മാര്ക്സിസ്റ്റ് - TopicsExpress



          

മാര്ക്സിസ്റ്റ് പാര്ട്ടി - സി.പി. സൈതലവി Posted On: 1/22/2015 1:16:16 AM മതത്തിന്റെ മണ്ടക്ക് നാലു മേട്ടം കൊടുത്തില്ലെങ്കില് മാര്ക്സിസ്റ്റു പാര്ട്ടിക്ക് ഇരിപ്പുറയ്ക്കില്ല. കുച്ചുപ്പുടിയായാലും കൂടിയാട്ടമായാലും പ്രത്യേകിച്ച് കാക്കാമാരെ ഒന്നു പൂശി വിടണം. അതിനാണ് ദീപാവലി അടുക്കുമ്പോള് കച്ചവടക്കാര് കുറ്റിപിരിവിനു കത്തടിക്കുന്നതുപോലെ ഓരോ കലോത്സവം എത്തുമ്പോഴും ചില കദന കഥ കള്ക്ക് ചിലങ്ക കെട്ടുന്നത്. ഒരേ വാചകം. ഒരേ കഥനം. ഒരേ കെട്ടുകഥ. അച്ചടി മാധ്യമത്തെക്കാള് ദൃശ്യഭംഗി കൂടുമെന്നതിനാല് പാര്ട്ടി പത്രത്തിനൊപ്പം ചില ചാനലുകളെയും കൂട്ടുപിടിക്കുന്നു. കാലപ്പഴക്കമേറെയുള്ള മേപ്പടി കലോത്സവതൈരും സാമ്പാറും ചൂടാക്കി കഥ യറിയാത്തവര്ക്കു മുമ്പില് വിളമ്പുന്നു. മലപ്പുറം വെള്ളുവമ്പ്രത്ത് താമസക്കാരിയായ ഒരു പെണ്കുട്ടി ക്ഷേത്രകലകള് അഭ്യസിച്ചതിന് മുസ്ലിം മതമൗലികവാദികള് കുടുംബത്തിനു മഹല്ലില് ഊരു വിലക്ക് കല്പിച്ചുവെന്നാണ് കഥ. കലാകാരിയുടെ ഉമ്മ മരണപ്പെട്ടിട്ട് മഹല്ലിലെ ഖബര്സ്ഥാന് നിഷേധിച്ചുവെന്നു കൂടി കേള്ക്കുമ്പോള് ഇത്രയും പ്രാകൃത മനുഷ്യരോ എന്ന് ആരായാലും ചോദിച്ചുപോകും. മാധ്യമങ്ങള് ഊതിവീര്പ്പിക്കാതെ തന്നെ മലയാളിയുടെ മനഃസാക്ഷിയായി മാറിയ മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കൂടി ഈ കഥ യില് കൂട്ടിക്കെട്ടുന്നതോടെ മൊത്തത്തില് ആഗ്രഹം വെളിവാകുന്നു. ഗുരുവായൂര് ക്ഷേത്രത്തില് ഡാന്സ് കളിക്കാന് പോയവരെന്ന് പറഞ്ഞ് മദ്രസയില് നിന്നായിരുന്നു പീഡനത്തിന്റെ ആദ്യ ചുവട്. മലപ്പുറത്തെ സാധാരണ കുടുംബത്തിലെ മുസ്ലിം പെണ്കുട്ടികള് ചിലങ്കയണിഞ്ഞതിന്റെ പേരിലനുഭവിക്കുന്ന വേദനകള് സാംസ്കാരിക കേരളത്തിന് ഉണങ്ങാത്ത മുറിവാണ് എന്ന് കൂടി സി.പി.