നബി ഒരു - TopicsExpress



          

നബി ഒരു അത്ഭുതമാണ്..! മദീനയിലെ ഒരു സായാഹ്നം.. നബിയും സഹചാരികളും പള്ളിയുടെ പരിസരത്തിരുന്നു സംസാരിക്കുകയായിരുന്നു.. അപ്പോഴാണ്‌ അയാള്‍ അങ്ങോട്ട്‌ കടന്നു വന്നത്.. ബലിഷ്ടമായ ശരീരം. പരുഷമായ മുഖം.. വന്ന ഉടനെ അയാള്‍ നബിയോട് പറഞ്ഞു. നബിയേ, എനിക്ക് ഇസ്ലാം സ്വീകരിക്കണം എന്നുണ്ട്. പക്ഷെ എനിക്കൊരു ദുശീലമുണ്ട്. ഇസ്ലാം സ്വീകരിച്ചാലും ആ ദുശീലം മാറ്റാന്‍ കഴിയുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. നബി അതീവ ജിജ്ഞാസയോടെ ചോദിച്ചു: എന്താണത്? നബിയേ, എന്നെപ്പോലെ കായബലമുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല.. അത് തന്നെയാണ് എന്റെ ദുശീലത്തിന്റെ കാരണവും.. എനിക്ക് എന്റെ ശരീരശക്തിയെ നിയന്ത്രിക്കാനാവുന്നില്ല.. അത് കൊണ്ട് തന്നെ എന്നും രാത്രിയായാല്‍ ഞാന്‍ ആടുകളെ മോഷ്ടിച്ച് ചുമന്നു കൊണ്ട് വരാറാണ് പതിവ്.. ചിലപ്പോള്‍ ഒരേസമയം രണ്ടും മൂന്നും ആടുകളെ വരെ ഞാന്‍ ചുമന്നു കൊണ്ട് പോരും.. ആടുകളെ അതിന്റെ ഉടമസ്ഥര്‍ എത്ര സുരക്ഷിതമാക്കി വച്ചാലും ആരും കാണാതെ അവയെ മോഷ്ടിച്ച് കൊണ്ട് പോരാന്‍ എനിക്ക് ഒരു പ്രത്യേകകഴിവ് തന്നെയുണ്ട്‌.. അതെനിക്കിപ്പോള്‍ ഒരു ഹരം കൂടിയായി മാറിയിരിക്കുന്നു.. അതിനാല്‍ തന്നെ ആ ദുശീലം എനിക്ക് നിര്‍ത്താന്‍ കഴിയുന്നില്ല.. ഇസ്ലാം സ്വീകരിച്ചത് കൊണ്ട് മാത്രം ഇത് മാറുമോ നബിയേ? നിരാശയോടെയാണ് അയാള്‍ അത് ചോദിച്ചത്.. പക്ഷെ ഒട്ടും ക്ഷുഭിതനാകാതെ പുഞ്ചിരിക്കുന്ന മുഖത്തോടെ നബി പറഞ്ഞു: സഹോദരാ, നിന്റെ ശരീരശക്തി ദൈവത്തിന്റെ മഹത്തായ അനുഗ്രഹമാണ്.അതിലഭിമാനിക്കുക, ഒട്ടും സങ്കടപ്പെടേണ്ടതില്ല.. നിന്റെ കായികബലത്തെ നീ ഈ മോശം കാര്യത്തിനു ഉപയോഗിക്കാതെ നല്ലതിന് വേണ്ടി ഉപയോഗിച്ചാല്‍ മതി. താങ്കള്‍ക്കറിയാമായിരിക്കുമല്ലോ, നമ്മുടെ നിരവധി സഹോദരന്മാരെ ശത്രുക്കള്‍ തടവിലാക്കിയിട്ടുണ്ട്.. താങ്കള്‍ അവരെ താങ്കളുടെ കഴിവ് ഉപയോഗിച്ച് തേടിപ്പിടിച്ചു