MEC Memories 23: Classilkeromia by Anup Viswanathan MEC 1994-98, - TopicsExpress



          

MEC Memories 23: Classilkeromia by Anup Viswanathan MEC 1994-98, Biomedical 6th Sem, 2nd Month ഡോക്ടർ, വളരെ മനപ്രയാസത്തോടെ ആണീ കത്തെഴുതന്നത്. ഞാൻ തൃക്കാക്കര ഉള്ള ഒരു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയാണ്. ഈയിടെ ആയി എനിക്ക് ക്ലാസ്സിൽ കേറാൻ ഭയങ്കര ആക്രാന്തം. ഇത് മൂലം എനിക്ക് സമൂഹത്തിനെ face ചെയ്യാൻ പറ്റുന്നില്ല. ക്ലാസ്സിൽ കേറാൻ ശ്രമിക്കുമ്പോ വീട്ടുകാരും കൂട്ടുകാരും എന്നെ തള്ളിപ്പറയുന്നു. ക്ലാസ്സിൽ കേറി ജീവിതം ഇങ്ങെനെ നശിപ്പിക്കാൻ തോന്നുന്ന ഈ അടക്കാവനാത്ത ചിന്ത ഒരു രോഗമാണോ ഡോക്ടർ? ഇതിനു ചികിത്സ ഉണ്ടോ? എന്ന് വിധേയൻ സത്യൻ ___________ ഗാന്ധീടെ stamp നക്കി ഒട്ടിച്ചു മൂന്നു കത്ത് പോസ്റ്റ്‌ ചെയ്തു. കോട്ടയത്ത്‌ വനിതയിൽ Dr എൽസ ജേക്കബും കോഴിക്കോട്ടു ഗൃഹലക്ഷ്മിയിൽ Dr ചെറിയാൻ നായരും അത് നേരെ ചവറ്റു കുട്ടയിലിട്ടു. കൊല്ലത്ത് മഹിളാരത്നത്തിൽ Dr കരുണാകരൻ പിള്ള അത് വിമാനം ആക്കി പൊറത്തോട്ടു പറത്തി. ഇതൊന്നും അറിയാതെ ഈ മാസികകൾ ഒക്കെ തുടർച്ചയായി വായിച്ചു. ഒരു ഉത്തരം കിട്ടാൻ. സ്ത്രീകളും അവർ അനുഭവിക്കുന്ന സംഘർഷങ്ങളും - അത് കൊറേ വിജ്ഞാനം വന്നു എന്നല്ലാതെ ഒരു ഡോക്ടറും ആ ചോദ്യം കേട്ടതായി നടിച്ചില്ല. അങ്ങനെ നടക്കുമ്പോ അതാ ഇടപ്പള്ളി ടോള്ളിൽ ഒരു ബോർഡ്‌ കണ്ടു - Dr സോമശേഖരൻ, Engineering College Specialist. വലതുകാൽ വെച്ചകത്തോട്ടു കേറി കണ്ണും വായും പൊളിച്ചു നിന്നു. നാക്കും പൊറത്തിട്ടു. നോക്കിയും ഞെക്കിയും അടിച്ചും ഇടിച്ചും ടോർച് തെളിച്ചും മൂക്കിൽ വിരലിട്ടും തൊണ്ടക്കുഴിയിൽ കുത്തിയും ഇക്കിളിയിട്ടും അങ്ങനെ അതിയാൻ കൊറേ പരിശോധിച്ചു. ഒടുവിൽ ഡോക്ടർ തോളത്തു കൈ വച്ച് M.G.