Gandhijayanthi at Ernakulam Civil Station - TopicsExpress



          

Gandhijayanthi at Ernakulam Civil Station Kakkanad ഗാന്ധിജയന്തിദിനത്തില്‍ സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ചു ഗ്രോ ബാഗ് പച്ചക്കറിക്കൃഷിക്ക് തുടക്കം കൊച്ചി: ഗാന്ധിജയന്തി ദിനത്തില്‍ ജില്ലാ ഭരണകേന്ദ്രമായ കാക്കനാട് സിവില്‍ സ്റ്റേഷന്‍ വളപ്പും ഓഫീസുകളും വൃത്തിയാക്കി. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രോ ബാഗ് പച്ചക്കറിക്കൃഷിക്കും തുടക്കം കുറിച്ചു. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പച്ചക്കറിക്കൃഷിക്ക് തുടക്കം കുറിച്ച് ഗ്രോ ബാഗില്‍ ആദ്യ തൈ നട്ടതും കളക്ടര്‍ തന്നെ. സിവില്‍ സ്റ്റേഷനിലെ റവന്യൂ അടക്കമുള്ള വകുപ്പുകളിലെ ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും രാവിലെ തന്നെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ എത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പാണ് പണിയായുധങ്ങള്‍ ലഭ്യമാക്കിയത്. ജീവനക്കാര്‍ ഒരുമിച്ച് രംഗത്തിറങ്ങിയതോടെ സിവില്‍ സ്റ്റേഷന്റെ കാടുപിടിച്ചു കിടന്നിരുന്ന മുന്‍വശം മണിക്കൂറുകള്‍ക്കകം വൃത്തിയായി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ശുചീകരണത്തിന് കളക്ടര്‍ കൂടി എത്തിയതോടെ ആവേശമേറി. സിവില്‍ സ്റ്റേഷന്‍ വളപ്പിന് പുറമെ കെട്ടിടസമുച്ചയത്തിലെ വരാന്തകളും ഓഫീസുകളും ജീവനക്കാര്‍ വൃത്തിയാക്കി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാമചന്ദ്രന്‍, ഡപ്യൂട്ടി കളക്ടര്‍മാരായ എസ്. ഷാനവാസ്, കെ.എം. വര്‍ഗീസ്, മാഗി സിമേന്തി, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍. രാധിക, പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. സുധ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ടാനി തോമസ് എന്നിവരും കളക്ടര്‍ക്കൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സിവില്‍ സ്റ്റേഷന്റെ രണ്ട് ബ്ലോക്കുകള്‍ക്കിടയിലുള്ള സ്ഥലത്താണ് ഗ്രോ ബാഗ് പച്ചക്കറിക്കൃഷി ആരംഭിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. കെ. ഉമ്മറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഉള്‍പ്പെടുന്ന എറണാകുളം സിവില്‍ സ്‌റ്റേഷന്‍ ഫാമിംഗ് സൊസൈറ്റിയാണ് കൃഷിസ്ഥലം ഒരുക്കിയത്. കൃഷി വകുപ്പ് തയ്യാറാക്കിയ 250 ബാഗുകളില്‍ കളക്ടറും ജീവനക്കാരും ചേര്‍ന്ന് പച്ചക്കറിത്തൈകള്‍ നട്ടു. മൈക്രോ ഇറിഗേഷനിലൂടെയാണ് ജലസേചനം. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ആധുനികകൃഷി രീതികള്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവും പദ്ധതിയ്ക്കുണ്ടെന്ന് സിവില്‍ സ്റ്റേഷന്‍ ഫാമിങ് സൊസൈറ്റി ചെയര്‍പഴ്‌സണ്‍ സി.എസ്. ഷൈല, കണ്‍വീനര്‍ ടി.എം. സുകുമാരന്‍ എന്നിവര്‍ പറഞ്ഞു.
Posted on: Thu, 02 Oct 2014 08:03:46 +0000

Recently Viewed Topics




© 2015