തൂമതിപ്പൂ...... By ലീനാ - TopicsExpress



          

തൂമതിപ്പൂ...... By ലീനാ മണിമേഖലൈ (Mathrubhumi) തീട്ടു തുണിയില്‍ കോഴി കൊത്തിനാലോ നായി നക്കിനാലോ ഉന്‍ അഴകെല്ലാം പോയിടും. തൂമൈ ദിവസം അടുക്കുമ്പോള്‍ അമ്മാ പറയും. അതുകൊണ്ട് നാപ്കിന്‍ അവിടെയും ഇവിടെയും കളയാന്‍ പാടില്ല. മാറ്റിയ നാപ്കിന്‍ ഞാന്‍ ആദ്യം ഒരു ന്യൂസ്‌പേപ്പറില്‍ ചുരുട്ടും. പിന്നെയതൊരു പ്ലാസ്റ്റിക് കൂടില്‍ പൊതിയും. മെല്ലെ കൈയിലൊതുക്കി, ഒരു തോര്‍ത്തുകൊണ്ട് മറച്ച്, മെല്ലെ മെെല്ല മുറിയില്‍നിന്നും അടുക്കള വഴി മല്ലിക പൂത്തുനില്‍ക്കുന്ന പൂന്തോട്ടത്തിലേക്കു ചെല്ലും. അവിടെ കുഴിമാന്തി ഒരു ശവശരീരത്തെ അടക്കുന്നതുപോലെ പാഡ് കുഴിച്ചിടും. കോഴിയോ നായയോ മാന്തി പുറത്തിടാതിരിക്കാന്‍ ഒരു കല്ല് അതിനുമേല്‍ എടുത്തുവെക്കും. നാപ്കിനില്‍ കോഴി കൊത്തിയില്ല, നായ നക്കിയില്ല. അതുകൊണ്ടായിരിക്കാം എന്റെ അഴകിന് ഇപ്പോഴും കുറവില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്! പാഡ് കുഴിച്ചിട്ട് ഉറങ്ങുന്ന ദിവസങ്ങളില്‍ ശരിക്കും ഉറക്കം വരുമായിരുന്നില്ല. തെരുവിലെ എല്ലാ നായകളെയും ഞാന്‍ മുഖം വ്യക്തമാകുന്ന രീതിയില്‍ സ്വപ്നം കാണും. അതില്‍, ഏതെങ്കിലുമൊന്ന് രാത്രി വന്ന് പാഡ് കടിച്ചുപറിക്കുന്നത് കാണും. പിറ്റേദിവസം വികൃതമായ മുഖവുമായി ഉറക്കമുണരുന്നത് കാണും. അമ്മാ തന്ന മുന്‍കരുതലുകളില്‍ ചിലതൊക്കെ ഞാന്‍ മറന്നുപോയിട്ടുണ്ടാകും. ആ ദിവസങ്ങളില്‍ അമ്പലങ്ങളില്‍ പോയിട്ടുണ്ടാകും. തുളസിച്ചെടി തൊട്ടുപോയിട്ടുണ്ടാവും. ഈ ഭീതി മാറുന്നത് വേറൊരു അനുഷ്ഠാനം കണ്ടതോടുകൂടിയാണ്. എന്റെ നാട്ടില്‍, മഹാരാജപുരത്ത് ഒരു കോമരം ഉണ്ടായിരുന്നു. ഉറഞ്ഞുതുള്ളി അര്‍ധബോധാവസ്ഥയിലാവുന്ന ഈ പണ്ടാരം ഒരു മൃഗത്തിന്റെ രൂപംധരിച്ച് തൂമൈ തുണിയുടെ മണംപിടിച്ച് ഗ്രാമത്തിലുടനീളം കറങ്ങുമായിരുന്നു. ദൈവത്തിന്റെ വെളിച്ചപ്പാട് ഇങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ കോഴിയും നായയുമൊന്നും എന്റെ ഭംഗി ഇല്ലാതാക്കാന്‍ ശക്തരല്ലെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ആദ്യമായി വയസ്‌ക്ക് വരുവത് അല്ലെങ്കില്‍ സടങ്ങാവത് ഇപ്പോഴും എനിക്ക് നല്ല ഓര്‍മയാണ്. ചെന്നൈയില്‍, സ്‌കൂളില്‍ കൊടുംചൂടില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ പരേഡ് നടക്കുന്നു. എനിക്ക് നല്ല ഗൈഡിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരമുണ്ട്. ഞാന്‍ മെഡലും ചോര നനഞ്ഞ, നീലനിറത്തിലുള്ള ഗൈഡ്‌സ് പാവാടയുമായി വീട്ടിലേക്കോടി. അമ്മ വീട്ടിലുണ്ടായിരുന്നില്ല. എന്താണ് എന്റെ രോഗം എന്ന് അലറിവിളിച്ചുകൊണ്ട് ഞാന്‍ അയ്യായുടെ മടിയില്‍ വീണു. നീ പെരിയ മനുഷി ആവത് എന്നു പറഞ്ഞ് അയ്യാ എന്നെ അഭിനന്ദിച്ചു. അത് മെഡല്‍ നേടിയതിനാണെന്നാണ് ഞാന്‍ കരുതിയത്! അയല്‍ക്കാരിയായ മാമി പഴയ തുണികളുമായി വന്നു. അടിവസ്ത്രത്തിനടിയില്‍ അത് വെക്കണമെന്നു പറഞ്ഞ ശേഷം ഒരു പായയില്‍ കിടക്കാന്‍ പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടു പോവാതെ പായയിലും ടോയ്‌ലറ്റിലുമായി ജീവിക്കാന്‍ അവര്‍ എന്നെ ഉപദേശിച്ചു. തുണികൊണ്ട് രക്തം നില്‍ക്കുമെങ്കില്‍ സാധാരണപോലെ പുറത്തുപോയി കളിച്ചുകൂടെ എന്നു ഞാന്‍ ചോദിച്ചു. പാടില്ല നീ വലിയ സ്ത്രീ ആയി എന്നായിരുന്നു മറുപടി. അമ്മ പിറ്റേദിവസം വീട്ടിലെത്തിയപ്പോള്‍ വയസ്സ് വരുവത് ആഘോഷമായി. സാധാരണനിലയില്‍ ചുറ്റുവട്ടത്ത് വിവാഹത്തിന് പെണ്ണൊരുങ്ങിക്കഴിഞ്ഞു എന്ന നിലയിലാണ് വിളംബരങ്ങള്‍ നടക്കുക. അച്ഛന്റെയും അമ്മയുടെയും പുരോഗമന സ്വഭാവം കാരണം മഞ്ഞള്‍വെള്ളത്തില്‍ കുളിപ്പിക്കുന്നതില്‍ ചടങ്ങ് അവസാനിച്ചു. പുതിയ അടിവസ്ത്രങ്ങളും ഒരു സില്‍ക്ക് ധാവണിയും ബ്ലൗസും പിന്നെ എല്ലാവരില്‍നിന്നും ഇനി ആണ്‍കുട്ടികള്‍ക്കൊപ്പം കളിക്കരുതെന്ന ഉപദേശവും ഒഴിച്ചാല്‍ ഗുണപരമായ ഒരു മാര്‍ഗനിര്‍ദേശവും അന്നെനിക്ക് കിട്ടിയില്ല. അതിനെക്കുറിച്ച് വീണ്ടും എന്തെങ്കിലും അറിയാന്‍ എല്ലാ മാസവും ഞാന്‍ തന്നെ കാത്തിരുന്നു. തുണിക്കഷണം നടുവിലുണ്ടെന്ന കാരണത്താല്‍ അസാധാരണമായി നടക്കാതിരിക്കാന്‍ മാസങ്ങളോളം ഞാന്‍തന്നെ പരിശീലിക്കേണ്ടിവന്നു. ബസ്‌യാത്രയ്ക്കിടയിലോ ബയോളജി ക്ലാസ്സിലോ ബാസ്‌കറ്റ്‌ബോള്‍ കളിക്കുമ്പോഴോ വന്നെത്തിയേക്കാവുന്ന പാവാടയിലെ രക്തക്കറ മറച്ചുപിടിക്കാന്‍ ഞാന്‍തന്നെ വഴികള്‍ കണ്ടെത്തി. ആ സമയങ്ങളിലെ നിലവിട്ട പെരുമാറ്റത്തിനു കാരണം ഞാനല്ല, എന്നിലെ ഹോര്‍മോണുകളാണെന്ന് വളരെ വൈകി ഞാന്‍തന്നെ മനസ്സിലാക്കി. എന്റെ വിയര്‍പ്പിന്റെ മണം അപ്പോള്‍ മാറുന്നത് താഴെ ചോരയൊലിക്കുന്നതുകൊണ്ടാണെന്ന് സമയമെടുത്ത് ഞാന്‍ തിരിച്ചറിഞ്ഞു. എല്ലാം ഞാന്‍ സ്വയം പഠിച്ചു. കാരണം എന്റെ അമ്മയ്ക്ക് ഈ പ്രതിഭാസം ഡി- മിസ്റ്റിഫൈ ചെയ്യാന്‍ കഴിയുമായിരുന്നില്ല. സ്വയം നേടിയ, ആര്‍ജിച്ച അറിവുകള്‍ കാരണം എനിക്ക് ഇക്കാര്യത്തില്‍ ചെറുതല്ലാത്ത ആത്മവിശ്വാസമുണ്ടായി. മെഡിക്കല്‍ ഷോപ്പിലെ യുവാവ്, നല്ല പാക്കിങ്ങില്‍ വരുന്ന നാപ്കിന്‍ പത്രക്കടലാസില്‍ പൊതിഞ്ഞുകെട്ടുമ്പോള്‍, അതുവേണ്ട എന്നു പറയാന്‍ എനിക്കിപ്പോള്‍ കഴിയുന്നു. അതില്‍ ലജ്ജിക്കേണ്ട ഒന്നുമില്ല. വീണ്ടും മറ്റൊരു കവറില്‍പൊതിയുമ്പോഴാണ് നിഗൂഢതയുടെ ആവരണമായി അത് മാറുന്നത്. പിന്നൊരിക്കല്‍ ഇങ്ങനെ പൊതിഞ്ഞ നാപ്കിനുമായി പോകുമ്പോള്‍ ഒരുത്തന്‍ എന്നെ കമന്റിട്ടു: എന്താ മോളേ, ബ്രഡാണോ കയ്യില്‍? ഞാന്‍ പറഞ്ഞു, അതേ, നീ വൈകീട്ടുവാ, ജാം പുരട്ടിത്തരാം! സീതുരക്കു തമിഴ്‌നാടിന്റെ ഗ്രാമീണ മേഖലയില്‍ ഡോക്യുമെന്ററി സിനിമകളുടെ നിര്‍മാണത്തിനായി എപ്പോഴും നടന്നലയുമ്പോള്‍ നാം കാണുന്ന സ്ത്രീജീവിതം, ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് നഗരജീവിതത്തില്‍ വന്ന മാറ്റം അങ്ങോട്ടൊന്നും എത്തിയിട്ടില്ല എന്ന് കാണിച്ചുതരും. തമിഴ്‌നാടിന്റെ മധ്യഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ശൈശവ വിവാഹത്തെക്കുറിച്ച് ഞാന്‍ ബലിപീടം എന്ന പേരില്‍ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. അമ്മ വഴിയുള്ള അമ്മാവന്മാരുടെ മക്കളെ സടങ്ങായാല്‍ ഉടന്‍ വിവാഹം കഴിക്കുന്ന രീതി നിലനില്‍ക്കുന്ന കമ്പാലത്തു നായ്ക്കര്‍ വിഭാഗത്തിനിടയില്‍ ആയിരുന്നു ചിത്രീകരണം അധികവും. അവിടെ വിചിത്രമായ മറ്റൊരു ശൈലികൂടിയുണ്ടെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. പിര്യഡ്‌സ് ആയാല്‍ സ്ത്രീ വീട്ടില്‍ നിന്ന് അകലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരിടത്ത് ഒറ്റയ്ക്ക് താമസിക്കണം. അവിടേക്ക് പ്രത്യേക പാത്രങ്ങളില്‍ ഭക്ഷണം എത്തിച്ചുകൊടുക്കും. ഈ സമയത്ത് വീടുകളില്‍ തടവിലാവുന്ന രീതി എനിക്കറിയാമായിരുന്നു. പക്ഷേ, ഈ അനുഭവം ആദ്യത്തേതായിരുന്നു (ശരിക്കും ചെയ്യേണ്ടത് തിരിച്ചല്ലേ? മാസാമാസം ബ്ലീഡ് ചെയ്യാനറിയാത്ത, കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത പുരുഷന്മാരെയല്ലേ അകറ്റി താമസിപ്പിക്കേണ്ടത്?). ഞാന്‍ ഇടപെടുന്ന സബാള്‍ട്ടേണ്‍ സമൂഹങ്ങളിലെ സ്ത്രീകളിലധികവും നാപ്കിനുകളെക്കുറിച്ച് കേട്ടറിവുപോലും ഇല്ലാത്തവരാണ്. കീറിയ സാരികളും പിന്നിയ പാവാടകളും തന്നെയാണ് അവരുടെ നാപ്കിന്‍. അവരവരുടെ ഉപയോഗം കഴിഞ്ഞാല്‍ കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് ഈ തുണികള്‍ കൈമാറുന്ന രീതിയും ഈ സമൂഹങ്ങളില്‍ പതിവാണ്. നാപ്കിനുകളാണ് കൂടുതല്‍ ആരോഗ്യ സൗഹൃദപരം എന്നു തോന്നാം. എന്നാല്‍ കൂടുതല്‍ പ്രകൃതിസൗഹൃദപരമായത് പരുത്തിത്തുണിയുടെ പുനരുപയോഗമാണെന്ന് എനിക്ക് തോന്നുന്നു. വൃത്തിയായി കഴുകി ഉണക്കിയെടുക്കുന്ന പരുത്തിത്തുണിക്ക് റീ സൈക്ലിംഗ് എന്ന വലിയ പ്രകൃതി- സൗഹാര്‍ദ ഗുണമുണ്ട്. മോഡേണിറ്റിയുടെ പേരില്‍ ഞാനുള്‍പ്പെടെയുള്ള നഗരസ്ത്രീകള്‍ ചെയ്യുന്നതുപോലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാണം മഹാഭൂരിഭാഗം സ്ത്രീകളും നടത്തുന്നില്ല. 2004 ല്‍ തമിഴ്‌നാട്ടിലെ ജനജീവിതം തകര്‍ക്കുന്ന രീതിയില്‍ സുനാമി കയറിയിറങ്ങിയപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഞാനും പങ്കുചേരുകയുണ്ടായി. ബെഡ്ഷീറ്റുകള്‍, സാരികള്‍, ലുങ്കികള്‍, കുട്ടികളുടെ ഉടുപ്പുകള്‍, തലയിണകള്‍ എന്നിങ്ങനെ അഭയാര്‍ഥികളായവര്‍ക്കാവശ്യമായ സകല വസ്ത്രങ്ങളുടെയും സഹായമിരമ്പി. എന്നാല്‍ ഇതുവിതരണം ചെയ്തപ്പോള്‍ സ്ത്രീകള്‍ ഒന്നൊഴിയാതെ ഞങ്ങളോട് ചോദിച്ചത് നിങ്ങള്‍ നാപ്കിന്‍ കൊണ്ടുവന്നോ എന്നാണ്. സ്ത്രീകളുടെ യഥാര്‍ഥ ആവശ്യങ്ങളെ അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ േപാലും മറന്നുപോകുന്നു എന്ന് എന്നെ ഓര്‍മിപ്പിച്ച അപൂര്‍വസന്ദര്‍ഭം കൂടിയായിരുന്നു അത്. തേവതൈകള്‍ എന്ന ഡോക്യുമെന്ററി ഫിലിമിന്റെ ചിത്രീകരണത്തിനിടയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഓര്‍മിക്കാവുന്ന ഒരു സംഭവമുണ്ടായി. സീതുരക്കു എന്നൊരു കഥാപാത്രമുണ്ട് ഈ സിനിമയില്‍. കടലില്‍ പോയി മീന്‍പിടിക്കുന്ന ഒരു സ്ത്രീ. മത്സ്യത്തൊഴിലാളിസ്ത്രീകള്‍ പൊതുവെ മീന്‍വില്‍പ്പനക്കാരികള്‍ മാത്രമാണ്. കാരണം കടലിലേക്കുള്ള പോക്ക് സ്ത്രീക്ക് നിഷിദ്ധമാണ്. അവള്‍ തൂമൈകൊണ്ട് അശുദ്ധയായവളാണ് എന്ന ഒറ്റക്കാരണത്താല്‍. എന്നാല്‍ എന്റെ സിനിമയിലെ സീതുരക്കു എല്ലാ ദിവസവും കടലില്‍ മീന്‍പിടിക്കാന്‍ പോകും. അവള്‍ ഇതിനു പറയുന്ന കാരണം ഇങ്ങനെയാണ് : ഞാന്‍ ആരാധിക്കുന്ന ദേവത അവളോട് ഒരിക്കലും പറഞ്ഞിട്ടില്ല, നീ മലിനയാണെന്ന്. പിന്നെ ബാക്കിയുള്ളവരെ എന്തിന് പേടിക്കണം? ആര്‍ത്തവകാലത്തും അവള്‍ മീന്‍പിടിക്കാന്‍ പോവുന്നു. വല ഉപയോഗിക്കുന്നു. അവള്‍ പിടിക്കുന്ന മീന്‍ കഴിക്കുന്ന ആരും ഇതുവരെ മരിച്ചുപോയിട്ടുമില്ല. കവിതയിലെ തൂമൈ പലര്‍ക്കും തെറിയാണ് തൂമൈ എന്ന