സോമൻ നൂറു കണക്കിന് സിനിമകളിൽ പറഞ്ഞപോലെ പറഞ്ഞു This is classilkeromia. അപൂർവ രോഗമാണ്. ക്ലാസ്സിൽ കേറി ഇരുന്നു പഠിക്കാനുള്ള temptation. MEC-യിൽ അല്ലെ? അവിടെ വർഷത്തിൽ വളരെ കൊറച്ചു cases-നു ഈ രോഗം പിടിപെടും. മിക്കവരും ചികിത്സ ഒന്നും ചെയ്യാതെ രോഗത്തിനു അടിമപ്പെട്ടു ക്ലാസ്സിൽ കേറി പഠിച്ചു നശിക്കുകയാണ് പതിവ്. Good that you sought treatment. മരുന്ന് കുറിച്ച് തരാം. ഇത് മാറുമോ ഡോക്ടർ? Recovery is rare. But have faith my boy, faith. M.G.സോമൻ മറ്റേ തോളത്തും കൈ വെച്ചു. വിങ്ങുന്ന ഹൃദയത്തോടെ അടുത്ത ദിവസം കോളേജിലെക്ക് നടക്കുംപോ basketball കോർട്ടിന് പൊറകിൽ ഉള്ള പൊന്തക്കാട് കണ്ടു മനസ്സ് പിടഞ്ഞു. രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ പൊന്തയിലാണ് ബാച്ചിലെ ഒട്ടുമിക്ക പേരുടെയും attendance. Biomedical എഞ്ചിനീയറിംഗ്-നു വേണ്ട വളരെ പ്രധാനപ്പെട്ട ചർച്ചകളും സെമിനാറുകളും അവിടെ നടന്നിരുന്നു. കിച്ചുകൃമിയുടെ സിൽക്ക് സ്മിതയുടെ കിരീടം ഇനി ആർക്ക്? എന്ന സെമിനാർ നിറകണ്ണുകളോടെ ഞങ്ങൾ കേട്ടിരുന്നു. ഇന്ത്യയിലെ തന്നെ ഒരു leading Silk Smithologist ആയ കൃമിയുടെ അറിവും അവഗാഹവും ഞങ്ങളെ പുളകിതരാക്കി. പക്ഷെ കാലുകൾ പൊന്തക്കാട്ടിലേക്ക്‌ തിരിഞ്ഞില്ല. Classilkeromia നേരെ ക്ലാസ്സിലേക്ക് നടത്തി. കോളേജിന്റെ മുന്നിൽ എത്തിയപ്പോ ആൻഡ്‌റൂസ് ചേട്ടനും മോഹനൻ ചേട്ടനും അവിടെ നില്ക്കുന്നു. കോളേജിന്റെ ഓഫീസിൽ ഒരു ഫോണ്‍ കാൾ ഉണ്ടായിരുന്നു ആരുടെയാ? സരിത തീയേറ്ററിലെ മാനേജർ. പുള്ളി ദേഷ്യത്തിലാ. കഴിഞ്ഞ മാസം attendance തെകഞ്ഞില്ല പോലും ങെ...അതിനു ഞാൻ സവിതയിലും സംഗീതയിലും പൊയാരുന്നല്ലോ.. സരിതയിൽ അല്ലെ മോനെ മെയിൻ course? സംഗീതയിൽ ഒക്കെ മാർക്കില്ലാത്ത electives. വീട്ടില് നിന്ന് രക്ഷകർത്താവിനെ കൊണ്ടുവന്നില്ലെങ്കിൽ പണി കിട്ടും എന്നു പറഞ്ഞു. പണ്ടാരം. ഈ classilkeromia കാരണം ഉണ്ടാകുന്ന ഓരോ പുകിലുകൾ...തീയറ്ററിൽ attendance തികയാതെ year-out ആയി ജീവിതം കട്ടപൊക ആകുമോ? പക്ഷെ ഓർത്തു നിൽക്കാൻ സമയം ഇല്ല...ക്ലാസ്സ്‌ പിന്നെയും മാദകത്തോടെ മാടി വിളിക്കുന്നു. ഒരു 2 അടി നടന്നതെയുള്ളൂ, അപ്പൊ അതാ പൊറകിൽ നിന്നും ഒരു വിളി. ഡാ നീ ഇങ്ങനെ ക്ലാസിലും കേറി assignment-ഉം എഴുതി ജീവിതത്തിനെ പറ്റി ഒരു ഉത്തരവാദിത്തവും ഇല്ലാതെ നടന്നോ...