പ്രകൃതിശാസ്ത്ര - TopicsExpress



          

പ്രകൃതിശാസ്ത്ര പണ്ഡിതനായിരുന്ന ചാള്‍സ് ഡാര്‍വിന്‍ 1859-ല്‍ On the Origin of Species by Means of Natural Selection, or the Preservation of Favoured Races in the Struggle for Life എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ച ജീവിവര്‍ഗങ്ങളുടെ ഉല്‍പത്തിയെ സംബന്ധിച്ച വീക്ഷണമാണ് പരിണാമസിദ്ധാന്തമായി അറിയപ്പെടുന്നത്. നൂതന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പരിണാമസിദ്ധാന്തം ഇന്ന് കൂടുതല്‍ വികസിച്ചിട്ടുണ്ടെങ്കിലും അതിന്റെ മൂലപ്രമാണമായി ഡാര്‍വിന്റെ ഗ്രന്ഥം ഇന്നും നിലനില്‍ക്കുന്നു. On the Origin of Species എന്ന ചുരുക്കപ്പേരില്‍ ഇന്നും അതിന്റെ പ്രസിദ്ധീകരണം തുടരുന്നു. ഡാര്‍വിന്‍ (1809-1882) ജനിച്ചു വളര്‍ന്നത് യാഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തിലായിരുന്നു. എഡിന്‍ബര്‍ഗില്‍ മെഡിക്കല്‍ കോഴ്‌സിന് ചേര്‍ന്നെങ്കിലും രണ്ട് കൊല്ലത്തിനുശേഷം അത് മതിയാക്കി കാംബ്രിഡ്ജ് സര്‍വകലാശാലയിലെ ക്രൈസ്റ്റ് കോളേജില്‍ ദൈവശാസ്ത്രത്തില്‍ പഠനം തുടര്‍ന്നു ബിരുദം നേടി. പഠനകാലത്ത് അദ്ദേഹം ബൈബിളിലെ ഓരോ വാക്കും സത്യമാണെന്ന് ദൃഢമായി വിശ്വസിച്ചിരുന്നു. ക്രൈസ്തവ പണ്ഡിതനായിരുന്ന വില്യം പാലിയുടെ Natural Theology എന്ന ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന പ്രകൃതിസംവിധാനത്തിന്റെ ആസൂത്രണം ദൈവാസ്തിത്വത്തിന്റെ തെളിവാണെന്ന വാദം ഡാര്‍വിനെ വളരെയധികം സ്വാധീനിച്ചതായി കാണാവുന്നതാണ്. ഒരു നാട്ടുവൈദികനാകാനും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. പക്ഷേ, കാംബ്രിഡ്ജ് വിദ്യാഭ്യാസം കഴിഞ്ഞയുടന്‍ ഡാര്‍വിനെ കാത്തിരുന്നത് എച്ച്.എം.എസ് ബീഗ്ള്‍ എന്ന കപ്പലില്‍ ഒരു ആഗോള യാത്രയായിരുന്നു. കപ്പല്‍ സംഘത്തില്‍ വേതനമില്ലാതെ പ്രകൃതിശാസ്ത്ര പണ്ഡിതനായി നിയമിതനായ ഡാര്‍വിന് അഞ്ച് കൊല്ലത്തെ ആ കപ്പല്‍ യാത്ര എല്ലാ അര്‍ഥത്തിലും പരിണാമത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. ആ യാത്രയില്‍ സന്ദര്‍ശിച്ച ഭൂപ്രദേശങ്ങളിലെ (പ്രത്യേകിച്ചും ദക്ഷിണ അമേരിക്ക, ഗലപ്പഗോസ് ദ്വീപുകള്‍, പസിഫിക്കിലെ പവിഴദ്വീപുകള്‍) ജൈവവൈവിധ്യ സംബന്ധവും ഭൂഗര്‍ഭശാസ്ത്ര സംബന്ധവുമായ ധാരാളം നിരീക്ഷണങ്ങളും പഠനങ്ങളും അദ്ദേഹം നടത്തുകയുണ്ടായി. പ്രസിദ്ധ ഭൂഗര്‍ഭശാസ്ത്ര പണ്ഡിതനായിരുന്ന ചാള്‍സ് ലയെലിയുടെ Principles of Geology എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരുന്ന