എം മുഖപത്രം എഴുതുന്നതോടെ ഉദ്ദേശ്യം പൂര്ണം. ഒരു ജനവിഭാഗത്തിന്റെ സര്വമഹിമയും തകര്ത്തെറിയുക എന്ന ഗൂഢലക്ഷ്യം. ലോകത്തെങ്ങുമിരുന്ന് വാര്ത്ത കാണുന്നവരും കേള്ക്കുന്നവരും വെള്ളുവമ്പ്രത്തോളം വന്ന് വിവരമന്വേഷിച്ചു പോകാന് മാത്രം സമയം മിനക്കെടുത്തില്ല ഒന്ന ഒരൊറ്റ ധൈര്യത്തിന്റെ പുറത്താണ് ഈ കളി. പ്രസിദ്ധീകരിച്ചു വന്ന വാര്ത്തയേ ചര്ച്ചെക്കടുക്കൂ. മറുപുറം തേടുന്ന സത്യാന്വേഷണ പരീക്ഷകളുടെ ഗാന്ധിജി മാധ്യമ ലോകത്ത് കൂടി ഇപ്പോള് വഴിനടക്കാറില്ല. ആയതിനാല് വാര്ത്ത സംഭവിച്ചതോ ഇല്ലയോ എന്നാരും ചോദിക്കില്ല. വന്ന വാര്ത്തയിലെ രാഷ്ട്രീയം പറയാനാണ് സന്ധ്യാ പുരുഷന്മാര് കടും നിറക്കുപ്പായമിട്ട് മുഖം മിനുക്കി ചാനല് ക്യാമറ സമക്ഷം പുതിയാപ്പിളമാരായി വന്നിരിക്കുന്നത്. ആശയ വിനിമയ ലോകം ഇത്രയൊന്നും വിപുലപ്പെടാത്ത അരനൂറ്റാണ്ടപ്പുറം പോലും കലാകാരനും കലാകാരിക്കും ഊരുവിലക്കേര്പ്പെടുത്തിയ പാരമ്പര്യം കേരളത്തിലെ ഗ്രാമീണ മുസ്ലിം മനസ്സിനില്ല. മലപ്പുറത്തിന് ഒട്ടുമില്ല. അതിന്റെ ഹറാമും ഹലാലും അവരവര്ക്കു വിട്ടുകൊടുത്തിട്ടേയുള്ളൂ. സഹ കലാകാരന്മാരായ പരപുരുഷന്മാര്ക്കൊപ്പം സഞ്ചരിച്ച് നാടകത്തിലും പില്ക്കാലം സിനിമയിലും അഭിനയിച്ച മാപ്പിളപ്പെണ്ണുങ്ങളുണ്ട് മലപ്പുറം ജില്ലയില്. അതും നാല്പതും അമ്പതും വര്ഷം മുമ്പ്. പഠിക്കാന് പോയാലും പണമുണ്ടാക്കിയാലും പിച്ച തെണ്ടിയാലും കുനുഷ്ട് പറയുന്ന തദ്ദേശത്തെ പരദൂഷണ സമിതി പോലെ ചിലര് അതിനെയും പരിഹസിച്ചു കാണും. അച്ചനും മുസ്ല്യാരും മാഷും മൗലവിയും നായരും നമ്പൂരിയും ഇവ്വിധം പരിഹാസ പാത്രങ്ങളായിട്ടുണ്ട്. ആ സംഘത്തിനും ഇരയ്ക്കും കേരളത്തിലെവിടെയും സമുദായ ഭേദമില്ല. നിലമ്പൂര് ആയിശയും സീനത്തുമെല്ലാം മലപ്പുറം ജില്ലയിലെ തനി നാട്ടുമ്പുറത്തു നിന്ന് മലയാള സിനിമയിലേക്ക് നടന്നു പോയവരാണ്. നല്ല കമ്യൂണിസ്റ്റുകളും. ചോദിച്ചാലറിയാം എത്രത്തോളം ഊരുവിലക്കിയെന്ന്. സാമാന്യം ഭേദപ്പെട്ട മത വിശ്വാസ പശ്ചാത്തലമുള്ള കുടുംബത്തില് നിന്നാണ് ബദറുന്നീസ സി.പി.എമ്മിലെത്തിയത്. മലപ്പുറം നഗരസഭാ ചെയര്പേഴ്സണായി. പിന്നീട് മുന് എം.എല്.