പഠനം നിനക്കിപ്പോ ഒരു ലഹരി പോലെ ആയിരിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോ ബാലപ്രതിഭ അംബട്ടൻ. അംബട്ടനു വയസ്സു പതിനാറേ ഉള്ളുവെങ്കിലും പറയുന്നതൊക്കെ പക്വത വന്ന കാര്യങ്ങളാണ്. എത്ര സിനിമ നീ ഈ സെമെസ്റ്ററിൽ കാണാതെ കട്ട്‌ ചെയ്തു? ഈ കണക്കിന് പോയാ നീ എഞ്ചിനീയറിംഗ് പാസ്‌ ആകുമോ? ബബബ വായിന്നു പൊറത്ത് വന്ന വാക്കുകൾ കേട്ട് സ്വയം ഞെട്ടി. നീ ഇങ്ങനെ ബബബ അടിച്ചോ. എടാ, ഒരു സിനിമ തിയേറ്റർ എന്ന് വെച്ചാ എന്താ എന്നറിയ്യോ? എഞ്ചിനീയറിംഗ്-ന്റെ ആദ്യാക്ഷരങ്ങൾ നമുക്ക് പകർന്നു തന്ന പുണ്യ തീർഥാടന കേന്ദ്രം. മൂട്ടകടിയുടെ നിറവിൽ, മൂത്രപ്പുരയുടെ ഗന്ധത്തിൽ, ആ ദേവാലയത്തിൽ അണിഞ്ഞുണരുന്നത്.... കടിച്ചാൽ പൊട്ടാത്ത എന്തെക്കയോ അംബട്ടൻ മൊഴിഞ്ഞു. ഈശ്വരാ, സിനിമയെ പറ്റി ഇത്രേം വികാരം കൊള്ളാൻ ഇവനാരാ, ദാദാ ഫാൽകേക്ക് വിഗതകുമാരനിൽ ഒണ്ടായ കോട്ടയം കുഞ്ഞച്ചനോ? വയ്യ. ഓടി. ക്ലാസ്സിലേക്ക്. വാതിൽ തൊറന്നു അകത്തേക്ക് നോക്കിയപ്പോ കരളലിയിപ്പിക്കുന്ന കാഴ്ച്ച. Classilkeromia പിടിച്ച സഹാരോഗികൾ പാഠപുസ്തകങ്ങൾ വായിച്ചു പഠിക്കുന്നു. ചിലർ തലങ്ങും വിലങ്ങും assignment-കൾ എഴുതി മുടിയുന്നു. പൊട്ടിക്കരഞ്ഞു പോയി. പ്രിൻസി ജബ്ബാർ, കുരിശ്, കുപ്പണ്ണൻ, കഴുത കാമാനന്ദൻ, ഒട്ടകപക്ഷി, പൊസ്തകപുഴു, ചുണ്ടെലി, തറവാട്ടിലെ ആന, താറാക്കുട്ടി, വെച്ചൂർ പശു, കുംബളം കരുണ്‍ - പല ലെവലുകളിൽ classilkeromia പിടിച്ചവർ. 2-3 മണിക്കൂർ ഒക്കെ പൊസ്തകം വായിക്കാതെ ഇരിക്കാൻ പറ്റും. പിന്നെ ശ്വാസം മുട്ടും കൈ വിറയും. ഒരൊറ്റ ഇരിപ്പിന് Control Systems തീർത്തു. Signal Processing ഒക്കെ പണ്ട് ഒരു ലഹരി ആയിരുന്നു. ഇപ്പൊ ഒരു ഉറുംപ് കടിച്ച പോലെ ഒരു തരിപ്പ് മാത്രം. ഇന്നലെ assignment ഒന്നും എഴുതാൻ ഇല്ലാതെ BP ഒക്കെ കൊറഞ്ഞു. Engineering Mathematics പുഴുങ്ങി തിന്നാലോ എന്ന് വരെ വിചാരിച്ചു. Classilkeromia യുടെ വിഷമങ്ങൾ എല്ലാരും പരസ്പരം പങ്കു വെച്ചു. അത് കേട്ട് ഒരു ഞെട്ട് ഞെട്ടി. ദൈവമേ, ഇത് ഒരു മാരക രോഗം തന്നെ. ക്ലാസിലെ മാമാങ്കം കഴിഞ്ഞു ഒരു ദിവസം മുഴുവൻ പഠിച്ച കുറ്റബോധത്തോടെ പൊറത്തോട്ടു ഇറങ്ങുമ്പോ അതാ വഴിയിൽ മത്താപ്പൂവും Bullboss ആനപിണ്ടിയും. ഡാ..