സ്വർഗമരം ലക്ഷ്മി തരു - TopicsExpress



          

സ്വർഗമരം ലക്ഷ്മി തരു ആകുന്നതിനു പിറകിലെ അജണ്ടകൾ മനുഷ്യരുടെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളെയും മാനസികാവസ്ഥകളെയും ദൗർബല്യങ്ങളെയും ചൂഷണം ചെയ്യുക എന്നത് വിപണിയുടെ തന്ത്രമാണ്. മാരകമായ രോഗ പീഡകള്‍ കൊണ്ട് വലയുന്നവരെ മരുന്ന് കമ്പനികള്‍ മുതലെടുക്കും. പട്ടിണിയും സാമ്പത്തിക ക്ലേശവും അനുഭവിക്കുന്നവരെ മതങ്ങളും ആള്‍ ദൈവങ്ങളും മുതലെടുക്കും. ഇരുണ്ട നിറം മോശം എന്ന് പ്രചരിപ്പിച്ച് സൌന്ദര്യ വര്‍ദ്ധക ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ മുതലെടുക്കും, വിയര്‍പ്പു നാറ്റം നിങ്ങളെ ആള്‍ക്കൂട്ടത്തില്‍ തനിച്ചാക്കും എന്ന് പറഞ്ഞു സോപ്പ് കമ്പനികള്‍ മുതലെടുക്കും. ആശുപത്രികള്‍ കയ്യൊഴിഞ്ഞ രോഗികള്‍ക്ക് രോഗ ശാന്തി വാഗ്ദാനം ചെയ്തു ആത്മീയ കച്ചവടക്കാര്‍ അങ്ങനെ ചുറ്റിലും എന്തൊക്കെ തരം കച്ചവടങ്ങൾ. ഇനി വേറെ ഒരു വിഭാഗമുണ്ട് പുറമേക്ക് പൊതുജന ക്ഷേമം മുന്‍ നിര്‍ത്തി സൌജന്യ സേവനം നടത്തുന്നു എന്നു വരുത്തുന്ന കഴുകന്‍ കണ്ണുള്ള കൂട്ടര്‍. നിഷ്കളങ്കരായ സാധാരണക്കാര്‍ ഈ സൌജന്യ സേവന തല്പ്പരരുടെ ഒളിച്ചു വെക്കപ്പെട്ട കച്ചവട കണ്ണുകള്‍ മുഖ പടത്തിനു പിന്നില്‍ തിളങ്ങുന്നത് കാണില്ല. അത്തരക്കാരുടെ പ്രചാരണങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് നല്ല മനസോടെ അവര്‍ ആ ദൌത്യത്തില്‍ പങ്കാളി ആകും. ഇനി കാര്യത്തിലേക്ക് വരാം. ക്യാന്‍സര്‍ പ്രതിരോധ ശേഷിയുണ്ട് എന്ന് പറയപ്പെടുന്ന ലക്ഷ്മി തരു എന്ന ദിവ്യ മരത്തിന്റെ പ്രചാരണം കേരളത്തില്‍ ഇപ്പോള്‍ ത്വരിത ഗതിയില്‍ ആണ് .മരത്തെക്കുറിച്ച് ലഭ്യമായ ചില വിവരങ്ങളും അതോടൊപ്പം ഉയരുന്ന ചെറിയ ചില ആശങ്കകളും പങ്കു വെക്കാന്‍ ആണ് ഈ കുറിപ്പ് . Simarouba glauca എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന മരത്തിന്റെ പേര് പാരഡൈസ്‌ ട്രീ /സ്വര്‍ഗ്ഗമരം എന്നാണ് . അമേരിക്കയാണ് ജന്മ ദേശം. National Bureau of Plant Genetic Resources ആണ് 1960 ല്‍ ഈ മരം മഹാരാഷ്ട്രയില്‍ അമരാവതിയിലെ ഗവേഷണ കേന്ദ്രത്തില്‍ കൊണ്ട് വരുന്നത് . വളരെ വേഗത്തില്‍ വളര്‍ന്നു വലുതാകുകയും വേര് പടലം വിശാലമായതു കൊണ്ട് പ്രദേശത്തെ മണ്ണൊലിപ്പ് ഫലപ്രദമായി തടയുകയും ചെയ്യും. ഒപ്പം എല്ലാ കാലത്തും ഇട തൂര്‍ന്ന ഇലകള്‍ ഉള്ളത് ചൂട് പ്രതിരോധിച്ചു മണ്ണിനെ തണുപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു. വിത്തുകള്‍ വീണു മുളച്ചു പുതിയ തൈകള്‍ എളുപ്പത്തില്‍ ഉണ്ടാവുകയും ഒരു മരം നട്ടാല്‍ അതിന്റെ സമീപ പ്രദേശങ്ങളിലേക്ക് വളരെ വേഗത്തില്‍ വ്യാപിക്കുകയും ചെയ്യുന്നു എന്നതാണ് ഈ മരത്തിന്റെ ഗുണ വശം. വിക്കീപീഡിയ തരുന്ന വിവരം അനുസരിച്ച് ഉദര രോഗങ്ങൾ, സന്ധി വേദന, പനി, ഹൈപ്പർ അസിഡിറ്റി, ലുക്കിമിയ, കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ എന്നിവയ്ക്ക് എതിരായ ഔഷധമായി ഈ മരത്തിന്റെ ഇല ഉപയോഗിക്കാം. സ്വർഗമരം ഔഷധ മരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. മെക്സിക്കോ, പെറു, ബ്രസീൽ‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധമായി ഇലകള്‍ പണ്ടുമുതല്‍ ഉപയോഗിച്ചു വരുന്നുണ്ട്. പക്ഷെ ക്യാന്‍സര്‍ മാറ്റുമോ എന്ന് ഉറപ്പില്ല . ഔഷധ ശക്തിക്ക് പുറമേ ഈ മരത്തിന്റെ കായകള്‍ മധുരമുള്ളതും ഭക്ഷ്യ യോഗ്യവുമാണ്. കായില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ കൊഴുപ്പ് കുറഞ്ഞതാണ്. ഒപ്പം ജൈവ ഇന്ധന നിര്‍മ്മാണത്തിനും ഈ എണ്ണ ഉപയോഗിക്കുന്നു. നന്നായി വളര്‍ന്ന ഒരു മരത്തില്‍ നിന്നും പ്രതി വര്ഷം 15 മുതല്‍ 30 കിലോ ഗ്രാം വരെ കായകള്‍ ലഭിക്കും .ഇതില്‍ നിന്നും രണ്ടര മുതല്‍ അഞ്ചു ലിറ്റര്‍ വരെ എണ്ണ ലഭിക്കും. ഒരേക്കറില്‍ നിന്നും 1000-2000 കിലോ കായ ലഭിക്കും . ഒരു കിലോ കായ്ക്കു 4 രൂപയാണ് വിപണിയിലെ നിലവിലുള്ള വില. നന്നായി പരിപാലിക്കുന്ന ഒരു തോട്ടത്തില്‍ നിന്നും പ്രതിവര്‍ഷം കര്‍ഷകന് ലഭിക്കുന്നത് ഏക്കര്‍ ഒന്നിന് 4000-8000 രൂപയാണ്.