അതിപ്രാചീനകാലത്തെ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളെ (Fossils) സംബന്ധിച്ച ആശയങ്ങള്‍ തന്റെ നിരീക്ഷണങ്ങളെയും പഠനഫലങ്ങളെയും വിശദീകരിക്കാനുതകുന്നവയാണെന്ന് ഡാര്‍വിന് ബോധ്യപ്പെട്ടു. ക്രമേണയായുള്ള പരിണാമത്തിലൂടെയാണ് ഒരു ജീവിവര്‍ഗ(Species)ത്തില്‍ നിന്ന് മറ്റൊരു ജീവിവര്‍ഗമുണ്ടാകുന്നതെന്ന് അദ്ദേഹം അനുമാനിച്ചു. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തില്‍ ഡാര്‍വിനും ഇംഗ്ലീഷ് ജീവശാസ്ത്രജ്ഞനായിരുന്ന ആല്‍ഫ്രഡ് റസ്സല്‍ വാല്ലസും ജീവിവര്‍ഗ മാറ്റം സംഭവിക്കാനുതകുന്ന ഒരു പ്രകൃതി പ്രതിഭാസത്തെ സംബന്ധിച്ച സിദ്ധാന്തം സ്വതന്ത്രമായി അവതരിപ്പിച്ചിരുന്നു. ആ സിദ്ധാന്തത്തിനാണ് പ്രകൃതി തെരഞ്ഞെടുപ്പ് (Natural Selection) എന്ന പേര് ഡാര്‍വിന്‍ നല്‍കിയത്. ആ സിദ്ധാന്തെത്ത ന്യായീകരിക്കാന്‍ ഏറെ സഹായകമായിരുന്നു ജനസംഖ്യാവര്‍ധനയും ഭക്ഷ്യലഭ്യതയും ബന്ധപ്പെടുത്തിയുള്ള തോമസ് മാല്‍ത്തൂസിന്റെ സിദ്ധാന്തം. ഈ സിദ്ധാന്തപ്രകാരം ജനസംഖ്യാവര്‍ധനയുടെ നിരക്ക് ഭക്ഷ്യോല്‍പാദന നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നതാകയാല്‍ അത് പട്ടിണിക്ക് വഴിതെളിക്കുമെന്നാണ്. ഇത് സസ്യ-മൃഗ ലോകത്തും ഒരുപോലെ ബാധകമാണെന്ന വാദത്തിന്മേല്‍ സസ്യവര്‍ഗങ്ങളും മൃഗവര്‍ഗങ്ങളുമെല്ലാം ജനസംഖ്യാസമ്മര്‍ദ ഫലമായി നിലനില്‍പിനായുള്ള കടുത്ത മാത്സര്യത്തിലാണെന്ന ധാരണ ഉടലെടുക്കുകയായിരുന്നു. നിലവിലുള്ള ജീവിവര്‍ഗങ്ങളില്‍ ദീര്‍ഘകാലത്തെ പടിപടിയായുള്ള യാദൃഛിക പൈതൃകവ്യതിയാനത്തിലൂടെയാണ് പുതിയ ജീവിവര്‍ഗങ്ങളുണ്ടാകുന്നതെന്ന് ഡാര്‍വിന് ബോധ്യപ്പെട്ടതോടെ, പഴയ നിയമം ദൈവിക വെളിപാടാണെന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിന് ഇളക്കം സംഭവിക്കുകയും ക്രമേണ അതില്‍ വിശ്വാസം തീരെ ഇല്ലാതാവുകയും ചെയ്തു. പഴയ നിയമത്തെ തള്ളിയതിനു പിന്നാലെ പുതിയ നിയമത്തിലും ക്രിസ്തുമതത്തിലും അദ്ദേഹത്തിന് വിശ്വാസം നഷ്ടപ്പെട്ടു. ദൈവവിശ്വാസിയായിരുന്ന ഡാര്‍വിന്‍ അങ്ങനെ നാല്‍പതാം വയസ്സില്‍ നിരീശ്വരവാദിയായി പരിണമിക്കുകയായിരുന്നു. ജീവിതത്തിന്റെ അവസാന കാലം ഈശ്വരനുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ സംശയത്തിലായിരുന്ന ഡാര്‍വിന്‍ ഒരു അജ്ഞേയതാവാദി (Agnostic) ആയാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ദൈവശാസ്ത്രത്തില്‍ ബിരുദമുള്ള, വൈദികനാകാന്‍ യോഗ്യതയുണ്ടായിരുന്ന, ബൈബിളിലെ ഓരോ വാക്കും ദൈവിക വെളിപാടാണെന്ന് വിശ്വസിച്ച ഡാര്‍വിന്‍, ബൈബിളിലെ സൃഷ്ടി വിവരണം തെറ്റാണെന്ന് ബോധ്യപ്പെട്ട് ദൈവം ഇല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സിദ്ധാന്തമാണ് പരിണാമ സിദ്ധാന്തം. ഡാര്‍വിന്റെ സിദ്ധാന്തപ്രകാരം ഭൂമുഖത്തെ എല്ലാ ജീവികളും ഏതാനും കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃഛികമായുണ്ടായ ഒരു ജീവിയില്‍ നിന്നു കാലക്രമേണ പരിണമിച്ചുണ്ടായതാണ്. മാറ്റപ്പെടാവുന്ന ജൈവവ്യവസ്ഥയായിട്ടാണ് ഡാര്‍വിന്‍ ജീവിയെ കണ്ടിരുന്നത്. പ്രകൃതിയില്‍ എല്ലാ ജീവികളും സ്വന്തം നിലനില്‍പിനായുള്ള കടുത്ത മാത്സര്യത്തിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ സാഹചര്യത്തില്‍ ഒരു ജീവിയില്‍ യാദൃഛികമായി അതിന് പ്രയോജനപ്പെടുന്ന ഏതെങ്കിലും പൈതൃകവ്യതിയാനം (ആധുനിക ജീന്‍ സിദ്ധാന്ത പ്രകാരം ജനിതകമാറ്റം അഥവാ ഡി.എന്‍.എ ഘടനയിലെ മാറ്റം) ഉണ്ടാകുമ്പോള്‍ അത് മാത്സര്യത്തെ അതിജീവിക്കാന്‍ ജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. ഒരു ജീവിക്ക് പ്രയോജനപ്പെടുന്ന പൈതൃകവ്യതിയാനത്തെ നിലനിര്‍ത്തുന്നത് പ്രകൃതി തെരഞ്ഞെടുപ്പിലൂടെയാണ്. അങ്ങനെ സംഭവിക്കുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ടകാലത്തിനുള്ളില്‍ പൂര്‍വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി അത് രൂപാന്തരപ്പെടുന്നു. മനുഷ്യനടക്കം ലക്ഷക്കണക്കിനു ജീവികള്‍ അങ്ങനെയാണ് ഭൂമിയിലുണ്ടായതെന്നാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം വാദിക്കുന്നത്. സ്വാഭാവികമായും പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാന സങ്കല്‍പങ്ങള്‍ (Assumptions) ദൈവാസ്തിത്വത്തിന് തീര്‍ത്തും അയോഗ്യമായിരിക്കും. ജീവിവര്‍ഗങ്ങള്‍ തമ്മില്‍ നിലനില്‍പിനായുള്ള അനന്തമായ മാത്സര്യം, ആസൂത്രിതമല്ലാത്ത പ്രകൃതി തെരഞ്ഞെടുപ്പ്, പൈതൃകമാറ്റത്തിന്റെ അനിശ്ചിതാവസ്ഥയും യാദൃഛികതയും, ലക്ഷ്യമില്ലാതെയുള്ള പരിണാമപ്രക്രിയ എന്നീ അടിസ്ഥാന സങ്കല്‍പങ്ങളെല്ലാം ദൈവത്തിന്റെ അഭാവത്തിലുണ്ടാകാവുന്ന സ്ഥിതിവിശേഷത്തെ ആധാരമാക്കിയുള്ളതാണ്. ഈ സങ്കല്‍പങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ദൈവികവത്കരിക്കാന്‍ സാധ്യമല്ലെന്ന് മാത്രമല്ല അത് അശാസ്ത്രീയവുമാണ്. കൂടാതെ, കടുത്ത ദൈവനിന്ദയുമായിരിക്കും. ഖേദകരമെന്ന് പറയട്ടെ, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്നും അത് ദൈവാസ്തിത്വത്തിന് എതിരല്ലെന്നുമുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം മതഭേദമന്യേ ഈശ്വര വിശ്വാസികളെയും നിരീശ്വരവാദികളെയുമെല്ലാം ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സിദ്ധാന്തത്തെ സംബന്ധിച്ച മാര്‍പ്പാപ്പയുടെ രണ്ട് പ്രസ്താവനകളും വാസ്തവ വിരുദ്ധമാണ്. പരിണാമ സിദ്ധാന്തം ശരിയുമല്ല, ദൈവാസ്തിത്വത്തിന് എതിരുമാണ്. പരിണാമ സിദ്ധാന്തം ബൈബിളിനെതിരല്ലെന്ന് മാര്‍പ്പാപ്പ പറയുമ്പോള്‍ ബൈബിള്‍ നിരീശ്വരവാദത്തിനെതിരല്ലെന്ന് വരെ സംശയിച്ചുപോകും! ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം സ്രഷ്ടാവിനും സൃഷ്ടിപ്പിനും എതിരാണെന്നതില്‍ സംശയമില്ല. ഡാര്‍വിന്‍ തന്നെയും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഡാര്‍വിന്‍ അദ്ദേഹത്തെ ചെകുത്താന്റെ പാതിരി(Devils Chaplain)യായും അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ ചെകുത്താന്റെ സുവിശേഷ(Devils Gospel)മായുമാണ് വിശേഷിപ്പിച്ചത്. ഖുര്‍ആനിനും ബൈബിളിനും എതിരായ സിദ്ധാന്തമാണിതെന്ന് വ്യക്തമാകാന്‍ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ മനുഷ്യസൃഷ്ടി പ്രക്രിയയെ സംബന്ധിച്ച വിവരണം തന്നെ ധാരാളമാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തപ്രകാരം ജന്തുവര്‍ഗത്തിന്റെ തുടര്‍ച്ചയായി ചിമ്പാന്‍സിയെന്ന മൃഗത്തില്‍നിന്നു പരിണമിച്ചുണ്ടായതാണ് മനുഷ്യന്‍. ഇതിന് വിപരീതമായി വേദഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുന്നത് ദൈവം മനുഷ്യനെ പ്രത്യേക സൃഷ്ടിപ്രക്രിയയിലൂടെയാണ് സൃഷ്ടിച്ചതെന്നാണ്. ഈ വിഷയത്തില്‍ ഖുര്‍ആനും (ഖുര്‍ആന്‍ 15:26-29) ബൈബിളും (ഉല്‍പത്തി 2:7) ഒരേ സന്ദേശമാണ് നല്‍കുന്നത് - കളിമണ്ണുകൊണ്ടുണ്ടാക്കിയ പ്രതിമയിലേക്ക് ദൈവം ആത്മാവിനെ ഊതിയപ്പോള്‍ ആ പ്രതിമ ജീവനുള്ള മനുഷ്യനായി (ആദം) മാറിയെന്നാണ്. ഈ സൃഷ്ടിപ്രക്രിയ ഡാര്‍വിന്റെ സിദ്ധാന്തപ്രകാരമുള്ള കുരങ്ങ് പരിണാമത്തോട് എങ്ങനെ യോജിക്കും? തന്റെ സിദ്ധാന്തം ശരിയാണോ എന്ന് ഡാര്‍വിന് തന്നെ നിശ്ചയമില്ലായിരുന്നു. താഴെത്തട്ടിലുള്ള മൃഗമനസ്സില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് മനുഷ്യ മനസ്സെന്ന് വിശ്വസിക്കാനാവുമോ എന്ന ചോദ്യവും, പരിണാമ പ്രക്രിയയിലൂടെയാണ് കണ്ണ് ഉണ്ടായതെന്ന് പറയുന്നതിലെ മണ്ടത്തരവും, തന്റെ സങ്കല്‍പങ്ങള്‍ യഥാര്‍ഥ ശാസ്ത്ര പരിധിക്ക് പുറത്താണെന്ന ബോധവും, പ്രകൃതി തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ഒരു ജീവിയും മാറിയിട്ടില്ലെന്നും ഉണ്ടായെന്ന് കരുതപ്പെടുന്ന മാറ്റങ്ങളെല്ലാം അതിന് ഗുണകരമല്ലെന്ന് തെളിയിക്കാനാവുമെന്ന വിശ്വാസവും ഡാര്‍വിനുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പല എഴുത്തുകളും വ്യക്തമാക്കുന്നു. അമേരിക്കയിലും