നിന്നെ അവിടെ ഉള്ളാടൻ തെരക്കുന്നു... എന്റെ കൊച്ചിൻഹനീഫാ പുണ്യാളാ... പേടിച്ചിരുന്ന ആ ദിവസം വന്നെത്തി. പൊന്തക്കാട്ടിലെ HoD ആണ് ഉള്ളാടൻ. ഒരു Biomedical എഞ്ചിനീയർ അറിഞ്ഞിരിക്കേണ്ട എല്ലാ അറിവുകളുടെയും ബ്രഹ്മകൂശ്മാണ്ഡം. പൊന്തക്കാട്ടിലെ സിലബസും കരികുലവും എല്ലാം അവൻ മട്ടു പോലും ഇല്ലാതെ അവൻ കലക്കി കുടിച്ചിരുന്നു. Filter Wills തൊട്ടു മുറി ബീഡി വരെ എന്ന ഉള്ളാടന്റെ സെമിനാർ ഒന്നാം തീയതി രാവിലെ Wills വലിച്ചു രാജാവിനെ പോലെ നടന്നിട്ട് മാസാവസാനം റോഡിൽ കെടക്കുന്ന മുറി ബീഡി തപ്പിയെടുത്തു ജീവശ്വാസം കണ്ടെത്തിയ എല്ലാ എഞ്ചിനീയറിംഗ് വിദ്യാർതികൾക്കും ജീവിതപാഠം ആയിരുന്നു. ഇത് കാജാ ബീഡി, അതു കഞ്ചൻ ബീഡി എന്ന മറ്റൊരു പ്രഭാഷണം പുകച്ചുരുകളുടെ ഇടയിൽ കാതും കൂർപ്പിച്ച് പലരും കേട്ടിരുന്നു. പൊന്തക്കാട്ടിലെ ആവശ്യങ്ങൾക്ക് എന്നും ഉള്ളാടൻ മുന്നിൽ ഉണ്ടായിരുന്നു. കൃമിയുടെ ഡിസ്കോ ശാന്തി, അനുരാധ, സിൽക്ക് - 80കളിലെ ത്രസിപ്പുകൾ എന്ന സിംപോസിയത്തിനു വീഡിയോ വാടകയ്ക്ക് എടുക്കാൻ കാശ് വേണ്ടി വന്നപ്പോ ഉള്ളാടൻ ആണ് തെങ്ങിൽ കേറി തേങ്ങാ ഇട്ടതും, പാടത്തു നിന്നും തവള, കരയാമ എന്നിവയെ പിടിച്ചു ഉണിച്ചിറ ഷാപ്പിൽ വിറ്റു കാശാക്കിയതും. അധോലോക സിനിമകളിൽ കാണാറില്ലേ, ഉണ്ണി എന്ന് പേരുള്ള ഒരു പാവം കഥാപാത്രം? മാഫിയയിൽ നിന്ന് പൊറത്ത് ചാടി ഓരോ കുസൃതി ഒക്കെ കാട്ടി, പക്ഷെ അണ്ണന്മാർ അറിയും, അങ്ങനെ പണി കിട്ടുന്ന ഉണ്ണി? പിന്നെ ഉണ്ണി മാഫിയാ തലവൻ പെരിയണ്ണൻ മുതലിയാരുടെ മുന്പിലേക്കു ശിക്ഷ ഏറ്റു വാങ്ങാൻ പോകുന്നു. ആ ഒരു പ്രതീതിയാണ് ചങ്കിടിപ്പോടെ ഉള്ളാടന്റെ പൊന്തക്കാട്ടു സങ്കേതത്തിലേക്ക് നടന്നപ്പോൾ. മാൻപേട സിംഹക്കൂട്ടിൽ പോകുന്ന പോലെ. കോയിബിരിയാണി മോളിൽ ഒരു മൊട്ടയും സൈഡിൽ ഒരു അച്ചാറുമായി കുഞ്ഞുമ്മൊയിദിക്കെടെ അടുത്തേക്ക് പോകുന്ന പോലെ... പൊന്തക്കാട്ടിൽ നിന്നും ഒരു വർണശോഭ ചുറ്റും