പദം. ആര്‍ത്തവകാല കവിതകള്‍ എഴുതണം എന്ന ആശയം എന്നില്‍ വന്നപ്പോള്‍ ഞാനതിനെ തൂമൈ കവിതകള്‍ എന്നു വിളിച്ചു. തമിഴ്‌നാടിന്റെ കടല്‍ത്തീരങ്ങളില്‍ ഒരാണിനെ പെണ്ണിന് തെറിപറയാനുള്ള നല്ല വാചകം പോയ് തൂമൈയായ് കുടിക്ക് എന്നാണ്. തൂമൈ വൃത്തികേടാണ്, ഇതുകൊണ്ടാണ് ഇങ്ങനെയൊരു തെറിവാക്ക് ഉണ്ടായതെന്ന് മത്സ്യബന്ധനമേഖലയിലെ സ്ത്രീതൊഴിലാളികള്‍ പറയുന്നു. ഞാന്‍ അവരോട് പറയും അങ്ങനെയല്ല ആ വാക്ക് . എനിക്ക് അത് ലൈംഗിക ആവേശത്തിന്റെ പദമാണ് എന്ന്. എന്റെ പല ആണ്‍സുഹൃത്തുക്കളോടും ഞാന്‍ തൂമൈകാലങ്ങളില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഞാന്‍ അവരോട് പറഞ്ഞു. അവര്‍ നാണിച്ച് പ്രതിസന്ധിയിലായി. തമിഴ് നിഘണ്ടുവില്‍ തൂമൈയ്ക്ക് പക്ഷേ, ഇങ്ങനെയൊരു തെറിയര്‍ഥം ഇല്ല. ഒരു പുരാതന തമിഴ് നിഘണ്ടു തൂയ (പരിശുദ്ധമായത്) മൈ (ദ്രാവകം) എന്നാണ് വിശദീകരിച്ചിരിക്കുന്നത്. പക്ഷേ, പിന്നീടെപ്പോഴോ തൂമൈ, റ്റാബു ആയി. വാക്ക് തെറിവാക്കായി. തമിഴ് സിദ്ധസാഹിത്യത്തില്‍ ഈ വാക്ക് തെറിവാക്കായിത്തന്നെയാണ് കാണുന്നത്. മലകളിലും കാടുകളിലും ഭൗതികജീവിതത്തെ തള്ളിപ്പറഞ്ഞ് കവിതകളിലൂടെ മരുന്നിന്റെ വലിയൊരു ലോകം തന്നെ സൃഷ്ടിച്ച സിദ്ധര്‍, ഇക്കാര്യത്തില്‍ മാത്രം ഇങ്ങനെയൊരു നിലപാടെടുത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. ഈ വാക്കിനെ അതിന്റെ ഇപ്പോഴുള്ള അസഭ്യ വര്‍ഗീകരണത്തില്‍നിന്നും മോചിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ തൂമൈ കവിതകള്‍ എഴുതിയത്. ഞാന്‍ എനിക്കുവേണ്ടി ഒരു കാമുകനെ സൃഷ്ടിച്ചു; പേര് തൂമ. ഞാന്‍ തൂമതിപ്പൂ, തൂമൈ രക്തംകൊണ്ട് ചിത്രം വരച്ച്, തൂമൈ മണമുള്ള ചുവന്ന പലഹാരങ്ങളുണ്ടാക്കുന്ന പലതരം ഇമേജറികള്‍ ഞാന്‍ എന്റെ കവിതകളില്‍ കൊണ്ടുവന്നു. അതില്‍ തൂമയോട് ഞാന്‍ പറയുന്നുണ്ട്: നിന്റെ കാണികളെ ആര്‍ത്തവരക്തത്തില്‍ കുതിര്‍ക്കുക. ഒരു പണ്ടാരത്തെപ്പോലെ. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി സുഗന്ധകാലങ്ങളെ പരിശീലിപ്പിക്കുക. ഒരു സംഗീതജ്ഞനെപ്പോലെ. ഈ മാസവസന്തത്തെ ആഘോഷമാക്കി മാറ്റാന്‍ സഹജീവികളായ എല്ലാ സ്ത്രീകളോടും എന്റെ കവിതയും ഞാനും ആഹ്വാനം ചെയ്യുന്നു. . Why should desire be forbidden for women? EWomen should Occupy desire!
Posted on: Thu, 22 Jan 2015 06:12:17 +0000

Trending Topics



Recently Viewed Topics




© 2015