എ വി. ശശികുമാറിന്റെ ഭാര്യയായി. ബദറുന്നിസയുടെ ബന്ധുക്കള്ക്കാര്ക്കും എടവണ്ണയില് ഊരുവിലക്കുള്ളതായി കേട്ടിട്ടില്ല. അവര്ക്ക് അവരുടെ മതം. മാര്ക്സിസ്റ്റു പാര്ട്ടിയുടെ യുവജനവിഭാഗം ഒരു പ്രസ്താവന വഴി ഈ കെട്ടുകഥയുടെ പിതൃത്വവും ഏറ്റെടുത്തിരിക്കുന്നു. മതനിഷേധികളായി അഭിമാനിക്കുന്ന മലപ്പുറം ജില്ലയിലെ മാര്ക്സിസ്റ്റ് യുവനേതാക്കളിലാരുടെെയങ്കിലും കുടുംബത്തെ ഏതെങ്കിലും പള്ളി കമ്മിറ്റി വിലക്കിയതായി തെളിവുണ്ടെങ്കില് ന്യായം. ജീവിത കാലത്ത് മത തത്വങ്ങളെ ഊക്കോടെ നിഷേധിച്ച ഇമ്പിച്ചിബാവയും സൈതാലിക്കുട്ടിയും ഉമര് മാസ്റ്ററുമെല്ലാം മലപ്പുറത്തെ സ്വന്തം മഹല്ല് ഖബര്സ്ഥാനുകളിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. മതവിശ്വാസികളോ എതിര്പാര്ട്ടിക്കാരോ ഒരു മുറുമുറുപ്പുപോലും കാണിക്കാതെ ആ മയ്യിത്ത് നമസ്കാരങ്ങളിലും ഖബറടക്ക ചടങ്ങുകളിലും പങ്കുകൊണ്ടിട്ടുണ്ട്. ആജീവനാന്തം കമ്യൂണിസ്റ്റായി മതത്തെ മാനം മുട്ടെ വിമര്ശിച്ചു നടന്ന മുന്മന്ത്രിയും എം.പിയുമെല്ലാമായ ഇമ്പിച്ചിബാവയുടെ ഖബറടക്കം പൊന്നാനി സിയാറത്ത് പള്ളി ഖബര്സ്ഥാനില് വിശ്വാസപ്രകാരമുള്ള എല്ലാ ദുആയും ദിക്റുമായിട്ടായിരുന്നു. ഒരു ഊരുവിലക്കിനു മാത്രം, അവര്ക്കുള്ളതിലപ്പുറം എന്ത് മതനിഷേധപോരിശയാണ് വെള്ളുവമ്പ്രത്തു വന്നു താമസിക്കുന്ന പെണ്കുട്ടിക്കും കുടുംബത്തിനുമുള്ളത്. വെള്ളുവമ്പ്രത്തെ സ്ഥിര താമസമുള്ള കടുത്ത കമ്യൂണിസ്റ്റുകളായവര് പോലും മഹല്ലിന്റെ സൗകര്യങ്ങളുപയോഗിക്കുന്നു. ആരെങ്കിലും തടഞ്ഞിട്ടുണ്ടോ. അതാത് സംവിധാനങ്ങളില് പേര് ചേര്ക്കുന്നവര്ക്കേ ഒരോന്നിന്റെയും ആനുകൂല്യമുള്ളു. വോട്ടവകാശവും റേഷന് കാര്ഡു പോലും. മാതാപിതാക്കളുടെ ജന്മദേശമല്ലാത്തിടത്ത് ചെന്ന് താമസമാക്കിയ ഒരു കുടുംബത്തിന് പട്ടികയില് പേര് ചേര്ക്കാതെ അവിടെ വോട്ടു വേണമെന്നും അപേക്ഷ കൊടുക്കാതെ റേഷന് കാര്ഡ് വേണമെന്നും ശഠിക്കുന്നതിനെ ധാര്ഷ്ഠ്യമെന്നാണ് പിണറായിയുടെ ഭാഷയില് വിളിക്കുക. മഹല്ലിന് നേതൃത്വം നല്കുന്നവരുടെ വിരുദ്ധാശയക്കാരനും തദ്ദേശീയനുമായ ശഫീഖ് അഹമ്മദ് ഫെയ്സ് ബുക്കില് ഇതു സംബന്ധിച്ച് കുറിച്ചത് ഇങ്ങനെ: എല്ലാ സ്കൂള് കലോത്സവ ദിനങ്ങളിലും ഈ കുടുംബത്തിന്റെ കദന കഥകള് ചില വാര്ത്താ മാധ്യമങ്ങളില് സ്ഥലം പിടിക്കാറുണ്ട്. ഇവര് ഇപ്പോള് താമസിക്കുന്ന വെള്ളുവമ്പ്രം മഹല്ല് കമ്മിറ്റി ഇവര്ക്കു മഹല്ലില് എന്ട്രി കൊടുത്തില്ലെന്നും മഹല്ല് കമ്മിറ്റിക്കാരുടെയും മഹല്ല് നിവാസികളുടെയും കടുത്ത ബഹിഷ്കരണത്തില് ഇവര് പൊറുതി മുട്ടുകയാണെന്നും അത്തരം പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് ഈ സഹോദരിമാര് കലയുടെ ഉച്ചിയില് വിരാജിക്കുന്നതെന്നുമായിരുന്നു അന്നുമിന്നും ഉള്ള ആരോപണങ്ങള്. യഥാര്ത്ഥത്തില് ഇവിടെ ആരും അവരെ ബഹിഷ്കരിച്ചിട്ടില്ല. കാരണം; വളരെക്കാലം ഈ കുടുംബം താമസിച്ചിരുന്നത് ഞാന് ഇപ്പോള് താമസമാക്കിയ സ്ഥലത്തെ എന്റെ പഴയ വാടക വീട്ടിലായിരുന്നു. അന്ന് എന്നോട് പള്ളി കമ്മിറ്റിയില് നിന്ന് ആരും അവര്ക്കു വീടു കൊടുക്കേണ്ട എന്നു പറഞ്ഞിട്ടില്ല. അല്ലെങ്കില് അതിന്റെ പേരില് എന്നെ ആരും ചോദ്യം ചെയ്തിട്ടുമില്ല. ഈ മഹല്ലില് രജിസ്റ്റര് ചെയ്യാന് ഇവര് ആവശ്യപ്പെട്ടെന്നും ഇല്ലെന്നുമാണ് മറ്റൊരാരോപണം. ഈ വിഷയത്തില് അന്നത്തെ മഹല്ല് ഭാരവാഹികള് പറഞ്ഞത് ഇവര് ആദ്യം താമസിച്ചിരുന്ന മഹല്ലില് നിന്നും നടപ്പു രീതിയനുസരിച്ചുള്ള എന്.ഒ.സി കൊണ്ടുവരാന് ആവശ്യപ്പെട്ടെന്നും അതിനോട് ഇവര് പ്രതികരിച്ചില്ലെന്നുമാണ്. അതിനു ശേഷവും ആരും ഇവരുടെ കാര്യത്തില് ഇവര്ക്കു പ്രതികൂലമായി ഇടപെട്ടിട്ടില്ല. പിന്നെ ഇവരുടെ ഉമ്മ മരണപ്പെട്ടപ്പോള് അവരുടെ മയ്യിത്ത് ഇവിടെ പള്ളി ശ്മശാനത്തില് അടക്കം ചെയ്യാന് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. ഇവരാരും വെള്ളുവമ്പ്രം പള്ളി കമ്മിറ്റിയുടെയോ പള്ളിയുടെയോ പള്ളിയുടെ ഉത്തരവാദപ്പെട്ടവരുമായോ അതിനു വേണ്ടി സമീപിച്ചിട്ടില്ലെന്നും അവര് നേരെ അവരുടെ നാടായ കൊണ്ടോട്ടി പള്ളിയിലെ ഖബര്സ്ഥാനില് കൊണ്ടുപോയി ഖബറടക്കുകയും