പടർന്നിരുന്നു. ബീഡിപ്പുക ഒരു കോടമഞ്ഞു പോലെ അവിടെ മൂടി കുളിരേകിയിരുന്നു. അവിടെ നിന്നും ഗാനശകലങ്ങളും മനോഹര വാക്കുകളും പൊറത്തേക്ക് ഒഴുകിയെത്തി സംസ്കാരമായി തളം കെട്ടി കിടന്നിരുന്നു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം തൃശൂർ എന്ന് പറഞ്ഞവന്റെ അമ്മക്ക് വിളിക്കാൻ മുട്ടിപ്പോയ നിമിഷങ്ങൾ. പൊന്തക്കാട്ടിലെക്കു ഒരു പരുങ്ങലോടെ കേറി. TxD തെങ്ങിന്റെ മണ്ടയിൽ ഓദേഷ്. വിശാമിത്രനായി കണ്ണടച്ച് മേനകയുടെ വരവും കാത്തു ധ്യാനിക്കുന്ന കൃമി. കൈയ്യിൽ ഒരു പ്ലാസ്റ്റിക്‌ സഞ്ചി മുഴുവൻ മാക്രികളുമായി ഉണിച്ചിറ ഷാപ്പിലേക്ക് daily collection-നു പോകാൻ തയ്യാറെടുക്കുന്ന പൊട്ടക്കണ്ണൻ പട്ട. എവിടുന്നോ ഊറ്റിക്കൊണ്ട് വന്ന പെട്രോൾ ഒരു കന്നാസിലാക്കി കുഴിച്ചിടുന്ന ഇട്ടുണ്ണൻ. ഹാ...ഉണ്ണി വന്നു, അല്ലെ? നീ വരും എന്നറിയാം. ഉള്ളടാൻ. ഒരു ഗമയ്‌ക്കു വേണ്ടി സിനിമയിൽ ഒക്കെ കാണുന്നപോലെ പൊറം തിരിഞ്ഞാണ് അവന്റെ നിൽപ്പ്. ഈ ഉള്ളാടനെ കൂടെ നടന്ന പലരും തോൽപ്പിക്കാൻ നോക്കി ഉണ്ണി, പക്ഷെ ഉള്ളാടൻ തോറ്റില്ല. ഷാപ്പിൽ എണ്ണം തെകയ്ക്കാൻ വാൽ മാക്രിക്കു പകരം പള്ളി പെരുന്നാളിന് മേടിച്ച റബ്ബർ മാക്രി വെച്ച പൊട്ടക്കണ്ണൻ പട്ട. Two Moon Junction-ഉം Basic Instinct-ഉം കണ്ടു പഠിക്കാൻ കൊടുത്തു വിട്ട കാശ് കളിയാട്ടവും ദേശാടനവും കണ്ടു കളഞ്ഞു കുളിച്ച അംബട്ടൻ. മോട്ടിച്ചു ഊറ്റിയെടുത്ത പെട്രോൾ പകുതി മറിച്ചു വിറ്റു കന്നാസിൽ ബാക്കി ഗോമൂത്രം നെറച്ച ഇട്ടുണ്ണൻ. പക്ഷെ അന്നൊന്നും ഈ ഉള്ളാടൻ തോറ്റില്ല ഉണ്ണി, തോറ്റില്ല. പക്ഷെ ക്ലാസ്സിന്റെ നാലു ചുവരുകൾക്കുള്ളിൽ പുസ്തകങ്ങളുടെയും പഠിത്തത്തിന്റെയും ലഹരിയിൽ നീ ജീവിതം തൊലച്ചപ്പോ ഈ ഉള്ളാടൻ തോറ്റു ഉണ്ണി, തോറ്റു. Melodrama അവിടെ എല്ലാം പ്രകംബനം കൊണ്ടു. സിൽക്കിനെ ധ്യാനിച്ച്‌ തപസ്സിരുന്ന കൃമി മെല്ലെ വെറച്ചു. ഉണ്ണീ, നിനക്ക് ഈ ഉള്ളാടൻ ഒരു അന്ത്യശാസനം നൽകുന്നു. നാളെ മുതൽ നീ സുല്ലിട്ടു, ക്ലാസ്സിൽ പോക്കും മറ്റു എല്ലാ ദുശീലങ്ങളും നിർത്തി, കുളിച്ചു കുറി തൊട്ടു, പട്ടു കോണാൻ കെട്ടി, കച്ചമുണ്ട് ചുറ്റി, ഈ പൊന്തക്കാട്ടിൽ തല കാണിക്കണം. ഇല്ലെങ്കിൽ..... ഇല്ലെങ്കിൽ നീ കൊറേ പുളുത്തും. പോടാ പൊട്ടൻ കൊണാപ്പാ, ഉള്ളാടാ...എനിക്ക് മാരകമായ classilkeromia ആണ്. ഇതാ Dr സോമശേകരന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ്... സാമ്രാജ്യത്തിലെ മമ്മൂട്ടിയെ പോലെ സിനിമ സ്റ്റയിലിൽ ഇപ്പോഴും പൊറം തിരിഞ്ഞു നിന്ന ഉള്ളാടൻ നീട്ടിയ ഇടതു കയ്യിലേക്ക് വെച്ച് കൊടുത്തു ആ സർട്ടിഫിക്കറ്റ്. ഉള്ളാടൻ അതു എടുത്തു ഉയർത്തി. ആ കടലാസ്സ്‌ നൂറു നൂറായിരം കഷണങ്ങളായി അവൻ കീറി ആകാശത്തിലേക്ക് പറത്തി. എന്നിട്ട് സർവ ശക്തിയും എടുത്തു ഒരു ബബൂണ്‍ കൊരങ്ങനെ പോലെ അലറി...ഭ് ഫാ... !!!! ആ അലർച്ചയിൽ ഓദേഷ് തെങ്ങിൽ നിന്നും പിടി വിട്ടു താഴെ വീണു. പൊട്ടക്കണ്ണന്റെ കൈയ്യിൽ ഉള്ള സഞ്ചി പൊട്ടി മാക്രികൾ നാലുപാടും ചിതറി. അതിലൊന്ന് ഇട്ടുണ്ണന്റെ മർമ്മത്തിൽ കടിച്ചു. കന്നാസ് താഴെ വീണു ഗോമൂത്രം എങ്ങും പരന്നു. അതൊഴുകി തപസ്സിരുന്ന ക്രിമിയുടെ ആസനം നനച്ചു. കൃമി വെറച്ചു. ഒന്നും ഓർത്തില്ല. പകരട്ടെ classilkeromia. ക്ലാസ്സിൽ കേറി പഠിച്ചു നശിക്കട്ടെ എല്ലാം...ചാടി വീണു ഉള്ളാടന്റെ കഴുത്തിന്റെ പൊറകിൽ കൊടുത്തു ഒരു കടി. *************** അയ്യോ...മമ്മീ...എന്നെ കടിച്ചു.... ഞെട്ടി കണ്ണ് തോറന്നപ്പോ ക്ലാസ്സിൽ അടുത്ത സീറ്റിൽ ഇരുന്നു ചിണുങ്ങി കരയുന്ന ഉള്ളാടൻ. മുന്നിൽ കലി തുള്ളി മനാസ് Sir. യെന്തുവാടെയ് യെവനൊക്കെ..? ഒറക്കവും പിന്നെ കടിയും പിടിയും കരച്ചിലും..നഴ് സറി സ്കൂളാ? യെഞ്ഞിനീയറിങ്ങു പഠിക്കാൻ ഓരോ വേയിസ്റുകള് യെറങ്ങിരിക്കുന്നു....Get out! ക്ലാസിന്റെ ജനലിൽ കൂടെ ചാടി പോറത്തിറങ്ങിയപ്പോ classilkeromia-യും Dr.സോമശേഖരനും അലിഞ്ഞലിഞ്ഞു ഇല്ലാതായി. പക്ഷെ അപ്പോഴും പൊന്തക്കാട് അവിടെ വർണശോഭയോടെ നിന്നിരുന്നു. നേരെ ഓടി, അങ്ങോട്ട്‌. Classilkeromia by Anup Viswanathan MEC 1994-98, Biomedical #xMECMeet2014 #xMECMeetMECMemories
Posted on: Mon, 17 Nov 2014 04:47:53 +0000

Trending Topics



Recently Viewed Topics




© 2015