വായിലൂടെ കേള്ക്കുന്ന - TopicsExpress



          

വായിലൂടെ കേള്ക്കുന്ന തവള ലോകത്തെ ഏറ്റവും ചെറിയ തവളകളിലൊന്നായ ഗാര്ഡിനേഴ്സ് തവളകള് ശബ്ദം കേള്ക്കുന്നത് വായ വഴിയാണത്രേ! ഒരു അന്താരാഷ്ട്ര ഗവേഷകസംഘം നടത്തിയ പഠനത്തിലാണ് ശബ്ദം കേള്ക്കാനുള്ള വിചിത്രസംവിധാനം തവളകളുടെ വായ്ക്കുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. സെഷില്ലിസ് ദ്വീപുകളില് കാണപ്പെടുന്ന ഈ ചെറുജീവികള്ക്ക് കര്ണപടം ഉള്പ്പട്ട പരമ്പരാഗത ശ്രവണസംവിധാനമില്ല. എന്നാല് , അവ ക്രോം ക്രോം ശബ്ദം പുറപ്പെടുവിക്കുകയും അതേ വര്ഗത്തില്പെട്ട മറ്റ് തവളകള് അത് കേള്ക്കുകയും ചെയ്യുന്നത് ശാസ്ത്രലോകത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ആ നിഗൂഢതയ്ക്കാണ് ഇപ്പോള് അറുതിയാകുന്നത്. ഫ്രഞ്ച് നാഷണല് സെന്റര് ഫോര് സയന്റിഫിക് റിസര്ച്ചിലെ ( CNRS ) റെനോഡ് ബോയ്സ്റ്റല് നേതൃത്വം നല്കിയ അന്താരാഷ്ട്രസംഘമാണ്, എക്സ്റേ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഗാര്ഡിനേഴ്സ് തവളകളെ പഠനവിധേയമാക്കിയതും, ശ്രവണ സംബന്ധമായ നിഗൂഢതയ്ക്ക് അറുതിവരുത്തിയതും. പ്രൊസീഡിങ്സ് ഓഫ് നാഷണല് അക്കാദമി ഓഫ് സയന്സസിന്റെ ( PNAS ) പുതിയ ലക്കത്തിലാണ് പഠനറിപ്പോര്ട്ടുള്ളത്. ആന്തരകര്ണത്തിലേക്ക് ശബ്ദവീചികള് വിനിമയം ചെയ്യാന് , ഈ തവളകള് വായ്ക്കുള്ളിലെ പ്രത്യേക രന്ധ്രവും കോശപാളിയും ഉപയോഗിക്കുന്നതായി ഗവേഷകര് കണ്ടു. മനുഷ്യരില് ശ്രവണസംവിധാനത്തിന് മൂന്ന് ഭാഗങ്ങളുണ്ട് - ബാഹ്യകര്ണം, മധ്യകര്ണം, ആന്തരകര്ണം. പുറത്തുകാണുന്ന ചെവിയാണ് ബാഹ്യകര്ണം. എന്നാല് , തവളകളില് ബാഹ്യകര്ണം ഇല്ല. നാലുകാലുള്ള മറ്റ് ജീവികളിലെപ്പോലെ കര്ണപടവും ശ്രവണാസ്ഥിയുമുള്പ്പെട്ട മധ്യകര്ണം ( middl തവളയുടെ തലയുടെ ആന്തരഭാഗത്തിന്റെ ദൃശ്യം. e ear ) മിക്ക തവളകള്ക്കുമുണ്ട്. തവളകളുടെ ശിരസ്സില് തൊലിക്കടിയിലാണ് മധ്യകര്ണം സ്ഥിതിചെയ്യുന്നത്. ശബ്ദവീചികള് കര്ണപടത്തെ കമ്പനം ചെയ്യിക്കുകയും, ശ്രവണാസ്ഥിയുടെ സഹായത്തോടെ ആ കമ്പനങ്ങള് ആന്തരകര്ണത്തിന് കൈമാറുകയും ചെയ്യുന്നു. ആന്തരകര്ണത്തിലെ കോശഭാഗങ്ങള് കമ്പനങ്ങളെ വൈദ്യുതസ്പന്ദനങ്ങളായി മാറ്റി തലച്ചോറിലേക്ക് അയയ്ക്കും. തലച്ചോര് ശബ്ദം തിരിച്ചറിയുന്നു. എന്നാല് , ഗാര്ഡിനേഴ്സ് തവളകളില് മധ്യകര്ണമില്ല. അതില്ലാതെ കേള്വി സാധ്യമാകുമോ? ഇതാണ് ഗവേഷകര് നേരിട്ട പ്രശ്നം. 