ചെയ്തു എന്നുമാണ്. ഇവരുടെ ഉപ്പയുമായി വലിയ സൗഹൃദം ഞാനും പ്രദേശത്തെ ധാരാളം ആളുകളും പാലിച്ചുവരുന്നു. ഇവരുടെ ഉമ്മ മരണപ്പെടുന്നതിനു മുമ്പ്, മാരകമായ അസുഖമുള്ള ഒരു സ്ത്രീ എന്ന നിലയില് അവരോട് ഒരു പ്രത്യേക ആര്ദ്രതയും കാരുണ്യവും എന്റെ ഉമ്മയും ഞങ്ങളും അയല്വാസികളും എല്ലാം കാണിച്ചിട്ടുമുണ്ട്. എന്നിട്ടും എന്തിനാണ് ചില വാര്ത്താ മാധ്യമങ്ങള് ഒരു ആചാരവെടി പോലെ ഈ ഇല്ലാക്കഥ വര്ഷം തോറും കലോത്സവ നാളുകളില് ആവര്ത്തിക്കുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. ക്ഷേത്ര കമ്മിറ്റിയിലും ദേവസ്വം ബോര്ഡുകളിലും കയറിക്കളിക്കാമെന്നായിട്ടും മഹല്ല് കമ്മിറ്റികളില് വിളയാടാന് മാര്ക്സിസ്റ്റ് പാര്ട്ടിക്ക് കഴിയുന്നില്ലെന്ന അസഹിഷ്ണുതയില് നിന്നുടലെടുത്തതാണ് ഊരുവിലക്കിന്റെ ഈ കെട്ടുകഥ. മുസ്ലിം സമുദായത്തിനകത്തേക്ക് കമ്യൂണിസത്തിനു കടന്നുകയറാന് പറ്റാത്തവിധം ഭദ്രമായ മതിലുകളാണ് മഹല്ല് കമ്മിറ്റികളെന്ന് സി.പി.എമ്മിനറിയാം. ആചാരാനുഷ്ഠാനങ്ങളിലും മൃതദേഹ സംസ്കരണമുള്പ്പെടെയുള്ള വിശ്വാസപരമായ കര്മങ്ങളിലും എല്ലാ മതങ്ങളും പുലര്ത്തിപ്പോരുന്നതു പോലെ തനത് നടപടിക്രമങ്ങള് മുസ്ലിം സമുദായത്തിനുമുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്ട്ടിയുടെ ഇംഗിതപ്രകാരം അതു മാറ്റിപ്പണിയാനാവില്ല. ക്രൈസ്തവ സമുദായത്തിന്റെ സെമിത്തേരികളില് മറവ് ചെയ്യണമെങ്കില് ആ പള്ളി മെമ്പര്ഷിപ്പ് അനിവാര്യമാണ്. ഹൈന്ദവ സമുദായത്തിലെ കുടുംബ, തറവാട് ശ്മശാനങ്ങളിലും അതാതിന്റെ നിബന്ധനകളുണ്ട്. വഖഫ് ചെയ്യപ്പെട്ടതാണ് പള്ളിയും ഖബര്സ്ഥാനും. അതുപയോഗിക്കാന് വഖഫ് നിയമങ്ങളും മഹല്ല് നിബന്ധനകളുമുണ്ട്. ആ മഹല്ലില് രജിസ്റ്റര് ചെയ്യാന് കമ്മിറ്റിക്കാര് ആവശ്യപ്പെട്ടിട്ടും നിരസിച്ച കുടുംബത്തിന് മഹല്ലിന്റെ ആനുകൂല്യം നല്കണമെന്ന് വാശിപിടിക്കുന്നതിലെന്ത് ന്യായം? മഹല്ലിലെ മദ്റസയില് പഠിച്ച കുട്ടികളോ, മഹല്ല് പള്ളിയില് ഏതെങ്കിലും ചടങ്ങില് പങ്കെടുത്തവരോ, രേഖകള് പ്രകാരം മഹല്ലിലുള്പ്പെട്ടവരോ അല്ലാത്ത ഒരു കുടുംബം. മഹല്ല് ഭരണഘടന പ്രകാരം പുതിയ താമസക്കാരെ ചേര്ക്കാന് പഴയ മഹല്ലില് നിന്നും എഴുത്ത് വേണമെന്നു പറഞ്ഞാല് അതിനു പോലും ഒരുക്കമല്ലാത്തവര്ക്കു വേണ്ടി വാദിക്കുന്ന സി.