ഗാന്ധിപൂജയിലെ അപകടം Posted - TopicsExpress



          

ഗാന്ധിപൂജയിലെ അപകടം Posted on: 07 Aug 2014 എം.എന്‍. കാരശ്ശേരി നമ്മുടെ ഭരണഘടനയില്‍ രാജ്യം മതേതരമാണ് എന്ന് പറയുന്നുണ്ട്.അഭിപ്രായസ്വാതന്ത്ര്യത്തെ തടയുന്നമട്ടില്‍ വിശുദ്ധമായി എന്തെങ്കിലും ഈ നാട്ടിലുണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. സ്വന്തം ബോധ്യം തുറന്നുപറഞ്ഞതിന് ഒരാള്‍ മാപ്പുചോദിച്ച് പ്രസ്താവന പിന്‍വലിക്കണമെന്ന് മന്ത്രിപറഞ്ഞാലും ഭരണഘടനാലംഘനംതന്നെ ഗാന്ധിജി ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ തന്റെപേരില്‍ നടക്കുന്ന പുക്കാറുകളെപ്പറ്റി എന്തുപറയുമായിരുന്നു? തിരുവനന്തപുരത്ത്, കേരള സര്‍വകലാശാലയില്‍ എഴുത്തുകാരി അരുന്ധതിറോയ് ചെയ്ത പ്രസംഗ (2014 ജൂലായ് 17)ത്തിലാണ് തുടക്കം. അവര്‍ പറഞ്ഞതിന്റെ ചുരുക്കം: ജാതിവ്യവസ്ഥയെ അനുകൂലിച്ചിരുന്ന ഗാന്ധി മഹാത്മാവൊന്നുമല്ല. ജാതിക്കെതിരായി പോരാടിയ അയ്യങ്കാളിയെപ്പോലുള്ളവരെയാണ് മഹാത്മാക്കളായി കൊണ്ടാടേണ്ടത്. സര്‍വകലാശാലയ്ക്ക് ഗാന്ധിയുടെ പേരല്ല, അയ്യങ്കാളിയുടെ പേരാണ് ചേരുക. ഇതിനെതിരെ കേരളത്തില്‍ ആദ്യം തിരിഞ്ഞത് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ്. നമ്മള്‍ ആ പ്രസംഗത്തിനുനേരേ മൗനംപാലിച്ചതിനെതിരെ അദ്ദേഹം രോഷംകൊണ്ടു. കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ വളരെ മുന്നോട്ടുപോയി. എഴുത്തുകാരിക്കെതിരെ കേസെടുക്കണം, താന്‍ പരാതിക്കാരനായി നില്‍ക്കാം! സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, അവര്‍ മാപ്പുപറഞ്ഞ് പ്രസംഗം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന: ലോകാരാധ്യനായ ഗാന്ധിജിയെ നിന്ദിക്കാന്‍ ആരെയും അനുവദിക്കില്ല. ഈ ഹാലിളക്കങ്ങളുടെ ഉള്ളടക്കം ഗാന്ധിജി വിശുദ്ധനാകുന്നു എന്നാണ്. നേതാക്കള്‍ ഓര്‍ക്കേണ്ടതുണ്ട് ഇവിടെ വിശുദ്ധം(ടമരൃലറ) ആയി യാതൊന്നുമില്ല; ഉണ്ടാവാന്‍ പാടില്ല. ഇവിടത്തെ എന്തും മതേതരം (secular) ആണ്. നമ്മുടെ ഭരണഘടനയില്‍ രാജ്യം മതേതരമാണ് എന്ന് പറയുന്നുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തെ തടയുന്നമട്ടില്‍ വിശുദ്ധമായി എന്തെങ്കിലും ഈ നാട്ടിലുണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. സ്വന്തം ബോധ്യം തുറന്നുപറഞ്ഞതിന് ഒരാള്‍ മാപ്പുചോദിച്ച് പ്രസ്താവന പിന്‍വലിക്കണമെന്ന് മന്ത്രിപറഞ്ഞാലും ഭരണഘടനാലംഘനംതന്നെ. അരുന്ധതി പറഞ്ഞത് തെറ്റാകാം. തെറ്റുപറയാന്‍ ഒരാള്‍ക്ക് അവകാശമില്ലേ, അബദ്ധം പറയാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യമില്ലേ? യോജിക്കാന്‍ എന്നതിലധികം വിയോജിക്കാനുള്ള സൗകര്യമാണ് സ്വാതന്ത്ര്യം. ഗാന്ധി