മോചിപ്പിച്ചു കൊണ്ടുവരിക. അതിലൂടെ താങ്കള്‍ക്കു താങ്കളുടെ മനസ്സിനെയും ശരീരത്തെയും മെരുക്കിയെടുക്കാം.. ഒപ്പം ഇസ്ലാമിന് വേണ്ടി താങ്കള്‍ക്കു ചെയ്യാവുന്ന അമൂല്യമായ സേവനവുമായി.. അതോടൊപ്പം പരലോകത്ത് ശിക്ഷക്ക് പകരം ദൈവത്തില്‍ നിന്നുള്ള അതിമഹത്തായ പ്രതിഫലം നേടുകയും ചെയ്യാം.. നോക്കൂ നബിയുടെ മനശാസ്ത്രസമീപനം.. ഒരു വലിയ തിന്മയുമായി വന്ന ആ മനുഷ്യനെ നരകത്തിന്റെ അടിത്തട്ടിലേക്ക് പറഞ്ഞയക്കാനോ, ഇസ്ലാം നിനക്ക് പറ്റിയതല്ല എന്ന് പറഞ്ഞു അയാളെ തിരിച്ചയക്കാനോ, അയാളോട് ദേഷ്യപ്പെടാനോ വെറുപ്പ്‌ കാണിക്കാനോ ഒന്നിനും നബി തയ്യാറായില്ല.. പകരം തികച്ചും പുഞ്ചിരിക്കുന്ന മുഖത്തോടെ മനശാസ്ത്രപരമായി അയാളിലെ നെഗറ്റീവിനെ വലിയ ഒരു പോസിറ്റീവ് ആക്കി മാറ്റുകയായിരുന്നു നബി.. ഇന്നത്തെ മതപണ്ടിതര്‍ക്ക് ഇല്ലാതെ പോയതും നബിയുടെ ഈ ഗുണം തന്നെയല്ലേ? ലോകം ഉമ്മികള്‍ എന്ന് വിളിച്ചു പരിഹസിച്ചിരുന്ന നിരക്ഷരരായ ഒരു കൂട്ടം ജനതയെ നബി എങ്ങനെയാണ് ഒരു കാലഘട്ടത്തിന്റെ തന്നെ ശാസ്ത്രത്തിന്റെ പിതാക്കന്മാരാക്കി മാറ്റിയത്? ഒന്ന് പറഞ്ഞു രണ്ടാമത്തേതിനു വാള്‍ എടുക്കുന്ന ജാഹിലിയ്യാകാലത്തെ അറബിമുഷ്കന്മാരെ നബി എങ്ങനെയാണ് ലോകം കണ്ട ഏറ്റവും നീതിമാന്മാരായ ഭരണാധികാരികള്‍ ആക്കി മാറ്റിയത്..? പ്രമുഖ തത്വചിന്തകനും ചരിത്രകാരനുമായ തോമസ്‌ കാര്‍ലൈല്‍ തന്റെ ഹീറോസ് ആന്‍ഡ്‌ ഹീറോ വര്‍ഷിപ്പ് എന്ന പുസ്തകത്തില്‍ ഒരു ചോദ്യം ചോദിക്കുന്നുണ്ട്.. How one man single-handedly, could weld warring tribes and bedouins into a most powerful and civilized nation in less than two decades? ഇതിനെല്ലാം ഉള്ള ഉത്തരം കൂടിയല്ലേ നബിയുടെ സുന്ദരമായ ഈ മനശാസ്ത്രസമീപനം..? നബി ഒരു അത്ഭുതമാണ്.. നബിക്ക് മുമ്പോ ശേഷമോ അങ്ങനെയൊരാള്‍ ഉണ്ടായിട്ടില്ല..!! സല്ലല്ലാഹു അലൈഹിവസല്ലം..
Posted on: Sun, 27 Jul 2014 10:11:47 +0000

Trending Topics



Recently Viewed Topics




© 2015