പി.എം നേതൃത്വം, കീഴ് ഘടകത്തിന്റെ കത്തില്ലാതെ ഒരു പാര്ട്ടിക്കാരനു വേണ്ടി ശുപാര്ശ ചെയ്യുമോ? പാര്ട്ടി ഓഫീസില് നിന്നു ആട്ടിപ്പായിച്ചിട്ടില്ലേ അങ്ങനെ വന്ന സാക്ഷാല് സഖാക്കളെ തന്നെ? തങ്ങള് പോലും നല്കാത്ത സൗജന്യമാണ് മറ്റുള്ളവര് നല്കണമെന്ന് ആവശ്യപ്പെടുന്നത്. മതനിന്ദ തൊഴിലാക്കിയവരാണ് ഇവിടെ മതത്തിന്റെ കുട ചോദിക്കുന്നത്. നര്ത്തകിയുടെ ഉമ്മയെ മറവു ചെയ്യാന് വെള്ളുവമ്പ്രം മഹല്ല് കമ്മിറ്റിയോടാവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നാണ്. ആസ്പത്രിയില് മരിച്ചയുടന് നേരെ സ്വന്തം മഹല്ലായ കൊണ്ടോട്ടി ഖാസിയാരകത്തേക്ക് കൊണ്ടുപോയവര് ഖബറടക്കിയ ശേഷം സ്വന്തവും ബന്ധവും ഇല്ലാത്ത മറ്റൊരു മഹല്ലിലെ ഖബര്സ്ഥാന് ചോദിച്ചുവെന്നതിലുണ്ട് സി.പി.എമ്മുകാര്ക്കു പോലും മനസ്സിലാവാത്ത ഒരു വശപ്പിശക്. മേല്ഖാസിയായ ശിഹാബ് തങ്ങളെ ചെന്നു കണ്ടിട്ടും അനുവദിച്ചില്ലെന്ന് പറയുന്നതു പോലും കാലങ്ങള്ക്കു ശേഷം കണ്ടെത്തിയ കള്ളമാണെന്നു നാട്ടുകാര് പറയും. മൃതദേഹം മറവ് ചെയ്ത കൊണ്ടോട്ടി ഖാസിയാരകം മഹല്ലിലും ശിഹാബ് തങ്ങള് തന്നെയാണ് മേല്ഖാസി . മഹല്ല് ഭരണഘടനപ്രകാരം രേഖകള് സഹിതമുള്ള അപേക്ഷ കൊടുത്താല് ഏത് സമയവും വെള്ളുവമ്പ്രം മഹല്ലില് ഈ കുടുംബത്തിന് പ്രവേശനമുണ്ട്. കൊല്ലം കുറെയായല്ലോ സി.പി.എമ്മുകാര് ഇവരെ കൊണ്ടുനടക്കുന്നു. രാഷ്ട്രീയ വിവാദത്തിന്റെ കൊടിപ്പടമാക്കുന്നതിന് പകരം ഈ കുടുംബത്തിന് സ്വന്തമായൊരു വീടുണ്ടാക്കി കൊടുക്കാനുള്ള ആത്മാര്ത്ഥയെങ്കിലും വേണം സി.പി.