ജാതിവ്യവസ്ഥയ്‌ക്കെതിരാണ് എന്ന് അഭിപ്രായമുള്ളവര്‍ അക്കാര്യം തെളിയിച്ചുകൊണ്ട് പ്രസംഗിക്കുകയോ പ്രബന്ധമെഴുതുകയോ ചെയ്താല്‍ പോരേ. അതിലെവിടെയാണ് മാപ്പുചോദിക്കേണ്ട പ്രശ്‌നം. അതല്ലേ ജനാധിപത്യം? ഇപ്പോള്‍ കണ്ടത് ദൈവികാധിപത്യക്കാരുടെ സമ്പ്രദായമാണ്. അവര്‍ മുഹമ്മദ് നബിയെ നിന്ദിച്ചു എന്നുപറഞ്ഞ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് മരണം വിധിക്കും. വിദ്യാദേവി സരസ്വതിയെ നിന്ദിച്ചു എന്നുപറഞ്ഞ് ചിത്രകാരന്‍ എം.എഫ്. ഹുസൈനെ ജന്മനാട്ടില്‍നിന്ന് ആട്ടിയോടിക്കും. അതൊക്കെ ഫാസിസമാണെങ്കില്‍ ഇതും ഫാസിസമല്ലേ? ഭരണഘടന രാഷ്ട്രത്തിന് സമര്‍പ്പിച്ചുകൊണ്ട് ഡോ. അംബേദ്കര്‍ നടത്തിയ ഉജ്ജ്വലമായ പ്രഭാഷണത്തിന്റെ ഒടുവില്‍ പറഞ്ഞിരുന്നു: വിമര്‍ശനാതീതനായി ഏതെങ്കിലും നേതാവോ ഭരണാധികാരിയോ ഉണ്ടെന്ന് ആരും കരുതിപ്പോകരുത്. ആ പാത മതങ്ങളുടേതാണ്; രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടേതല്ല. അത് നമ്മുടെ രാഷ്ട്രത്തെയും ജനാധിപത്യ വ്യവസ്ഥയെയും ദുര്‍ബലമാക്കും. ഈ വാക്കുകളുടെ പ്രവചനസ്വഭാവത്തിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഈ സാഹചര്യത്തില്‍ ഒന്ന് തിരിഞ്ഞുനോക്കുന്നത് കൊള്ളാം. ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കാനുള്ള ഉശിര് അവരുടെ കക്ഷിയില്‍ ആര്‍ക്കും ഇല്ലാതെപോയതുകൊണ്ടാണ് ആ കക്ഷിയും അതുവഴി നമ്മുടെ ജനാധിപത്യവ്യവസ്ഥയും ജീര്‍ണിച്ചത്. അവരുടെ മരണം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടായി. ഇപ്പോള്‍പ്പോലും അവരെയോ കുടുംബാംഗങ്ങളെയോ വിമര്‍ശിക്കാനുള്ള ആര്‍ജവം ഒറ്റ കോണ്‍ഗ്രസ്സുകാരനുമില്ല. ഉണ്ടായാല്‍ അയാള്‍ അന്നുതന്നെ പുറത്താക്കപ്പെടും. മുസോളിനിയുടെ കാലത്ത് ഇറ്റലിയും ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മനിയും സ്റ്റാലിന്റെ കാലത്ത് റഷ്യയും നാവടക്കേണ്ടിവന്നതിന്റെ ദുഷ്ഫലങ്ങള്‍ക്ക് ആ നാട്ടുകാരും അന്യനാട്ടുകാരും ഇരയാകേണ്ടിവന്നു. 1977ല്‍ പാകിസ്താനില്‍ വാഴ്ചയേറ്റ സേനാനായകന്‍ സിയാവുല്‍ ഹഖ്, ഇസ്ലാമികവാദികളുടെ പിന്തുണയോടെ കൊണ്ടുവന്ന ദൈവനിന്ദാ നിയമങ്ങള്‍ കാരണം ആ രാഷ്ട്രം എത്രമാത്രം ദുര്‍ബലമായി എന്നോര്‍ത്തുനോക്കുക. ഏത് ന്യൂനപക്ഷ സമുദായത്തിലെ അംഗത്തെയും ആര്‍ക്കും എന്ത് ദ്രോഹവും ചെയ്യാവുന്ന മട്ടില്‍ ആ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ദൈവത്തെ നിന്ദിക്കുന്നതുപോലും ഇന്ത്യന്‍ മതപാരമ്പര്യം പാപം ആയി കരുതിയിരുന്നില്ല; അത് കുറ്റം ആയി ഇവിടത്തെ ഭരണാധികാരികള്‍ കണക്കാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ യവനന്മാര്‍ സോക്രട്ടീസിനോ ഇസ്രായേലിയര്‍ ക്രിസ്തുവിനോ മരണം വിധിച്ചപോലെ ഈ നാട്ടിലാര്‍ക്കും ദൈവനിന്ദയുടെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. ഇപ്പറഞ്ഞതിന് വാല്മീകിരാമായണത്തില്‍നിന്ന് തെളിവ് ഹാജരാക്കാം: ദൈവത്തെ നിഷേധിക്കുന്നവരും ആ സങ്കല്പത്തെ നിന്ദിക്കുന്നവരുമായ ഒരുകൂട്ടം പണ്ഡിതന്മാര്‍ പണ്ടുമുതലേ ഇന്ത്യയിലുണ്ട് ചാര്‍വാകന്മാര്‍ എന്നുപേര്. രാജ്യഭാരം നിര്‍വഹിക്കുന്ന ഭരതന്‍ കാട്ടില്‍വന്ന് തന്നെ കണ്ടപ്പോള്‍ ശ്രീരാമന്‍ ചോദിക്കുന്നുണ്ട്: ഉണ്ണീ, ചാര്‍വാകന്മാരുടെ ക്ഷേമൈശ്വര്യങ്ങള്‍ നീ ശ്രദ്ധിക്കുന്നില്ലേ? അവര്‍ ആപത്തുണ്ടാക്കുന്നവരും തര്‍ക്കബുദ്ധികളുമാണ്. നിരര്‍ഥകമായി സംസാരിക്കുന്ന ദുഷ്ടപണ്ഡിതന്മാരാണ്. വാല്മീകിരാമായണത്തിലെ 100ാം സര്‍ഗത്തിലാണ് ഈ ഭാഗം. വള്ളത്തോള്‍ പരിഭാഷപ്പെടുത്തുന്നത് ഇപ്രകാരമാണ്:ഉണ്ണീ, മാനിച്ചുപോരുന്നില്ലല്ലീ ചാര്‍വാക വിപ്രന്മാരെ ആപത്തുണ്ടാക്കുവോരല്ലോ പണ്ഡിതമ്മന്യരിജ്ജഡര്‍ ആ നല്ല ധര്‍മശാസ്ത്രങ്ങളിരിക്കെ തര്‍ക്ക ബുദ്ധിയാല്‍ നിരര്‍ഥമായി പുലമ്പുന്ന ദുഷ്ടപണ്ഡിതരാണവര്‍. ഈയിടെയുണ്ടായ ഒരനുഭവം: ന്യൂയോര്‍ക്ക് ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്‌സര്‍ സമ്മാനജേതാവുമായ ജോസഫ് ലെലിവെല്‍ഡിന്റെ ഗാന്ധിചരിത്രം (Great Soul : Mahatma Gandhi and his struggle with India 2011) പുറത്തുവന്ന ഉടനെ കോലാഹലമുയര്‍ന്നു. വംശീയവാദിയായും സ്വവര്‍ഗരതിക്കാരനായും ഗാന്ധിജിയെ ചിത്രീകരിക്കുന്ന ആ പുസ്തകം നിരോധിക്കണം. ഒട്ടും നേരംകളയാതെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി തന്െറ സംസ്ഥാനത്ത് പുസ്തകം നിരോധിച്ചു. ഗാന്ധിപൂജയില്‍ കോണ്‍ഗ്രസ് പിന്നിലാവരുത് എന്ന് തീര്‍പ്പെടുത്ത കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലി ഉത്സാഹിച്ചത് ഗാന്ധിനിന്ദ ഒരു ക്രിമിനല്‍ കുറ്റമാക്കി നിയമനിര്‍മാണം നടത്താനാണ്. പുസ്തക നിരോധനത്തിനും നിയമനിര്‍മാണത്തിനുമെതിരെ രംഗത്തുവന്നവരുടെ മുന്‍നിരയില്‍ രാജ്‌മോഹന്‍ ഗാന്ധിയും ഗോപാലകൃഷ്ണ ഗാന്ധിയും ഉണ്ടായിരുന്നു രണ്ടുപേരും ഗാന്ധിജിയുടെ പേരക്കുട്ടികള്‍! അതിനും രണ്ടുകൊല്ലംമുമ്പ് ഗാന്ധിജിയെ നിന്ദിക്കുന്നത് ശിക്ഷയര്‍ഹിക്കുന്ന കുറ്റം ആയി പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള ഒരു ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞകാര്യം (2009) കേന്ദ്ര നിയമമന്ത്രിപോലും ഓര്‍ത്തില്ല. പ്രധാനപ്പെട്ട കാര്യം, ഒരാളുടെ ഏതെങ്കിലും നയത്തെ വിമര്‍ശിക്കുന്നു എന്നതിന് അയാളെ പൂര്‍ണമായും തള്ളിക്കളയുന്നുവെന്ന് അര്‍ഥമില്ല. വിമര്‍ശിക്കുന്നതുകൊണ്ട് ആദരവില്ല എന്നോ ആദരവുള്ളതുകൊണ്ട് വിമര്‍ശിക്കുന്നില്ല എന്നോ കരുതുന്നത് ആരോഗ്യകരമല്ല. പരക്കെ അറിയാവുന്ന കാര്യമാണ് ഗാന്ധിജിയും സുഭാഷ്ചന്ദ്രബോസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍. അവയൊന്നും വ്യക്തിപരമല്ല; നയപരമാണ്. രണ്ടുപേരും അതൊന്നും ഒരിക്കലും മറച്ചുവെച്ചിട്ടുമില്ല. ഇതൊക്കെയാണെങ്കിലും പരസ്പരം വലിയ ആദരവുണ്ടായിരുന്നു. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യം വിശേഷിപ്പിച്ചത് സുഭാഷ്ചന്ദ്രബോസാണ്; ബോസിനെ നേതാജി എന്ന് ആദ്യം വിളിച്ചത് ഗാന്ധിജിയാണ്.ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നവയെങ്കിലും നേതാക്കളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം മിക്ക കക്ഷിയിലും ഇല്ല എന്നതാണ് നമ്മുടെ നാടിന്റെ ദുര്യോഗങ്ങളില്‍ പ്രധാനം. ചോദ്യംചെയ്യാനാകാത്തവരും തെറ്റാവരം കിട്ടിയവരുമായ പുരോഹിത ശ്രേഷ്ഠന്മാരായി രാഷ്ട്രീയനേതാക്കള്‍ രൂപാന്തരപ്പെടുന്നു എന്നതാണ് അതിന്റെ ദുഷ്ഫലം. ഫാസിസത്തിന് സൗകര്യം നല്‍കുന്ന പ്രവേശനകവാടം തുറന്നുവരുന്നത് ആ സാഹചര്യത്തിലാണ്. ജാതിഘടനയെ വിശകലനംചെയ്യുന്നതിലും അതിന്റെ കെടുതികളില്‍നിന്ന് ഇന്ത്യന്‍ സമൂഹത്തെ മോചിപ്പിക്കുന്നതിലും നമ്മുടെ നേതാക്കള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും പലവിധമായ വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഗാന്ധിജിയുണ്ട്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുണ്ട്, പല ഭാഗമായി പുലരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്, സോഷ്യലിസ്റ്റ് പാര്‍ട്ടികളുണ്ട്. ആറരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്വതന്ത്ര ഇന്ത്യയുടെ പ്രധാനപ്പെട്ട വെല്ലുവിളിയായ ആ ഘടന തകര്‍ക്കുന്നതില്‍ കാര്യമായ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നതുതന്നെ തെളിവ്. നമ്മുടെ ജാതിവിരുദ്ധ സമരം തുടങ്ങിവെച്ചത് ബുദ്ധനാണ്. ആ പോരാട്ടത്തിന് 2500 കൊല്ലത്തെ പഴക്കമുണ്ട് എന്നര്‍ഥം. ആധുനികകാലത്ത് ഗാന്ധിജിയെപ്പോലൊരു കര്‍മയോഗി ഏറ്റെടുത്തിട്ടുപോലും അതിന് നാനാതരം പരിമിതികള്‍ വന്നു. കാലംകൊണ്ട് തെളിഞ്ഞുതെളിഞ്ഞ് വരുന്ന ആ പോരായ്മകള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇന്നത്തെ രാഷ്ട്രീയനേതാക്കള്‍ വേണ്ടത്. അതിനുപകരം, ചര്‍ച്ചയിലേക്ക് നയിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ ഉത്സാഹിക്കുന്നവര്‍ നമ്മുടെ മഹിതപാരമ്പര്യത്തെയും ജനാധിപത്യത്തെയും നിന്ദിക്കുകയാണ്. ഗാന്ധിജി പൂജാവിഗ്രഹമാകുമ്പോള്‍ അദ്ദേഹം തോല്‍ക്കുന്നു; ഗോഡ്‌സെ ജയിക്കുന്നു.
Posted on: Fri, 08 Aug 2014 04:03:01 +0000

Trending Topics



Recently Viewed Topics




© 2015