തട്ട് വാദങ്ങളും വരട്ട് - TopicsExpress



          

തട്ട് വാദങ്ങളും വരട്ട് ന്യായങ്ങളും (1) ഏതാനും ദശകങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ആചാര്യനായ സ.ഇം.എം.എസ്സും* മാര്‍ക്‌സിസ്റ്റുകാരായ യുക്തിവാദികളും തമ്മില്‍ ആശയതലത്തില്‍ സംഘര്‍ഷമുണ്ടായി. ഇരുകൂട്ടരും വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിച്ചിരുന്നതിനാല്‍ അതിലെ ടൂളുകള്‍ ഉപയോഗിച്ചാണ് പരസ്പരം പോരടിച്ചത്. പവനനും ഇടമറുകുമൊക്കെയാണ് യുക്തിവാദികളുടെ ഭാഗത്തുനിന്നും പങ്കെടുത്തത്. സംവാദത്തിനൊടുവില്‍ യുക്തിവാദികള്‍ക്കെതിരെ പുസ്തകം എഴുതി പ്രസിദ്ധീകരിച്ച ലോകത്തെ ഏക രാഷ്ട്രീയപാര്‍ട്ടി എന്ന ബഹുമതി സി.പി.ഐ(എം) സ്വന്തമാക്കി. (2) വോട്ടുനേടാനും ബഹുജനപിന്തുണ ഉറപ്പിച്ച് മതാധിഷ്ഠിത സമൂഹത്തില്‍ നിന്നുപിഴയ്ക്കാനും പാര്‍ട്ടിക്ക് യുക്തിവാദികളെ പരസ്യമായി തള്ളിപ്പറയേണ്ടതുണ്ടായിരുന്നു. യുക്തിവാദികളാകട്ടെ അവരുടെ പ്രവര്‍ത്തനത്തിന് പാര്‍ട്ടി പിന്തുണ അത്യാവശ്യമാണെന്നും വിശ്വസിച്ചു. സംസ്‌ക്കാരത്തെ മേല്‍ത്തട്ടായും സാമ്പത്തിക ഘടകങ്ങളെ അടിത്തട്ടായും സങ്കല്‍പ്പിക്കുന്ന മാര്‍ക്‌സിസ്റ്റ് സങ്കല്‍പ്പത്തിന്റെ ചുവടു പിടിച്ചായിരുന്നു ഇരുകൂട്ടരും വാദങ്ങള്‍ നിരത്തിയത്. അടിത്തറ തകര്‍ന്നാല്‍ മേല്‍ക്കൂര നിലനില്‍ക്കില്ലെന്ന സരളയുക്തിയാണ് ഇം.എം.എസ് ഉന്നയിച്ചത്. യുക്തിവാദപ്രവര്‍ത്തനം പാര്‍ട്ടിപ്രവര്‍ത്തനത്തിന് കീഴ്‌പ്പെടണം. ആദ്യം കമ്മ്യൂണിസ്റ്റ്, പിന്നെ യുക്തിവാദി-അതാവണം പ്രവര്‍ത്തനരീതി. ഒന്നുകില്‍ പാര്‍ട്ടി അല്ലെങ്കില്‍ യുക്തിവാദം,ഏതെങ്കിലും ഒന്നുമാത്രം തെരഞ്ഞെടുക്കണം-എന്ന നിലയിലേക്ക് പിന്നീട് ഈ ഉപാധി മാറി. തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യത്തിലേക്ക് സമൂഹം കുതിക്കുമ്പോള്‍ മതം ഉള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങള്‍ ആവിയാകുമെന്നതിനാല്‍ യുക്തിവാദപ്രസ്ഥാനം തന്നെ അനാവശ്യമാണെന്നായിരുന്നു പാര്‍ട്ടിലൈന്‍. (3) അടിത്തട്ട്-മേല്‍ത്തട്ട് എന്ന മാര്‍ക്‌സിസ്റ്റ് സങ്കല്‍പ്പം സാധുവാണോ? അല്ല എന്നതാണ് ലളിതമായ ഉത്തരം. താഴെ നിന്ന് മുകളിലേക്ക് ശ്രേണിബദ്ധമായി സാമൂഹ്യസത്യങ്ങള്‍ അടുക്കിവെക്കുന്നത് യുക്തിഹീനമാണ്. അതൊരു തരം ഘടന കണ്ടെത്തലാണ്. സാമ്പത്തികഘടകങ്ങള്‍ അടിത്തറയും സാംസ്‌ക്കാരികതലം മേല്‍ത്തട്ടുമാണെന്നുമുള്ള സങ്കല്‍പ്പം ശാസ്ത്രീയ പിന്തുണയോ തെളിവോ ഇല്ലാത്ത കേവലമായ സങ്കല്‍പ്പസിദ്ധാന്തം മാത്രമാണ്. സംസ്‌ക്കാരം അടിത്തറയാണെന്നും സാമ്പത്തിക സമവാക്യങ്ങള്‍ നിലവില്‍ വരുന്നത് അതിന് മുകളിലാണെന്ന് തിരിച്ചും വാദിക്കാം. സാമ്പത്തിക സമവാക്യങ്ങള്‍ മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കാന്‍ തുടങ്ങുന്നതിന് എത്രയോ മുമ്പ് തന്നെ അവന് സംസ്‌ക്കാരിക-ബൗദ്ധികജീവിതം ഉണ്ടായിരുന്നുവെന്ന് വാദിക്കാം. (4) അതുകൊണ്ട് തന്നെ സ.ഇം.എം.എസും മാര്‍ക്‌സിസ്റ്റ് യുക്തിവാദികളും തമ്മിലുണ്ടായ തര്‍ക്കം നിരര്‍ത്ഥകമായിരുന്നു. യുക്തിവാദികളെ വിമര്‍ശിക്കാനായി ഇം.എം.എസ് തെരെഞ്ഞെടുത്ത ന്യായവാദങ്ങളെല്ലാം കേവലമായ വൈക്കോല്‍ വാദങ്ങളായിരുന്നു. They were all straw man arguments. അതായത് യുക്തിവാദികളുടെ നിലപാട് ഇന്നതാണെന്ന് വാദിച്ച് തന്നിഷ്ടപ്രകാരം പലതും എഴുതിവെക്കുകയും ആയതിനെ സ്വയം ഖണ്ഡിക്കുകയും ചെയ്യുന്ന രീതിയാണ് സ.ഇം.എം.എസ് അനുവര്‍ത്തിച്ചത്. മിക്കവയും കേവലമായ വാചാടോപവിദ്യ(rhetorical ploy)കള്‍ മാത്രമായിരുന്നു. പ്രധാനപ്പെട്ട ചിലവ പരിശോധിക്കാം. (a) കമ്മ്യൂണിസ്റ്റുകാര്‍ മതത്തെ ഒരു സാമൂഹികയാഥാര്‍ത്ഥ്യമായി കാണുന്നു, വൈരുദ്ധ്യാത്മകമായി വിലയിരുത്തുന്നു. ഇത് കേട്ടാല്‍ തോന്നും മാര്‍ക്‌സിസ്റ്റ് യുക്തിവാദികള്‍ക്ക് മതം ഒരു പകല്‍ക്കിനാവാണെന്ന്! മതം യാഥാര്‍ത്ഥ്യമല്ലെങ്കില്‍ യുക്തിവാദികള്‍ മതത്തിനെതിരെ തിരിയേണ്ടതില്ല. മതത്തെ ചൂഷണാത്മകമായ ഒരു സാമൂഹികാഥാര്‍ത്ഥ്യമായി തിരിച്ചറിയുന്നതുകൊണ്ടും അത് സമൂഹത്തിനും നാഗരികതയ്ക്കും അപരിഹാര്യമായ തിരിച്ചടികള്‍ കൊണ്ടുവരുമെന്നും ഏറ്റവുമധികം ബോധ്യമുള്ളതുകൊണ്ടുമായിരിക്കുമല്ലോ യുക്തിവാദികള്‍ മതവിമര്‍ശനവും മതവിരുദ്ധപ്രചരണവും നടത്തുന്നത്. മതമൊരു സാമൂഹിക യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലാക്കാന്‍ പരാജയപ്പെട്ടത് മാര്‍ക്‌സിസമാണോ എന്ന സംശയമാണവിടെ യഥാര്‍ത്ഥത്തില്‍ ഉയരുന്നത്. മതം എന്തെന്ന് മനസ്സിലാക്കുന്നവര്‍ ഒരിക്കലുമതിനെ അടിച്ചമര്‍ത്താനോ പ്രീണപ്പിക്കാനോ ഒരുമ്പെടില്ല. പകരം ബലപ്രയോഗം ഒഴിവാക്കി ബോധവത്ക്കരണത്തിലൂടെയും ബൗദ്ധികവിദ്യാഭ്യാസത്തിലൂടെയും ആശയപരമായി അതിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കും. യുക്തിവാദികള്‍ ചെയ്യുന്നതും മറ്റൊന്നല്ല. മതം ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിയാന്‍ പരാജയപ്പെട്ടതാണ് കമ്മ്യൂണസത്തിന് സംഭവിച്ച വലിയൊരു പിഴവ്. ഇവിടെ മാര്‍ക്‌സിസ്റ്റ് യുക്തിവാദികളുടെ മേല്‍ ഇം.