പത്ത് വര്ഷം കഴിഞ്ഞ പ്ലന്റെഷനില്‍ നിന്നും പ്രതിവര്‍ഷം 5% മരങ്ങള്‍ മുറിച്ചു വില്‍ക്കാന്‍ കഴിയും. മരം ഒന്നിന് ആയിരം രൂപ നിരക്കില്‍ ഒരേക്കറില്‍ നിന്ന് ഒരു വര്ഷം 10000 രൂപയുടെ അധിക വരുമാനം കൂടി ലഭിക്കും. ഇതാണ് ലക്ഷ്മി തരുവിന്റെ വ്യാവസായിക മൂല്യം. ലക്ഷ്മി തരു പ്ലാന്റ് ചെയ്ത ഭാഗത്ത്‌ മറ്റു കൃഷികള്‍ ചെയ്യാനാവില്ല എന്നത് കൊണ്ട് ഒരു കാര്‍ഷിക ഉല്‍പ്പന്നം എന്ന നിലയില്‍ ഇത് വന്‍ പരാജയം ആണ് എന്ന് വേറെ പറയേണ്ടതില്ലല്ലോ. സ്വർഗമരം എന്ന ഈ മരത്തിനു ലക്ഷ്മി തരു എന്ന ആര്‍ഷ ഭാരത നാമം നല്‍കിയത് ശ്രീ ശ്രീ രവിശങ്കര്‍ ആണ് . ബാംഗളൂര്‍ ആസ്ഥാനമായുള്ള ശ്രീ ശ്രീ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അഗ്രികൾച്ചറല്‍ സയന്‍സ് ആന്‍ഡ്‌ ടെക്നോളജി (SSIAST) ആണ് ലക്ഷ്മി തരുവിന്റെ നിലവിലെ മുഖ്യ പ്രചാരകര്‍. അന്താരാഷ്‌ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഉള്ള എണ്ണയും കുരുവും കയറ്റി അയച്ചു കോടികളുടെ വരുമാനം രാജ്യത്തിന് കയറ്റുമതിയിലൂടെ നേടാം എന്നാണു SSIAST ലെ വിദഗ്ധരുടെ അവകാശവാദം. ഒപ്പം മരത്തിന്റെ ഔഷധ മൂല്യവും പറയുന്നുണ്ട് . നിലവില്‍ ആന്ധ്ര പ്രദേശിലെ 200 ഹെക്റ്റര്‍ സ്ഥലത്തും മഹാരാഷ്ട്ര,തമിഴ്നാട്,കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ 100 വീതം ഹെക്റ്റര്‍ സ്ഥലത്തുമായി അഞ്ഞൂറ് ഹെക്റ്റര്‍ ഭൂമിയില്‍ SSIAST ന്റെ നേതൃത്വത്തില്‍ ലക്ഷ്മി തരു പ്ലാന്റെഷന്‍ സൃഷ്ടിച്ചു കഴിഞ്ഞു. ഇതിനു പുറമേ കഴിഞ്ഞ ഒരു വർഷം മാത്രം 20000 കിലോഗ്രാം വിത്ത് രാജ്യമെമ്പാടുമായി വിതരണം നടത്തുകയും ചെയ്തു .ഈ വര്ഷം 5 ലക്ഷം കിലോഗ്രാം വിത്ത് ആണ് വിതരണം നടത്താന്‍ രവിശങ്കര്‍ ഇന്‍സ്റ്റിട്യൂട്ട് ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നത് . പാരഡൈസ്‌ ട്രീ എന്ന മരത്തിനു വെറുതെ അല്ല ആചാര്യന്‍ ലക്ഷ്മി തരു എന്ന് പേരിട്ടത് .ലക്ഷ്മി സമ്പത്തിന്റെ ദേവത. ലക്ഷ്മി തരു - സമ്പത്തിന്റെ മരം. സമ്പത്ത് എവിടെ എത്തും എന്ന് മാത്രമേ അറിയേണ്ടതുള്ളൂ കേരളത്തില്‍ അട്ടപ്പാടിയില്‍ പത്തു വര്ഷം മുന്‍പ് പരിസ്ഥിതി പുനസ്ഥാപന പദ്ധതിയുടെ ഭാഗമായി അഹാട്സ് ഈ മരങ്ങള്‍ വന്‍തോതില്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ ഭാഗമായി ചെറുതും വലുതുമായി ഈ മരം വളര്‍ത്തല്‍ നടക്കുന്നുമുണ്ട് . ആശങ്കകള്‍ :- ലക്ഷക്കണക്കിന്‌ കിലോഗ്രാം വിത്തുകള്‍ മുളപ്പിച്ച് മില്ലൈന്‍ കണക്കിന് ലക്ഷ്മി തരു മരങ്ങള്‍ വ്യാപിപ്പിക്കുന്നത് വഴി നമ്മുടെ സ്വാഭാവിക വനത്തിന്റെ വ്യാപനം തടസ്സപ്പെടും എന്നത് തര്‍ക്കമറ്റ കാര്യമാണ്. ലക്ഷ്മി തരു പ്ലാന്റെഷന് സമീപ പ്രദേശങ്ങളിലേക്ക് കൂടി വരും കാലങ്ങളില്‍ വന്‍ തോതില്‍ വിത്തുകള്‍ വീണു മുളച്ച് മരങ്ങള്‍ പടരുന്നത്‌ വലിയ പാരിസ്ഥിതിക പ്രത്യാഘാതം മേഖലയില്‍ സൃഷ്ടിക്കപ്പെടാന്‍ ഇടയില്ലേ? കേരളത്തില്‍ ക്യാന്‍സര്‍ മരുന്ന് എന്ന നല്ല ഉദ്ദേശത്തോടെ സുമനസുകള്‍ ഇപ്പോള്‍ ലക്ഷ്മി തരു തൈകള്‍ സൌജന്യമായും അമ്പതു രൂപ തൈ ഒന്നിന് എന്ന നിരക്കിലും വിതരണം നടത്തുന്നുണ്ട് .ലക്ഷ്മി തരുവിന് വേദന ശമിപ്പിക്കാന്‍ കഴിവുണ്ട് എന്നതല്ലാതെ ക്യാന്‍സര്‍ മാറ്റും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ .രണ്ടോ മൂന്നോ ആളുകള്‍ കീമോ തെറാപ്പി ചെയ്ത ശേഷം ഈ മരത്തിന്റെ ഇലകള്‍ കഷായം വച്ച് കഴിച്ചപ്പോള്‍ ക്യാന്‍സര്‍ മാറി എന്ന് പറയുന്നത് സത്യത്തില്‍ അവരുടെ തെറ്റിധാരണ അല്ലെ .ഒപ്പം മറ്റു രോഗികളെ ഈ തെറ്റിധാരണയുടെ ഭാഗമാക്കി അപകടത്തിലേക്ക് നയിക്കുകയല്ലേ ചെയ്യുന്നത് . ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു നേരെ ധ്യാനകേന്ദ്രത്തില്‍ പോയി എന്റെ രോഗം ദൈവം സൌഖ്യപ്പെടുത്തി എന്ന് പറയുന്ന ലോജിക് അല്ലെ ലക്ഷ്മി തരു ക്യാന്‍സര്‍ മാറ്റി എന്ന് കീമോ തെറാപ്പിക്ക് ശേഷം മരുന്ന് കഴിച്ച അനുഭവസ്ഥരുടെ സാക്ഷ്യത്തിനുള്ളൂ. ലക്ഷ്മിതരു കഴിച്ചാണ് ക്യാന്‍സര്‍ മാറിയത് എന്ന അവകാശവാദവുമായി പ്രചാരണം നടത്തുന്ന തൃശൂര്‍ സ്വദേശി സെബി വല്ലച്ചിറ ഒരു വര്‍ഷമായി പ്രശസ്ത ക്യാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോക്റ്റര്‍ വി.പി. ഗംഗാധരന്റെ ചികിത്സയിലായിരുന്നു. ഉമിനീര്‍ ഗ്രന്ധിയിലെ ക്യാന്‍സര്‍ പൂര്‍ണ്ണമായി സുഖപ്പെടും എന്ന ഉറപ്പു നല്‍കിയാണ്‌ ഡോക്റ്റര്‍ ചികിത്സ ആരംഭിച്ചത്. സെബിക്ക് റേഡിയേഷന്‍ ചെയ്യുകയും, രോഗകാരിയായ കോശങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുകയും ചെയ്തു. റേഡിയേഷന് ശേഷമുള്ള റിക്കവറി ഘട്ടത്തിലാണ് സെബി ലക്ഷ്മിതരു കഷായം കഴിക്കുന്നത്‌ എന്ന് സെബി തന്നെ പറയുന്നുണ്ട്. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ആന്റി ഒക്സിടന്റുകള്‍ക്ക് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുണ്ട് എന്നതുകൊണ്ട് രോഗ ബാധിതനായ ആള്‍ ചികിത്സ ഇല്ലാതെ പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ക്യാന്‍സര്‍ മാറും എന്ന് വിശ്വസിച്ചു ചികിത്സ നടത്താതിരുന്നാല്‍ സംഭവിക്കുന്നത്‌ ഊഹിക്കാവുന്നതേ ഉള്ളൂ. അതില്‍ കൂടുതല്‍ ഒന്നും തന്നെ ലക്ഷ്മി തരു കഷായം ക്യാന്‍സറിന് എതിരായി നല്‍കുന്നതായി തെളിവുകള്‍ ഒന്നുമില്ല. സെബിയുടെ കാര്യത്തിലും സംഭവിച്ചത് ഇത് തന്നെയാണ്. കീമോ തെറാപ്പിയിലൂടെ രോഗം ഭേദമാവുകയും, ലക്ഷ്മി തരു കഷായം കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്തു. എളുപ്പത്തില്‍ കീമോതെറാപ്പിയുടെ അവശതയില്‍ നിന്ന് മോചിതനായി. കീമോ തെറാപ്പിയോ ക്യാൻസറിനുള്ള മരുന്നുകളോ കഴിക്കാതെ ലക്ഷ്മി തരു കഷായം മാത്രം കഴിച്ചു ക്യാന്‍സര്‍ സുഖപ്പെട്ട ഏതെങ്കിലും ആള്‍ ഇതുവരെ തെളിവായി വന്നിട്ടില്ല. ക്യാന്‍സറിനു ഇത്ര ഫലപ്രദമായ മരുന്നാണ് ഇതെങ്കില്‍ എന്തുകൊണ്ട് ആഗോള തലത്തിലും പ്രാദേശിക തലത്തിലുമുള്ള അലോപ്പതിയും ആയുര്‍വേദവുമായ എന്തും കച്ചവടമാക്കാന്‍ കാത്തിരിക്കുന്ന മരുന്നുല്പാദകര്‍ ഈ ഔഷധ സസ്യത്തില്‍ നിന്നും ഇതുവരെ മരുന്ന് ഉല്‍പ്പാദിപ്പിച്ചില്ല. ശ്രീ ശ്രീ രവിശങ്കര്‍ ഇന്‍സ്റ്റിട്യൂട്ട് ഈ മരം ഇത്ര പ്രാധാന്യത്തോടെ രാജ്യമെമ്പാടും പ്രചരിപ്പിക്കുകയും പ്ലാന്റ് ചെയ്യുകയും ചെയ്യുന്നതിന് പിന്നില്‍ ഒരു കച്ചവട താല്പര്യം കുടിയിരിക്കുന്നില്ലേ. വന്‍തോതില്‍ ഉല്‍പ്പാദനം നടത്തി കുറഞ്ഞ വിലയില്‍ കായകള്‍ സംഭരിച്ച് സംസ്കരിച്ച് അവര്‍ രാജ്യത്തിന് നേടാം എന്ന് അവകാശപ്പെടുന്ന വിദേശ കറന്‍സി സ്ഥാപനത്തിലേക്ക് സ്വരുക്കൂട്ടുക എന്ന ഗൂഡമായ ഒരു അജണ്ട ഇതിനു പിന്നില്‍ ആചാര്യനും സ്ഥാപനത്തിനും ഉണ്ടോ . ഉണ്ടെന്നാണ് സംശയിക്കേണ്ടത് .