സമ്പന്നതയുടെ - TopicsExpress



          

സമ്പന്നതയുടെ മറുവാക്കായാണ് ലോക രാജ്യങ്ങൾ ബ്രിട്ടനെ കാണുന്നത്. അടുത്ത കാലത്തായി ഈ നിലയ്ക്ക് അൽപ്പം ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടന്റെ കരുതൽ ധനം ഇന്നും ഊഹിക്കാൻ കഴിയുന്നതിലും വലുതാണ്. ഈ ധനം മുഴുവൻ എവിടെ നിന്ന് വന്നു എന്ന് ഏവർക്കും അറിവുള്ള കാര്യവും ആണ്. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ ലോകത്തെ ധനശേഖരത്തിൽ 23% കൈവശം വച്ചിരുന്നത് ഇന്ത്യയായിരുന്നുവെങ്കിൽ 200 വർഷത്തെ അടിച്ചമർത്തലിന് ശേഷം ബ്രിട്ടൺ മടങ്ങുമ്പോൾ ഇന്ത്യയുടെ ധനവിഹിതം വെറും 4% ആയി കുറയുക ആയിരുന്നു. ഈ തുകയത്രയും ബ്രിട്ടൺ കൊള്ളയടിക്കുക ആയിരുന്നു എന്നാണ് കഴിഞ്ഞ ആഴ്ച ലണ്ടനിൽ നടന്ന ഒരു സംവാദത്തിൽ ഐക്യരാഷ്ട്രസഭാ മുൻ അണ്ടർ സെക്രട്ടറി ജനറലും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വ്യക്തമാക്കിയിരിക്കുന്നത്. നാനൂറു വർഷം മുൻപ് ബ്രിട്ടന്റെ കൈവശം ഉണ്ടായിരുന്നത് 6000 മില്ല്യൻ ഡോളർ ആയിരുന്നെങ്കിൽ ഇന്ത്യയുടെ കൈവശം ഉണ്ടായിരുന്നത് 74,250 മില്യൻ ഡോളർ ആയിരുന്നു. ബ്രിട്ടനെക്കാൾ സാമ്പത്തികമായി പത്തിരട്ടി മുന്നിലായിരുന്നു അന്ന് ഇന്ത്യ എന്ന് ചുരുക്കം. സ്വർണ്ണങ്ങളും രത്‌നങ്ങളും നിറഞ്ഞ ഇന്ത്യയുടെ അക്ഷയ ഖനികൾ മുഴുവൻ വൈദേശിക ആക്രമണത്തിൽ കൊള്ളയടിക്കപ്പെട്ടതോടെയാണ് ഇന്ത്യ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെട്ടത്. രണ്ടു നൂറ്റാണ്ടിലെ കൊളോണിയൽ ഭരണ ശേഷം ബ്രിട്ടന്റെ ആസ്തി ഒരു ലക്ഷം മില്യൻ ഡോളർ ആയി ഉയരുക ആയിരുന്നു. ലോകത്തെ ആകെ ധന വിഹിതത്തിൽ ഒരു ശതമാനം മാത്രം കൈവശം വച്ചിരുന്ന ബ്രിട്ടന്റെ വളർച്ച 9 ശതമാനം ആയി ഉയർന്നു. ഇന്നത്തെ ലോക ക്രമത്തിൽ ഇന്ത്യ ഇവ്വിധം കൊള്ളയടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഏതു സ്ഥാനം വഹിച്ചേനെ എന്ന ചോദ്യമാണ് പ്രസക്തം ആകുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിധ്യത്തിന്റെ 400 വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിലാണ് ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞു കിടന്ന സത്യങ്ങൾ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ തരൂർ തയ്യാറായത്. ജഹാംഗീറിന്റെ കൊട്ടാരത്തിൽ 1614 ൽ കിങ് ജെയിംസ് ഒന്നാമന്റെ ദൂതനായി സർ തോമസ് റോ എത്തിയതിന്റെ വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിൽ ആണ് തരൂർ ബ്രിട്ടന്റെ അധിനിവേശം ഇന്ത്യയെ സാമ്പത്തികമായി എത്രത്തോളം തകർത്തു എന്ന് ചൂണ്ടിക്കാട്ടിയത്. ബ്രിട്ടൺ ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്‌നത്തെ കുറിച്ച് ഏറെ സംവാദങ്ങൾ നടന്നിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ കൊള്ളയടിക്കപ്പെട്ട മുതലിനെ കുറിച്ച് ഇന്നും വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നതിലേക്ക് കൂടി വിരൽ ചൂണ്ടുകയാണ് ശശി തരൂരിന്റെ വാക്കുകൾ. ഇൻഡോ ബ്രിട്ടീഷ് ഹെറിറ്റേജ് മുൻകൈ എടുത്തു ബ്രിട്ടീഷ് സുപ്രീം കോടതി ചേംബറിൽ സംഘടിപ്പിച്ചതാണ് സംവാദം. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ സ്‌കോട്ട്‌ലന്റ് ബ്രിട്ടണിൽ നിന്ന് വിട്ടു പോകാൻ നടത്തിയ ശ്രമത്തെയും പരാമർശിച്ചു. ഇന്ത്യൻ ഭരണം വഴി സമ്പന്നം ആയ സ്‌കോട്ട്‌ലന്റ് സാമ്പത്തിക ക്ഷയം അനുഭവപ്പെട്ടു തുടങ്ങിയതോടെ ആണ് ബ്രിട്ടീഷ് ബന്ധം അവസാനിപ്പിക്കാൻ തയ്യാറായത്. ഒരു കാലം ലോകത്തിന്റെ നല്ല പങ്ക് അടക്കി വാണ ബ്രിട്ടണ് ഇനി ഒരിക്കലും സ്വന്തം രാജ്യ പ്രവിശ്യകളെ പോലും പിടിച്ചു നിർത്താൻ കഴിഞ്ഞേക്കില്ല എന്ന സൂചനയും താക്കീത് രൂപത്തിൽ നൽകിയാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
Posted on: Sat, 27 Sep 2014 05:55:47 +0000

Trending Topics



Recently Viewed Topics




© 2015