മലയാളത്തിന്റെ സ്വന്തം - TopicsExpress



          

മലയാളത്തിന്റെ സ്വന്തം ദേശഭക്തി ഗാനം ഇനി ഭാരതത്തിന്‌ സ്വന്തം ഇതുവരെ ഇറങ്ങിയ ദേശഭക്തി ഗാനങ്ങളുടെ നെറുകയിലേക്ക്‌ ഇതാ മലയാളത്തിന്റെ സ്വന്തം ഗാനം. ശ്രേഷ്‌ഠഭാഷ പദവിയിലെത്തിയ മലയാള ഭാഷയുടെ ശ്രേഷ്‌ഠത വെളിവാകുന്ന ഈ ഗാനം ഇനി ഭാരതത്തിന്‌ സ്വന്തം. ഭാഷാഭേദമില്ലാതെ എല്ലാ ഇന്ത്യക്കാരും ഇതേറ്റുപാടുന്നു. തിരുവന്തപുരം ദൂരദര്‍ശന്‍ നിര്‍മ്മിച്ച്‌ എ. അന്‍വര്‍ സംവിധാനം ചെയ്‌ത ദേശഭക്തിഗാനമാണ്‌ ഇത്‌. കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം എല്ലാ ഭാരതീയ ഭാഷകളിലും ദേശഭക്തി ഗാനം ഒരുക്കുകയുണ്ടായി. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ പ്രത്യേക ഉപദേഷ്‌ടാവായ ദൂരദര്‍ശന്‍ അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. മഹേഷ്‌ ജോഷിയുടെ നേതൃത്വത്തില്‍ ലോക പ്രശസ്‌ത സംഗീതജ്ഞരും ഗായകരുമടങ്ങിയ വിദഗ്‌ദ്ധ സംഘമാണ്‌ മലയാളത്തിലെ ദേശഭക്തി ഗാനം ഒന്നാമതായി തെരഞ്ഞെടുത്തത്‌. അങ്ങനെ ഈ ഗാനം സ്വാതന്ത്യ ദിനത്തില്‍ ഇന്ത്യയൊട്ടാകെ ഒരേസമയം സംപ്രേഷണം ചെയ്‌തു. പ്രശസ്‌ത ദേശഭക്തി ഗാനങ്ങളായ മിലേ സുര്‍ മേരേ തുമാരയേയും എ.ആര്‍. റഹ്‌ മാന്റെ വന്ദേ മാതരത്തേയും മലയാളത്തിന്റെ ഈ സ്വന്തം ദേശഭക്തി ഗാനം കടത്തിവെട്ടിയെന്നാണ്‌ ജ്യൂറിയുടെ അഭിപ്രായം. തീം, വിഷ്വല്‍ ബ്യൂട്ടി എന്നിവയ്‌ക്ക്‌ പുറമേ ഉള്ളടക്കത്തിലും അവതരണത്തിലും ഈ ഗാനം മികച്ചതായി. മാത്രമല്ല മുമ്പിറങ്ങിയ ദേശഭക്തി ഗാനങ്ങളില്‍ ദേശീയ പ്രശസ്‌തരായ താരങ്ങളുടെ പ്രശസ്‌തികൂടിയുണ്ടായിരുന്നു. എന്നാല്‍ ഈ ഗാനത്തില്‍ പ്രശസ്‌തരായ ആരും തന്നെ പ്രത്യക്ഷപ്പെടുന്നില്ല. സാങ്കേതിക തികവിലും ചിത്രീകരണത്തിലും ഏറെ പ്രശംസിക്കപ്പെട്ട ഈ ദേശഭക്തി ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ ദേശീയ അവാര്‍ഡ്‌ ജേതാവായ ബിജിബാലാണ്‌. ഗാനരചന നിര്‍വഹിച്ചത്‌ സംസ്ഥാന അവാര്‍ഡ്‌ ജേതാവായ റഫീഖ്‌ അഹമ്മദാണ്‌. മധു ബാലകൃഷ്‌ണനും ദുര്‍ഗ വിശ്വനാഥുമാണ്‌ ഗായകര്‍. പ്രശസ്‌ത തെന്നിന്ത്യന്‍ ക്യാമറാമാനായ അയ്യപ്പനാണ്‌ ദൃശ്യചാരുത തുളുമ്പുന്ന ഈ ഗാനത്തിന്റെ ക്യാമറ. 8 ദേശീയ അവാര്‍ഡും 3 സംസ്ഥാന അവാര്‍ഡും നേടിയിട്ടുള്ള എ. അന്‍വര്‍ തിരുവനന്തപുരം ദൂരദര്‍ശനിലെ സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവാണ്‌. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ആദ്യത്തെ ടെലിവിഷന്‍ പരിപാടി അന്‍വറിന്റേതായിരുന്നു. ജി. ശങ്കരപിള്ളയുടെ ഒരുകൂട്ടം ഉറുമ്പുകള്‍ എന്ന കുട്ടികളുടെ നാടകമായിരുന്നു ദൃശ്യവത്‌കരിച്ചത്‌. ഇതു കൂടാതെ അന്‍വര്‍ സവിധാനം ചെയ്‌ത ഇതെന്റെ മണ്ണ്‌ ഇതെന്റെ താളം (My soil My passion) എന്ന പരിപാടി ഒരേ സമയം 7 സാര്‍ക്ക്‌ രാജ്യങ്ങള്‍ സംപ്രേഷണം ചെയ്‌തിരുന്നു. ഈ സംഗീതാധിഷ്‌ടിത പരിപാടിക്ക്‌ മികച്ച സംവിധായകനും എഡിറ്റര്‍ക്കുമുള്ള ഡിഡി നാഷണല്‍ അവാര്‍ഡും ലഭിച്ചു. കേരളത്തിന്റെ താളം, നൃത്തം, സംഗീതം, കല, ആഘോഷം എന്നിവ 26 മിനിറ്റുള്ള ഒറ്റ ഗാനത്തിലൂടെ 58 ആവിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. വരയാടുകളുടെ ലോകത്തിന്‌ മികച്ച ഡോക്യുമെന്ററി, മികച്ച ശബ്‌ദലേഖകന്‍ എന്നിവയ്‌ക്കുള്ള ദേശീയ അവാര്‍ഡും പ്രതിജ്ഞ എന്ന ടെലിഫിലിമിന്‌ മികച്ച സംവിധായകന്‍, മികച്ച തിരക്കഥ എന്നിവയ്‌ക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. മലയാളത്തനിമയില്‍ സാങ്കേതികത്തികവോടെ ആവിഷ്‌കരിച്ച ആ ദേശഭക്തിഗാനം ഭാരതീയര്‍ ഏറ്റുപാടുകയാണ്‌.
Posted on: Fri, 15 Aug 2014 08:17:14 +0000

Trending Topics



Recently Viewed Topics




© 2015