99.9 ശതമാനം ശബ്ദവും ജീവിയുടെ ചര്മത്തില് തട്ടി പ്രതിഫലിച്ച് പോകുമെന്നതിനാല് എങ്ങനെ കേള്വി സാധ്യമാകും എന്നതായിരുന്നു ചോദ്യം. സെഷില്ലിസ് ദ്വീപുകളിലെ മഴക്കാടുകളില് ഏതാണ്ട് 470-650 ലക്ഷം വര്ഷമായി വന്കരകളില്നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന വര്ഗമാണ് ഗാര്ഡിനേഴ്സ് തവളകള് . അവയ്ക്ക് മധ്യകര്ണമില്ലാത്തെ ശബ്ദം കേള്ക്കാന് കഴിയുന്നുവെങ്കില് , അത് ഗോണ്ട്വാന എന്ന സൂപ്പര്ഭൂഖണ്ഡത്തിലുണ്ടായിരുന്ന പ്രാചീന ജീവികളിലെ ശ്രവണസംവിധാനമാകണമെന്ന് ഗവേഷകര് നിഗമനത്തിലെത്തി. അക്കാര്യം അറിയാന് ആദ്യം ചെയ്തത് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാന് ആ ജീവികള് ശബ്ദം ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കലാണ്. തവളകളുടെ സ്വാഭാവിക പരിസ്ഥിതിയില് ലൗഡ്സ്പീക്കറുകളുടെ സഹായത്തോടെ നേരത്തെ റിക്കോര്ഡ് ചെയ്തുവെച്ച തവളശബ്ദം കേള്പ്പിച്ചായിരുന്നു പരീക്ഷണം. ദൂരെയുള്ള തവളകള് ആ ശബ്ദത്തിന് മറുപടി നല്കി. അങ്ങനെ ശബ്ദം വഴി അവ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന കാര്യം മനസിലായി. മധ്യകര്ണത്തിന് പകരം എന്ത് സംവിധാനമാണ് കേള്വിക്ക് സഹായിക്കുന്നതെന്ന് മനസിലാക്കാനായി അടുത്ത ശ്രമം. എക്സ്റേ ഇമേജിങ് വിദ്യകളുടെ സഹായത്തോടെ നടത്തിയ പരിശോധനയില് , ആന്തരകര്ണത്തിലേക്ക് ശബ്ദം വിനിമയം ചെയ്യുമ്പോള് ഏത് കോശഭാഗങ്ങളാണ് സങ്കോചിക്കുകയും കമ്പനം ചെയ്യുകയും ചെയ്യുന്നതെന്ന് മനസിലാക്കാന് സാധിച്ചു. വായ വഴിയാണ് ഗാര്ഡിനേഴ്സ് തവളകള് ശബ്ദം കേള്ക്കുന്നതെന്നും അതിന് സഹായിക്കുന്നത് വായ്ക്കുള്ളിലെ രന്ധ്രവും കോശപാളിയുമാണെന്നും പരിശോധനയില് വ്യക്തമായതായി പഠനറിപ്പോര്ട്ട് പറയുന്നു.
Posted on: Tue, 03 Sep 2013 06:48:50 +0000

Trending Topics



Recently Viewed Topics




© 2015