രവിശങ്കര്‍ ഇന്സ്ടിട്യൂട്ടിന്റെ വെബ് സൈറ്റില്‍ ലക്ഷ്മി തരുവിനെക്കുറിച്ചു പറയുന്നത് ഈ ദിവ്യ മരത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചല്ല , മറിച്ച് ഈ മരം കാര്‍ഷിക ഉല്‍പ്പന്നം എന്ന നിലയില്‍ വളര്‍ത്തിയാല്‍ ഉണ്ടാവാന്‍ ഇടയുള്ള ലാഭക്കണക്കുകള്‍ മാത്രമാണ് . ഒരു മരത്തില്‍ നിന്നും കര്‍ഷകന് ലഭിക്കുന്ന പ്രതിവര്‍ഷ വരുമാനവും, ഒരേക്കറില്‍ നിന്ന് പത്തു വര്ഷം കഴിയുമ്പോള്‍ ലഭിക്കാവുന്ന പ്രതിവര്‍ഷ വരുമാനവും എല്ലാം വളരെ പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട്. ഒപ്പം മരം നടേണ്ട രീതിയും പരിപാലന രീതിയും എല്ലാം.ഒരു കാര്യം മാത്രം ഓളപ്പുറത്തെ ഒതളങ്ങ എന്ന സ്റ്റൈലില്‍ ഒറ്റ വാചകത്തില്‍ പറഞ്ഞു തീര്‍ത്തു. മാര്‍ക്കറ്റിംഗ് : OIL INDUSTRIALISTS READY TO BUY NUTLETS IN LARGE QUANTITIES. എന്നാൽ ലാര്‍ജ് കോണ്ടിറ്റിയില്‍ കായകള്‍ വാങ്ങാന്‍ തയ്യാറുള്ള കച്ചവടക്കാര്‍ എവിടെ എന്ന് ആചാര്യനും സംഘവും പറയുന്നില്ല .ആ കച്ചവടം കായകള്‍ പാകമാകുമ്പോള്‍ ആചാര്യ സംഘം ഏറ്റെടുക്കും . പാരഡൈസ്‌ ട്രീ എന്ന മരത്തിനു വെറുതെ അല്ല ആചാര്യന്‍ ലക്ഷ്മി തരു എന്ന് പേരിട്ടത്. ലക്ഷ്മി സമ്പത്തിന്റെ ദേവത -ലക്ഷ്മി തരു - സമ്പത്തിന്റെ മരം. സമ്പത്ത് എവിടെ എത്തും എന്ന് മാത്രം അറിയേണ്ടതുള്ളൂ. എന്തായാലും കര്‍ഷകന് കടല മിഠായി വാങ്ങാനുള്ള കാശ് പോലും ഒരേക്കര്‍ കൃഷിയിടത്തില്‍ നിന്ന് ലഭിക്കില്ല എന്ന് ഉറപ്പ്. ക്യാന്‍സര്‍ രോഗികള്‍ക്ക് വേദനയില്‍ നിന്ന് അല്പം മോചനം ലക്ഷ്മി തരു ഔഷധം നല്‍കുന്നെങ്കില്‍ വളരെ നല്ലത് . പക്ഷെ അതിന്റെ പേരില്‍ രോഗികളെയും രോഗം ഭയക്കുന്നവരെയും മുതലെടുത്ത്‌ രഹസ്യ അജണ്ടകള്‍ നടപ്പാക്കാന്‍ നോക്കുന്നുവെങ്കില്‍ എതിർക്കപ്പെടെണ്ടതുണ്ട്. പ്രത്യേകിച്ചും പാരിസ്ഥിതികമായി ഏറെ ഭവിഷ്യത്തുകള്‍ ഉണ്ടാവാന്‍ ഇടയുള്ള ഇത്തരം വൃക്ഷങ്ങളുടെ വ്യാപനത്തെ. #facebook
Posted on: Thu, 22 Jan 2015 02:26:09 +0000

Trending Topics



Recently Viewed Topics




© 2015