എം.എസ് സ്വന്തം കുറ്റമാരോപിക്കുകയായിരുന്നു. (b) മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി സമൂഹത്തില്‍ ഒരുപാട് മാറ്റം കൊണ്ടുവന്നിട്ടുണ്ട്, വികസന-പരിഷ്‌ക്കരണപരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്, യുക്തിവാദികളെ കൊണ്ട് അങ്ങനെ യാതൊരു പ്രയോജനവുമില്ല-ഇതായിരുന്നു മറ്റൊരു പ്രചരണം. പാര്‍ട്ടി ഒരു ബഹുജനപ്രസ്ഥാനമാണ്. ജനങ്ങളെ സംഘടിപ്പിച്ച് അവരുടെ പൊതുവായ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാനും അതിനായി അധികാരം സ്വന്തമാക്കാനും ശ്രമിക്കുന്ന ഒരു പ്രസ്ഥാനമാണത്. സ്വഭാവികമായും പാര്‍ട്ടിക്ക് അധികാരം ലഭിക്കുകയും ചില ഇടപെടലുകള്‍ നടത്താന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കൊക്കെ അത് സാധിക്കാറുണ്ട്. യുക്തിവാദികള്‍ അത്തരത്തിലുള്ള രാഷ്ട്രീയകക്ഷികളോ പൊതുപ്രസ്ഥാനങ്ങളോ അല്ല. അവര്‍ പ്രധാനമായും ബൗദ്ധിക-സാംസ്‌ക്കാരിക തലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. മാനവികതയെ പിന്തുണയ്ക്കുകയും ജ്ഞാനോദയപ്രക്രിയയെ പടര്‍ത്തുകയുമാണ് അവരുടെ പ്രധാന ലക്ഷ്യവും ദൗത്യവും. മറ്റാരും ചെയ്യാന്‍ താല്‍പര്യപ്പെടാത്ത ഒരു ദൗത്യമാണവര്‍ നിര്‍വഹിക്കുന്നത്. They are doing an exclusive job that not so many people are prepared to do. സമഗ്രവികസനവും ദാരിദ്രനിര്‍മ്മാര്‍ജ്ജനവും ലക്ഷ്യമിടുന്ന നിരവധി പ്രസ്ഥാനങ്ങള്‍ സമൂഹത്തിലുണ്ട്. അധികാരം കയ്യാളുന്ന രാഷ്ട്രീയകക്ഷികള്‍ സമഗ്രവികസനം കൊണ്ടുവരുന്നതോ യുക്തിവാദപ്രവര്‍ത്തനവുമായി താരതമ്യപ്പെടുത്തുന്നത് കഥയില്ലായ്മയാണ്. (c) യുക്തിവാദം കൊണ്ട് മാത്രമായില്ല. അതിന് ഏറെ പരിമിതികളുണ്ട്! പരിമിതികളുണ്ടെന്നത് യുക്തിവാദി പ്രവര്‍ത്തനത്തിനെതിരെ മാത്രം ഉന്നയിക്കാവുന്ന ഒരു ആരോപണമല്ല. പരിമിതികള്‍ എല്ലാത്തിനുമുണ്ട്. മുഖ്യാധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പരിമിതികള്‍ കൂടുതലുള്ള മേഖലയിലാണ് യുക്തിവാദപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വഭാവികമായും അവര്‍ക്ക് രാഷ്ട്രീയരംഗത്ത് പരിമിതികളുണ്ടാകുന്നു. അതുകൊണ്ടെന്ത്? ഒരു രാഷ്ട്രീയപ്രവര്‍ത്തകന് ശാസ്ത്ര-സാഹിത്യ രംഗത്ത് പരിമിതികളുണ്ടെന്ന് കരുതി അയാള്‍ രാഷ്ട്രീയപ്രവര്‍ത്തനം അര്‍ത്ഥശൂന്യമാകുന്നുണ്ടോ? (d) സമ്പന്നനായ യുക്തിവാദിയും ദരിദ്രനായ വിശ്വാസിയും വന്നാല്‍ കമ്മ്യൂണിസ്റ്റുകാരന്‍ ദരിദ്രനായ വിശ്വാസിക്ക് ഒപ്പം നില്‍ക്കും! മറ്റൊരു വൈക്കോല്‍വാദം. കമ്മ്യൂണസ്റ്റുകാരന്‍ ദരിദ്രന്റെ കൂടെ നില്‍ക്കുമോ എന്ന ചോദ്യം തല്‍ക്കാലം വിടാം. നിന്നാല്‍ നല്ലത്. ദരിദ്രനായ വിശ്വാസിയെ തള്ളിക്കളയുകയും സമ്പന്നനായ അവിശ്വാസിയെ സ്‌നേഹിക്കുകയുമാണ് യുക്തിവാദത്തിന്റെ അടിസ്ഥാനമെന്ന ഇല്ലാവാദമുണ്ടാക്കി സ്വയം മേന്മ നടിക്കുകയാണവിടെ. മതവിശ്വാസിയെ ശത്രുവായല്ല മറിച്ച് മതമെന്ന ചൂഷണസ്ഥാപനത്തിന്റെ ഇരയായി കാണുന്നതാണ് യുക്തിവാദം. മതചൂഷണത്തില്‍ പെട്ടുഴലുന്നവര്‍ക്ക് വെളിച്ചംപകരാനാണ് യുക്തിവാദികള്‍ പരിശ്രമിക്കുന്നത്. യുക്തിവാദിയുടെ മതവിരുദ്ധപ്രചരണം അവര്‍ക്ക് സ്വന്തമായി നേട്ടമുണ്ടാക്കാനോ നാസ്തികരാജ്യം നിര്‍മ്മിക്കാനോ അല്ല. കമ്മ്യൂണിസ്റ്റുകാരെപ്പോലെ രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് മതത്തെ പ്രാകൃതമായി അടിച്ചമര്‍ത്താനും അന്ധമായി പ്രീണപ്പിക്കാനും യുക്തിവാദികള്‍ ശ്രമിക്കില്ല. മതവിമര്‍ശനം വിശ്വാസിക്കെതിരെയുള്ള കൊലവിളിയല്ല. അതൊരു വിദ്യാഭ്യാസപ്രവര്‍ത്തനമാണ്. It is an education programme. The Rationalists attempt to enlighten people, bringing them closer to science and Reason. അദ്ധ്യാപകന്‍ മികച്ച കുട്ടികളെയും മോശം കുട്ടികളെയും സമാനമായ സ്‌നേഹവും അര്‍പ്പണബോധത്തോടെയും പഠിപ്പിക്കും. മോശം കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണം. ഒരു പ്രശ്‌നം വരുമ്പോള്‍ അദ്ധ്യാപകന്‍ പഠനത്തില്‍ മികവുള്ള കുട്ടികള്‍ക്കൊപ്പം നില്‍ക്കുകയും മോശം കുട്ടികളെ അവഗണിക്കുകയും ചെയ്യുമെന്ന് വാദിക്കുമെന്ന് പറയുംപോലുള്ള വങ്കത്തരമാണ് ഈ വാദത്തില്‍ നിഴലിക്കുന്നത്. (e) യുക്തിവാദികള്‍ എല്ലാത്തിനും കാരണം മതമാണെന്ന് കരുതുന്നു. ഇതും തനി വൈക്കോല്‍ തന്നെ. ഏതെങ്കിലും ഒരു മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ അടുത്ത് ചെന്ന് അവര്‍ അത് മാത്രമമാണ് ലോകത്തെ സര്‍വ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് വാദിക്കുന്നവരാണ് എന്ന് ആക്ഷേപിക്കണമെങ്കില്‍ ആ തൊലിക്കട്ടിയെ നമിക്കണം. ഇത് ചെയ്യുന്നവര്‍ എന്താ അത് ചെയ്യാത്തേ എന്ന ഉണക്കച്ചോദ്യമാണത്. ആദിവാസി പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരോട് ചെന്ന് ലോകത്തെ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും കാരണം ആദിവാസിഷണമാണെന്ന് പറയുന്നത് ശരിയല്ല എന്ന് വാദിക്കുന്നതുപോലെയോ പരിസ്ഥിതിവാദിയോട് ഈ പരിസ്ഥിതിവാദമൊക്കെ തികച്ചും അപര്യപ്തമാണ്, ലോകത്തെ സര്‍വപ്രശ്‌നങ്ങള്‍ക്കും കാരണം പരിസ്ഥിതി നാശമാണെന്ന് കരുതുന്നത് ശരിയാണോ എന്നൊക്കെ ചോദിക്കുമ്പോള്‍ അവിടെയൊക്കെ തെളിയുന്നത് ചോദ്യകാരന്റെ വിവരമില്ലായ്മ മാത്രമാണ്. മനുഷ്യരാശി നേരിടുന്ന സര്‍വ തിന്മകള്‍ക്കും പ്രതിസന്ധികളുടെയും മുഖ്യ കാരണങ്ങളില്‍ ഒന്ന് മതമെന്ന ചൂഷകസംവിധാനമാണ്. ഏക കാരണത്തില്‍ നാസ്തികര്‍ വിശ്വസിക്കില്ല. പ്രപഞ്ചവും പ്രാപഞ്ചികപ്രതിഭാസങ്ങളും ബഹുകാരണ സംബന്ധിയാണ്. ഏകകാരണം കഥയില്ലാത്ത മതവാദമാണ്. എക്കാലത്തും അതുന്നയിക്കുന്നത് മതവാദികള്‍ മാത്രമാണ്. (f) മതത്തെ ഒരിക്കലും ഇല്ലാതാക്കാനാവില്ല. അതിനാല്‍ യുക്തിവാദം വിഫലമാണ്. ഇതാണ് അടുത്ത കോമഡി. ലോകത്ത് വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങള്‍ ഭിന്നലക്ഷ്യങ്ങള്‍ മുഖ്യമായി കാണാറുണ്ട്. കമ്മ്യൂണിസം മുതലാളിത്തത്തിനും സാമ്ര്യജ്യത്വത്തിനും വര്‍ഗ്ഗീയയ്ക്കുമെതിരെ പോരാടുന്നുവെന്ന് അവകാശപ്പെടാറുണ്ട്. ഈ ശക്തികളൊന്നും തെല്ലും ദുര്‍ബലപ്പെടുന്നതായി കാണുന്നില്ല. ഇവയൊക്കെ എന്നെങ്കിലും ഇല്ലാതായിട്ടുണ്ടോ, ഇല്ലാതാകമോ? കമ്മ്യൂണിസം എതിരെ പ്രവര്‍ത്തിച്ചത് കൊണ്ട് മാത്രം ശക്തിപ്പെട്ട സ്ഥാപനങ്ങളാണിവയെന്ന് പറയാമോ? മദ്യവിരുദ്ധപ്രവര്‍ത്തനം നടത്തിയതുകൊണ്ട് മദ്യപാനം കൂടിയെന്നും അഴിമതി വിരുദ്ധസമരങ്ങളുടെ വേലിയേറ്റം മൂലം അഴിമതി അസഹനീയമായെന്നും സ്ത്രീപീഡനത്തിനെതിരെയുള്ള ബോധവത്ക്കരണം തുടങ്ങിയതില്‍പ്പിന്നെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കുതിച്ചുയര്‍ന്നു എന്നൊക്കെ പറയുന്നത് പോലെയാണ് ഈ വൈക്കോല്‍ വാദത്തിന്റെ കാര്യവും. കമ്മ്യൂണിസം മുന്നോട്ടുവെച്ച ഏതെങ്കിലും ലക്ഷ്യം പ്രായോഗികമായി നടക്കുന്നതാണോ, നടന്നിട്ടുണ്ടോ എന്ന് സ്വയം ചോദിച്ചിരുന്നെങ്കില്‍ ഇം.എം.എസിന് മാര്‍ക്‌സിസ്റ്റ് യുക്തിവാദികളുടെ മേല്‍ കുതിര കയറാതെ സ്വന്തം കണ്ണിലെ കരട് എടുക്കാമായിരുന്നു. പരസ്പരമുള്ള പഴിചാരല്‍ ഒഴിവാക്കി കമ്മ്യൂണിസ്റ്റുകളും മതേതരകക്ഷികളിലെ പുരോഗമനവാദികളും യുക്തിവാദികളും പരിഷത്തുകാരും ഉള്‍പ്പെടെയുള്ളവര്‍ കൂട്ടായ പരിശ്രമം നടത്തിയെങ്കില്‍ മാത്രമേ കേരളസമൂഹത്തില്‍ കൂടുതല്‍ വെളിച്ചം കൊണ്ടുവരാനാവൂ. സ്വയം മഹത്വപ്പെടുത്തലുകളും കേമത്തം നടിക്കലുകളും അവിടെ ഒട്ടും പ്രയോജനകരമല്ല.
Posted on: Tue, 12 Aug 2014 10:29:59 +0000

Trending Topics



Recently Viewed Topics




© 2015