എമ്മിന്. കുടുംബ നാഥന് ഒരു ഉപജീവന മാര്ഗവും. അഭിപ്രായസ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണി ചെറുത്തുതോല്പ്പിക്കണമെന്നാണ് മാര്ക്സിസ്റ്റ് യുവജനങ്ങളുടെ ആഹ്വാനം. അഹമഹമികയാ അതിനോട് യോജിക്കാം. ദീന് വേണ്ടാത്തവരെ വളഞ്ഞിട്ടുപിടിച്ച് ദീന് തീറ്റിക്കുന്നത് ഏതായാലും വിശ്വാസപരമായ കൊളസ്ട്രോളിന് വഴിവെക്കും. അതുപാടില്ല. 1980കളിലേക്ക് സി.പി.എം മടങ്ങുന്നതിന്റെ കാല്പ്പെരുമാറ്റമാണ് കേള്ക്കുന്നത്. സംഘ് പരിവാരത്തിലേക്കുള്ള അനുയായികളുടെ അടിയൊഴുക്ക് തടയാന് ഇസ്ലാമിന്റെ നെഞ്ചത്തു കയറാതെ, ഒരു മാപ്പിള പെണ്കൊടിയുടെ കദന കഥയെങ്കിലും ചമയ്ക്കാതെ രക്ഷയില്ലെന്നായിരിക്കുന്നു, പഴയ ശരീഅത്ത് വിവാദ കാലം പോലെ സി.പി.എമ്മിന്. OTHER STORIES IN THIS SECTION മഹല്ലിന്റെ മതില് ചാരി മാര്ക്സിസ്റ്റ് പാര്ട്ടി സുരേഷ് ഗോപി ഇനി നോ പറയരുത് RECENT NEWS അമേരിക്കയിലെ ജെ. എഫ്.കെ വിമാനത്താവളത്തില് മൃഗങ്ങള്ക്കു മാത്രമായി ടെര്മിനല് വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്ഡ് തിരിച്ചുപിടിക്കുമെന്ന് അഫ്രീദി വിമാന ഇന്ധനത്തേക്കാളും വില പെട്രോളിന് കലാപത്തില് നിന്നു അയല്വാസികളായ മുസ്ലിംകളെ രക്ഷിച്ചത് ഹിന്ദു സ്ത്രീ സ്കൂള് കലോത്സവം: കോഴിക്കോടും പാലക്കാടും കിരീടം പങ്കിട്ടു വിഴിഞ്ഞം: ഹരിത ട്രൈബ്യൂണല് നടപടികള് സുപ്രീംകോടതി സ്റ്റേ ചെയ്തു About us Contact us Connect Google + Youtube Facebook Twiter Entertainment Movies Music Weird Stuff Sci & Technology IT & Internet Mobile Auto Gallery Photo Gallery Cartoons Kozhikode | Kochi | Kannur | Kottayam | Trivandrum | Malappuram | Dubai | Qatar | Riyadh | Jeddah | Demmam All rights reserved ChandrikaDaily © 2013 Powered by : Total Views : 0 Home | Keralam | India |Sports | Sci & Tech | Education | Business | Cartoon | Local • Reader Journalist • Career Guidance • Editorial • Education • Features • Vote & Discuss
Posted on: Thu, 22 Jan 2015 04:06:17 +0000

Trending Topics



Recently Viewed Topics




© 2015