ഇതര പാശ്ചാത്യരാജ്യങ്ങളിലും പരിണാമ സിദ്ധാന്തത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. ക്രൈസ്തവ പുരോഹിതരും ക്രിസ്ത്യന്‍ ശാസ്ത്രജ്ഞരുമാണ് ഇതിനു പിന്നില്‍. സൃഷ്ടിവാദം (Creationism) എന്ന ലളിതമായ ആശയത്തില്‍ നിന്ന് കൂടുതല്‍ ശാസ്ത്രീയമായ Intelligent Design (ID) എന്ന ആശയത്തിലേക്കു മാറി ഈശ്വരവാദത്തിനു പുതിയ മാനങ്ങള്‍ നല്‍കുകയാണ്. സൃഷ്ടിവാദം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നു മാത്രമല്ല അവ നിയമയുദ്ധങ്ങള്‍ക്കുവരെ വഴി തെളിച്ചിരിക്കുന്നു. ഇത്രയേറെ ശക്തമായ എതിര്‍പ്പുകള്‍ വര്‍ഷങ്ങളായി പരിണാമ സിദ്ധാന്തത്തിനെതിരെ ക്രൈസ്തവ സമുദായത്തില്‍ നടന്നുകൊണ്ടിരിക്കെയാണ് അവയുടെയൊക്കെ മുനയൊടിക്കുന്ന പ്രഖ്യാപനവുമായി മാര്‍പ്പാപ്പ മുന്നോട്ട് വന്നിരിക്കുന്നത്! പരിണാമസിദ്ധാന്തം ശാസ്ത്രസിദ്ധാന്തമായി പോലും പരിഗണിക്കാനാവാത്തതാണ്. ഈ വിഷയം ഖുര്‍ആനും ശാസ്ത്രവും നാസ്തികസിദ്ധാന്തവും (പി.എ വാഹിദ്, കറന്റ് ബുക്‌സ്) എന്ന പുസ്തകത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പരിണാമ സിദ്ധാന്തത്തെ എതിര്‍ക്കുന്നത് മതവിശ്വാസികള്‍ മാത്രമാണെന്ന ഒരു പൊതുധാരണയുണ്ട്. മതവിശ്വാസികള്‍ കൂടാതെ ധാരാളം ശാസ്ത്രജ്ഞന്മാരും ഡാര്‍വിന്റെ സിദ്ധാന്തെത്ത എതിര്‍ക്കുന്നവരാണ്. അവര്‍ എതിര്‍ക്കുന്നത് മതത്തിന് എതിരായതുകൊണ്ടല്ല, ശാസ്ത്രമല്ലാത്തതുകൊണ്ടും ശാസ്ത്രതെളിവുകള്‍ സിദ്ധാന്തത്തിനെതിരായതുകൊണ്ടുമാണ്. മതവിശ്വാസികളും ശാസ്ത്രജ്ഞന്മാരും വ്യത്യസ്ത കാരണങ്ങളാലാണ് ഡാര്‍വിനിസത്തിനെതിരായതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്വീഡനിലെ യൂമിയ സര്‍വകലാശാലയിലെ പ്രഫസ്സറായ സോറന്‍ ലൊവ്ട്രുപ് അദ്ദേഹത്തിന്റെ Darwinism: The Refutation of a Myth എന്ന ഗ്രന്ഥത്തില്‍ ഈ വിഷയം പരാമര്‍ശിക്കുന്നുണ്ട്: ചില നിരൂപകര്‍ ഡാര്‍വിന്റെ സിദ്ധാന്തത്തിനെതിരെ തിരിഞ്ഞത് മതകാരണങ്ങള്‍ കൊണ്ടാണ്. പക്ഷേ അവര്‍ ന്യൂനപക്ഷമായിരുന്നു. അദ്ദേഹത്തിന്റെ എതിരാളികളില്‍ ഏറിയകൂറും വാദിച്ചത് പൂര്‍ണമായും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ആധുനിക ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍ 150 വര്‍ഷത്തിലേറെ കാലം വിവാദമായി തുടരുന്ന മറ്റൊരു സിദ്ധാന്തമില്ല! prabodhanam.net/detail.php?cid=3649&tp=1&fb_action_ids=319797781538073&fb_action_types=ogments
Posted on: Fri, 28 Nov 2014 06:39:29 +0000

Trending Topics



Recently Viewed Topics




© 2015