും ഇതിലെ ഗുരുതരമായ വീഴ്ച മനസിലായിട്ടുണ്ടാവില്ല. ഇതങ്ങോട്ട് പഠിപ്പിക്കാന്‍/പഠിക്കാന്‍ ഇറങ്ങുമ്പഴാണ് ഊരാക്കുടുക്ക് പിടി കിട്ടുന്നത്. നാലാമത്തെ അദ്ധ്യായം തുടങ്ങുന്നത്, മൂന്നാം അദ്ധ്യായത്തിന്റെ അവസാനം പറഞ്ഞ് നിര്‍ത്തിയിടത്ത് നിന്നായിരിക്കും. മൂന്നാം അദ്ധ്യായത്തിന്റെ അവസാനം പോയിട്ട് കാല്‍ ഭാഗം പോലും സിലബസ് പ്രകാരം കുട്ടികള്‍ പഠിക്കേണ്ടതില്ല! ആറാം അദ്ധ്യായം തുടങ്ങുന്നത് മുന്‍ അദ്ധ്യായത്തില്‍ പറഞ്ഞ ഒരു ഗമണ്ടന്‍ സമവാക്യത്തില്‍ നിന്നായിരിക്കും (Astrophysics-ലെ സമവാക്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്കേ ഈ ഗമണ്ടന്‍ എന്ന പ്രയോഗത്തിന്റെ ശരിക്കുള്ള ആഴം പിടികിട്ടൂ!) ആ സമവാക്യം എങ്ങനെ വന്നു എന്ന് പറയണമെങ്കില്‍ അതുവരെയുള്ള മുഴുവന്‍ പാഠഭാഗങ്ങളും പഠിക്കേണ്ടിയും വരും,അതാകട്ടെ സിലബസിന്റെ ഏഴയലത്തുകൂടി പോലും പോയിട്ടുണ്ടാകില്ല! ഇങ്ങനെ പരസ്പരബന്ധമില്ലാത്ത 17 അദ്ധ്യായങ്ങള്‍! കുറ്റം പറയരുതല്ലോ 17 അദ്ധ്യായങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലാത്തതിനാല്‍, സിലബസില്‍ മൊത്തം മൂന്ന് തലക്കെട്ടുകള്‍ മാത്രം നിര്‍ത്തി ഭംഗി വരുത്തുന്നതിനായി ബാക്കി 14 അദ്ധ്യായങ്ങളുടേയും പേരുകള്‍ ഡിലീറ്റ് ചെയ്ത് കളഞ്ഞിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഇത് അഭ്യങ്കറിന്റെ പുസ്തകം അതേപടി കേറ്റിയിരിക്കുന്നതാന്ന് പിടികിട്ടില്ല എന്ന ഗുണവും ഈ ആഭിചാരക്രിയയുടെ ഫലങ്ങളില്‍ പെടും. ചുരുക്കിപ്പറഞ്ഞാല്‍ അഭ്യങ്കറിന്റെ പുസ്തകവും ഇംഗ്ളീഷ് വായിക്കാന്‍ അറിയാവുന്ന ഒരാളും (ഓഫീസ് ക്ളാര്‍ക്കിന്റെ അഞ്ചാം ക്ളാസില്‍ പഠിക്കുന്ന കുട്ടി ധാരാളം മതിയാകം) ഒരു കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ കേള്‍വികേട്ട കേരളാ സര്‍വകലാശാലയിലെ അവസാന വര്‍ഷ BSc Physics വിദ്യാര്‍ത്ഥികള്‍ക്കുള്ള സിലബസ് റെഡി! ഇതുകൊണ്ടുള്ള പ്രധാനഗുണം കുട്ടികള്‍ വിഷയത്തേയും പഠിപ്പിക്കുന്ന ആളേയും അതോടെ വെറുത്തോളും എന്നതാണ്. ആശ്ട്രോപിശിശ് പടിച്ചണം എന്നും പറഞ്ഞ് അക്കൂട്ടത്തില്‍ ഒരാളും ഇനി ഒരു സ്ഥാപനത്തിലും ചെന്ന് കേറൂല്ല. ഇനി ഇത് മൊത്തം കാണാതെ പഠിച്ച് വിഴുങ്ങി ആരെങ്കിലും റാങ്ക് വാങ്ങിയാല്‍ പോലും അവരെക്കൊണ്ട് വിഷയത്തിനോ സ്ഥാപനത്തിനോ ഭാവിയില്‍ യാതൊരു ശല്യവും ഉണ്ടാകാനും പോണില്ല. എല്ലാവരും സെയ്ഫ്. ഇനി ഇപ്പറഞ്ഞത് എന്തിനാന്ന് ചോദിച്ചാല്‍, നിങ്ങളറിയണം നിങ്ങളെയോ നിങ്ങളുടെ കുട്ടികളേയോ ബിരുദക്കാരും ബിരുദാനന്തരബിരുദക്കാരും ആക്കാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസം എന്ന മഹത്തായ പ്രക്രിയയില്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്ര നികൃഷ്ടമായ ഉത്തരവാദിത്തക്കേടാണ് കാണിക്കുന്നത് എന്ന്. മേല്‍പ്പറഞ്ഞ സിലബസ് തയ്യാറാക്കിയത് ഏത് കീണീക്കോണത്തെ വിദഗ്ദ്ധസമിതിയായാലും അതുപോലുള്ളവരെ കൂട്ടത്തോടെ ചവിട്ടി പുറത്താക്കാതെ നമ്മുടെ വിദ്യാഭ്യാസരംഗം ഗതിപിടിക്കുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.
Posted on: Tue, 29 Jul 2014 11:13:28 +0000

Trending Topics



Recently Viewed Topics




© 2015