മുത്തങ്ങ (English Name : Nut - TopicsExpress



          

മുത്തങ്ങ (English Name : Nut Grass) ഫാമിലി : Cyperaceae Botanical Name : Cyperus Rotundus Lin തൊഴിലുറപ്പുകാരുടെ തൊഴിൽ തുടങ്ങിയതിനു ശേഷം, നാട്ടിൻ പുറങ്ങളിൽ കാണാതായ പുൽചെടി വർഗ്ഗങ്ങളിൽ പെട്ട ഒരിനമാണ്‌ മുത്തങ്ങ. പണ്ട് മുറ്റത്തും, തൊടിയിലും, പാട വരമ്പുകളിലും നല്ല പച്ച നിറത്തിൽ ഒരേപോലെ വളർന്നു നല്ല ഭംഗിയിൽ നിന്നിരുന്ന ഒരു ചെടി. ഇതിന്റെ ഇലകൾ കടയിൽ നിന്നും കുറച്ചു നീളത്തിൽ ധാരാളമായി വളരുന്നു. ഇടയ്ക്ക് നിന്നും തണ്ടിൽ പൂക്കളും ഉണ്ടാകുന്നു. ഒരുപാട് നാൾക്കുശേഷം, കഴിഞ്ഞ ഒരു ഒഴിവു ദിവസം, തറവാട്ടമ്പലപറമ്പിൽ വെറുതെ ഒരു സന്ദർശനത്തിനിടെ, മണ്ണ് കൂട്ടിയ കണ്ണികളെ മൂടി നല്ല ആരോഗ്യത്തോടെ വളരുന്ന എന്റെ പഴയകാല സുഹൃത്തുക്കളെ കണ്ടപ്പോൾ ഒരു സന്തോഷം. (മറ്റുള്ളിടത്തു കണ്ണികൾക്ക് വേറെ പേരുണ്ടോ എന്നറിയില്ല. ഈ കണ്ണികൾക്ക് മുകളിൽ പണ്ട് മുതലേ ഞങ്ങളുടെ നാട്ടിൽ പയർ നട്ടു പിടിപ്പിക്കാറുണ്ട്) ചെറു പ്രായത്തിൽ, മുറ്റത്തെ പുല്ലുപറിയ്ക്കുമ്പോഴും, കൂട്ടുകാരൊത്തു പറമ്പിൽ വെറുതെ അലയുമ്പോഴും, മുത്തങ്ങയുടെ കിഴങ്ങ് (വേരിൽ മുത്തു കോർത്തതുപോലെ നീളത്തിൽ) പറിച്ചു, കഴുകി പച്ചയ്ക്ക് വെറുതെ ചവച്ചരച്ചു തിന്നാൻ എന്ത് രസമായിരുന്നു. അതിന്റെ നല്ല ഒരു വാസനയും, ചെറിയ ഒരു എരിവും എല്ലാം ഇന്നും നാവിൽ നിറയുന്നു. ഈ കാലഘട്ടത്തിലെ മിക്കവാറും കുട്ടികൾ, ഒരു പക്ഷെ, മുത്തങ്ങ കണ്ടിട്ട് കൂടിയുണ്ടാവില്ല. മുത്തങ്ങ ഒരു ഔഷധ ചെടിയാണ്. ഇത് പണ്ടുമുതലേ, ആയുർവേദ, യുനാനി, സിദ്ധ ഔഷധങ്ങൽക്കായി ഉപയോഗിക്കുന്നു. ആമാശയ രോഗങ്ങള്ക്ക് (വേദന, ശർദ്ദി, വയറിളക്കം, അൾസർ) മുതലായവയ്ക്ക് നല്ലോരൌഷധം. കൂടാതെ, വാത-രക്ത സംബന്ധമായ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, പനി മുതലായവയ്ക്കും നല്ലത്. പണ്ട് ചെറിയ കുഞ്ഞുങ്ങൾക്ക്‌ മുത്തങ്ങാരിഷ്ട്ടം നല്കുമായിരുന്നു. ഉണങ്ങിയ മുത്തങ്ങ പൊടിച്ച്ചതിൽ പശുവിൻ നെയ്യ് ചേർത്തു പുരട്ടിയാൽ മുറിവുകൾ പെട്ടെന്ന് ഉണങ്ങുമെന്നും പറയപ്പെടുന്നു. എന്തായാലും, പണ്ടും, ഇപ്പോഴും, ഞങ്ങൾ സൌകര്യപ്പെടുമ്പോഴെല്ലാം, വീട്ടിൽ കുടിക്കാനായ് തിളപ്പിക്കുന്ന വെള്ളത്തിൽ ഒന്നോ, രണ്ടോ മുത്തങ്ങ ചതച്ചു ഇടാറുണ്ട്. ഒരുവിധം എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന നല്ലൊരു സ്വാദും, വാസനയുമായിരിക്കും. ഇത് കഴിഞ്ഞ ദിവസം ഞാൻ പകർത്തിയ മുത്തങ്ങയുടെ ഫോട്ടോ.......
Posted on: Tue, 04 Nov 2014 15:26:28 +0000

Trending Topics



Recently Viewed Topics




© 2015